ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • മതങ്ങൾ എന്തിനാണ്? നല്ല മനുഷ്യനാകാൻ മതം വേണോ?


    ✍🏻ഇസ്ലാമും യുക്തിവാദവും.


    മനുഷ്യരല്ലാത്ത അനേകം കോടി ജീവ ജാലങ്ങള്‍ ഈ ഭൂലോകത്തുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ഒരു പ്രത്യേക മതദര്‍ശനം പിന്‍പറ്റുന്നതായി നമ്മള്‍ കാണുന്നില്ല. പിന്നെ മനുഷ്യര്‍ക്ക് മാത്രം എന്തിനാണീ മതങ്ങള്‍?
    സൃഷ്ടാവായ ദൈവം തമ്പുരാന്‍റെ അസ്തിത്വം നമുക്ക് ബോധ്യപ്പെടാന്‍ തീര്‍ച്ചയായും മതങ്ങളുടെ ആവശ്യം ഇല്ല! നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ഒരായിരം ദൈവിക ദൃഷ്ടാന്തങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നിഷ്പക്ഷമായി ചിന്തിക്കുകയും സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ദൃഷ്ടാന്തങ്ങള്‍ തന്നെ ധാരാളം മതി, ദൈവത്തെ കണ്ടെത്താന്‍.
    എന്നാല്‍ ആ ഏകനായ സൃഷ്ടി കര്‍ത്താവിനെ ആരാധിക്കണം എന്നും അവന്‍റെ ആജ്ഞകളനുസരിച്ചു ഇവിടെ ജീവിക്കണമെന്നും നമ്മള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടതെന്നും എന്തൊക്കെയാണ് ദൈവത്തിന്‍റെ കല്പനകളെന്നും തീര്‍ച്ചയായും മനുഷ്യര്‍ പഠിപ്പിക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടിയാണ് പ്രവാചകന്മാരെയും വേദ ഗ്രന്ഥങ്ങളെയും ദൈവം നമുക്ക് അവതരിപ്പിച്ചു തന്നത്. ദൈവം നമുക്ക് നല്‍കിയ ഈ മാര്‍ഗ ദര്‍ശനത്തെ നമ്മള്‍ വിളിക്കുന്ന ഒരു പേര് മാത്രമത്രേ മതം!
    മനുഷ്യരല്ലാത്ത ജീവികള്‍ക്കൊക്കെ അവയുടെ പ്രകൃതി/സ്വഭാവം അവരുടെ ജനിതക കോഡുകളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ജീവികളൊന്നും തന്നെ ഒരു സ്കൂളിലോ കോളേജിലോ പോകുന്നതായി നമ്മള്‍ കാണുന്നില്ല. അവര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനോ ഏതെങ്കിലും വിഷയത്തില്‍ ഉപദേശം നല്‍കാനോ ആരെയും നമ്മള്‍ കാണുന്നുമില്ല. അവയൊക്കെത്തന്നെ അവയുടെ ജന്മ വാസനകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
    എന്നാല്‍ മനുഷ്യര്‍ അങ്ങനെയല്ല; മറ്റു ജീവികളെ അപേക്ഷിച്ചു വിവേചന ബുദ്ധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ട ഭൂമിയില്‍ കാണാവുന്ന ഏക ജീവിയാണ് മനുഷ്യന്‍. എന്നാല്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി നന്മയെന്ത്, തിന്മയെന്ത് എന്ന് ജന്മനാ അറിയാനുള്ള കഴിവ് മനുഷ്യര്‍ക്കില്ല. അതുകൊണ്ടു തന്നെ തീര്‍ച്ചയായും നന്മതിന്മകള്‍ അവന്‍ പഠിപ്പിക്കപ്പെടണം.
    മനുഷ്യരല്ലാത്ത മറ്റു ജീവികള്‍ക്കിടയിലൊന്നും തന്നെ യാതൊരു വിധ നിയമങ്ങളോ നിയമ പാലകരെയോ കോടതികളോ ഒന്നും നമ്മള്‍ കാണുന്നില്ല. എന്നിട്ടും ഒരു സാമൂഹിക പ്രശ്നവും കൂടാതെ അവയൊക്കെ ശാന്തമായി ജീവിക്കുന്നത് നാം കാണുന്നു.
    എന്നാല്‍ ഈ ലോകത്തു മനുഷ്യന് സ്വസ്ഥമായ ഒരു സാമൂഹിക ജീവിതം നയിക്കണമെങ്കില്‍ തീര്‍ച്ചയായും ചില നിയമങ്ങള്‍ കൂടിയേ തീരൂ. ഓരോരുത്തരും അവരവര്‍ക്കു ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ തുടങ്ങിയാല്‍ ഈ ലോകത്തു ജീവിതം തന്നെ ദുസ്സഹമാകും എന്ന് ചിന്തിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. ചില ആളുകള്‍ക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റാണെന്നു വാദിക്കാം എന്നതത്രേ സത്യം.

    അപ്പോള്‍ പിന്നെ ഈ മാര്‍ഗ ദര്‍ശനവും നിയമങ്ങളും ആര് നല്‍കും? നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം തമ്പുരാന്‍ തന്നെ ആവണം നമുക്കുള്ള നിയമങ്ങളും നല്‍കേണ്ടത് എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ആ സംവിധാനത്തിന് നമ്മള്‍ നല്‍കിയ പേര് മാത്രമാണ് മതങ്ങള്‍.








    No comments:

    Post a Comment