ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • മയ്യിത്ത് പരിപാലനം ഒരു പ്രായോഗിക പരിജ്ഞാനം


     

    ഇസ്ലാമിലെ വിധിയിലുള്ള വിശ്വാസം



    ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ ആറു പ്രമുഖസ്തംഭങ്ങളില്‍ ഒന്നാണ് വിധിവിശ്വാസം. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥകളുമെല്ലാം സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറിക്കൊണ്ട് യാതൊരു വസ്തുവിനും നിലനില്‍ക്കാനാകില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നതെന്ന വിശ്വാസമാണ് ഇസ്‌ലാമിക വിധിവിശ്വാസത്തിന്റെ കാതല്‍.


    മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെല്ലാം ദൈവ വിധിക്കനുസൃതമായാണ് നടക്കുന്നത്. സഹജമായ വാസനകള്‍ക്കനുസരിച്ചാണ് മൃഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കര്‍മങ്ങള്‍ക്ക് ജനിതകമായ ചില നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ ലംഘിക്കാന്‍ മൃഗങ്ങള്‍ക്ക് സാധ്യമല്ല. എന്നാല്‍, മനുഷ്യരുടെ കര്‍മങ്ങളുടെ കാര്യത്തില്‍ ചില സ്വാതന്ത്ര്യങ്ങള്‍ സ്രഷ്ടാവായ ദൈവം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സത്യത്തിന്റെയും നന്മയുടെയും പാത തെരഞ്ഞെടുക്കാന്‍ മനുഷ്യന് കഴിയും. നന്മയുടെ വഴി ഒരാൾ തെരഞ്ഞെടുത്താൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ പ്രതിഫലവും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ). അപ്രകാരം തിന്മയാണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ ശിക്ഷയും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ).


    അസത്യത്തിന്റെയും തിന്മയുടെയും പാത തെരഞ്ഞെടുക്കാനും അവന് കഴിയും. ഇതില്‍ ഏതുവഴി തെരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ചാണ് അവന് മരണാനന്തരജീവിതത്തില്‍ രക്ഷാശിക്ഷകള്‍ ലഭിക്കുന്നത്. ഈ ലോകത്ത് നടക്കുന്ന സകല നന്മതിന്മകളും അല്ലാഹുവിന്റെ വിധിപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസവും വിധിവിശ്വാസത്തിന്റെ ഭാഗമാണ്. സംഭവിക്കുന്ന ഓരോ കാര്യത്തിനു പിന്നിലും, അത് നമുക്ക് ഗുണകരമായാലും ദോഷകരമായാലും, സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനങ്ങളുണ്ട്. തീരുമാനിക്കുന്നത് ദൈവമാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ നന്മതിന്മകളായ ഫലങ്ങള്‍ അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം, നന്മയും തിന്മയും തിരിച്ചറിയാനായി ദൈവം നമുക്ക് വിശേഷബുദ്ധിയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.  അതുകൊണ്ടാണ് വിശേഷ ബുദ്ധിയില്ലാത്തവർക്ക് നിയമങ്ങൾ ബാധകമല്ലാതാകുന്നതും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ശിക്ഷകൾ ലഭിക്കാത്തതും.


    വിധിവിശ്വാസത്തെ നമുക്ക് ഇങ്ങനെ ചുരുക്കിപ്പറയാം:

    സ്രഷ്ടാവായ ദൈവത്തിന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നു. അവന്റെ ഇച്ഛ സര്‍വവ്യാപകമാണ്. അവന്റെ ശക്തി എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. അവന്റെ രക്ഷാകര്‍തൃത്വം പ്രപഞ്ചത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഏതു കാര്യവും സര്‍വജ്ഞനും പ്രതാപിയുമായ അല്ലാഹുവിന്റെ നിര്‍ണയവും ആസൂത്രണവും അനുസരിച്ചു മാത്രമാണ് നടക്കുന്നത്. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല.


    എന്നാൽ നന്മ തിന്മകളെ തെരഞ്ഞെടുക്കാൻ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നൽകിയത് കൊണ്ട് അവന് വന്നു ചേരുന്നത് അവൻ തെരഞ്ഞെടുക്കുന്നതിന്റെ ഫലം മാത്രമാണ്.




    അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തുന്നത് ആരാണ്?




    പരസ്പരം സാഹായിക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ക്ക് കഴിയുക. ഡോക്ടര്‍ മരുന്നുകൊടുക്കുകയോ, സര്‍ജറി നടത്തുകയോ എല്ലാം ചെയ്യുമ്പോൾ ഓരോ കാര്യങ്ങള്‍ക്കും ദൈവം നിശ്ചയിച്ച പരിഹാരമാര്‍ഗങ്ങള്‍ പിന്തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ സര്‍ജറി ചെയ്ത് തുന്നിപ്പിടിപ്പിച്ച വൃക്ക പ്രവര്‍ത്തനക്ഷമമാവണമെങ്കിലും മരുന്നുകൾക്ക് നിശ്ചയികപ്പെട്ട ഫലമുണ്ടാകണമെങ്കിലുമെല്ലാം എല്ലാം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവണം. 


    പ്രകൃതിയിലെ മനുഷ്യരുടെ തെറ്റായ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമെല്ലാം മനുഷ്യരെ രക്ഷപ്പെടുത്തുവാനാവശ്യമായ സംവിധാനങ്ങളെല്ലാം സൃഷ്ടിച്ച അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതെന്ന് മുസ്ലിംകള്‍ കരുതുന്നു.


    ഉദാഹരണത്തിന്, ഒരു നാട്ടിൽ ശക്തമായ പേമാരിയും കൊടുങ്കാറ്റും ഉണ്ടെന്നു കരുതുക. ആ നാട്ടിലുള്ള ആളുകളെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാനോ അപകടത്തിൽ പെട്ടവരെ സഹായിക്കാനോ നമുക്ക് കഴിഞ്ഞേക്കാം. ഇതെല്ലാം സാധ്യമാകുന്നത് ദൈവം പ്രകൃതിയിൽ തന്നെ സംവിധാനിച്ചതോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മനുഷ്യർ വികസിപ്പിച്ചെടുത്തതോ ആയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. എന്നാൽ പേമാരിയോ കൊടുങ്കാറ്റോ ഇല്ലാതാക്കാൻ നമുക്കോ നമ്മുടെ ഭൗതിക സംവിധാനങ്ങൾക്കോ കഴിയില്ല; അതിനു ദൈവം തന്നെ തീരുമാനിക്കണം.


    തീർച്ചയായും അപകടങ്ങളും രോഗങ്ങളുമൊക്കെ നമുക്ക് തരുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹു തന്നെയാണ്. ചിലരെ അപകടങ്ങളിൽ മരിപ്പിക്കുന്നതും മറ്റു ചിലരെ രക്ഷപ്പെടുത്തുന്നതും അല്ലാഹു തന്നെ. ചിലരുടെ ജീവൻ രക്ഷപ്പെടുത്തുന്നെങ്കിലും ധനനഷ്ടം, വിഭവനഷ്ടം തുടങ്ങിയവയെ കൊണ്ട് പരീക്ഷിക്കുന്നു. ഓരോ മനുഷ്യരെയും വിവിധ രീതികളിലാണ് പരീക്ഷിക്കുക എന്ന് കഴിഞ്ഞ പോസ്റ്റുകളിൽ നാം മനസ്സിലാക്കി.


    എന്നാൽ ഈ പരീക്ഷണങ്ങളുടെ പേരിൽ നമുക്ക് ദൈവത്തെ കുറ്റം പറയാൻ അവകാശമില്ല. നമുക്ക് ജീവനും ഈ ഭൗതിക സംവിധാനങ്ങളുമൊക്കെ തന്നത് ആ ദൈവമാണ് എന്നതുതന്നെ ഒന്നാമത്തെ കാരണം. രണ്ടാമതായി, ഒരിക്കൽ എല്ലാവരും മരിക്കുമെന്നും ഇഹലോകത്തിൽ അവസാനിക്കുന്നതല്ല മനുഷ്യന്റെ ജീവിതമെന്നും നമ്മൾ മനസ്സിലാക്കുന്നു. 


    അതുകൊണ്ടു തന്നെ ഈ ഭൗതിക ജീവിതത്തിൽ ദൈവം നമുക്ക് എന്ത് തരുന്നു എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ദൈവം ക്രൂരനാണോ നീതിമാനാണോ എന്ന് വിധി കൽപ്പിക്കാൻ യാതൊരു നിർവാഹവുമില്ല. ദൈവത്തിന്റെ ഓരോ നടപടിയും മനുഷ്യരെ വിവിധ തരത്തിൽ പരീക്ഷിക്കാൻ ഉള്ളതായതുകൊണ്ടും എല്ലാ പരീക്ഷണങ്ങൾക്കുമൊടുവിലും നീതിപൂർവം പ്രതിഫലം നൽകപ്പെടുമെന്നതുകൊണ്ടും പ്രയാസങ്ങളോ പരീക്ഷണങ്ങളോ ഒന്നും പാടില്ല എന്ന് അഭിപ്രായപ്പെടാനും നമുക്ക് തരമില്ല.





    പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെ?

     



    പ്രവാചകർ മുഹമ്മദ് (സ) ഒരിക്കൽ പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അൽഭുതകരം തന്നെ! ഏതു കാര്യവും അവനു ഗുണകരമാണു. സത്യവിശ്വാസിക്കല്ലാതെ അതുണ്ടാവുകയില്ല. അവനു നന്മ (ഗുണം) വല്ലതും കൈവന്നാൽ അവൻ നന്ദിയുള്ളവനായിരിക്കും. അത്‌ അവനു ഗുണമായി. അവനു വിഷമകരമായ വല്ലതും അവനെ ബാധിച്ചാൽ അവൻ ക്ഷമിക്കും, അപ്പോൾ അതും അവനു ഗുണകരമായി” (സ്വഹിഹ്‌ മുസ്ലിം)

    [ക്ഷമിച്ചത്‌ കൊണ്ട്‌ അവന്റെ പാപങ്ങൾ പൊറുക്കുമെന്നു ഹദീസിലുണ്ട്‌ (ബുഖാരി].


    സത്യ വിശ്വാസിയും സത്യ നിഷേധിയും പരീക്ഷണ ഘട്ടങ്ങളിൽ:

    1. സമ്പത്തും ആരോഗ്യവും ഐശ്വര്യവും പ്രതാപവും ഉള്ള അവസ്ഥയിൽ ഒരു വിശ്വസി ചെയ്യുക അല്ലാഹുവിനു നന്ദി പ്രകടിപ്പിക്കുകയും വിനയാന്വിതനാവുകയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുകയുമായിരിക്കും. എന്നാൽ സമ്പത്തുള്ള അവസ്ഥയിൽ സത്യ നിഷേധി ചെയ്യുക അല്ലാഹുവിനെ മറക്കലും, അഹങ്കരിക്കലും, പിശുക്കോ ധൂർത്തോ ആയിരിക്കും.


    2. ദാരിദ്രാവസ്ഥയിലും രോഗാവസ്തയിലും വിശ്വാസി അതു ക്ഷമിക്കുകയും അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ആവശ്യമായ ചികിൽസകൾ ചെയ്യുകയും ചെയ്യും. സത്യനിഷേധിയാകട്ടെ, വിധിയെയും ദൈവത്തെയും ചീത്ത പറയുകയും ചെയ്യും. മുസ്ലിംകളിലും ചിലർ ഈ തരക്കാരുണ്ട്‌. അവരെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്‌.


    ദൈവത്തിൽ ദൃഢ വിശ്വാസമില്ലാത്ത ആളുകളെ കുറിച്ച്‌ ഖുർആൻ പറയുന്നു: “ഒരു വക്കിലിരുന്ന് അല്ലാഹുവെ ആരാധിക്കുന്നവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവനു വല്ല ഗുണവും വരുന്ന പക്ഷം അവൻ സമാധാനമടയും. അവനു വല്ല പരീക്ഷണവും നേരിട്ടാലോ, അവൻ അവന്റെ പാട്ടിലേക്ക്‌ തന്നെ മറിഞ്ഞു കളയുന്നതാണു. ഇഹലോകവും പരലോകവും അവനു നഷ്ടപ്പെട്ടു. അതു തന്നെയാണു വ്യക്തമായ നഷ്ടം” (ഖുർആൻ 22:11)


    അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക; ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    മേൽ പറഞ്ഞതിൽ ഏതു രീതിയിലും മനുഷ്യർ പരീക്ഷിക്കപ്പെടാം. പലതും പലർക്കും അനുഭവങ്ങളാണു. ഇവയെല്ലാം എടുത്തു പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: “അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക്‌ സന്തോഷവാർത്ത അറിയിക്കുക”


    കേവലം ക്ഷമ മാത്രമോ?

    ഇതിനർത്ഥം വെറുതെ ക്ഷമിച്ച്‌ ഇരിക്കുക എന്നല്ല! പരീക്ഷണങ്ങളിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ദൈവം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്:


    1. അല്ലാഹു അനുവദിച്ച എല്ലാ പരിഹാര മാർഗ്ഗങ്ങളും അന്വേഷിക്കണം. അസുഖം വന്നാൽ ചികിത്സിക്കുക, ദരിദ്രരെയും അപകടങ്ങളിൽ പ്രയാസപ്പെടുന്നവരെയും സഹായിക്കണം.


    2. തന്റെ കാര്യങ്ങൾ ഭംഗിയാക്കിത്തരാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുക, മുൻപ്‌ ചെയ്തു പോയ പാപങ്ങൾക്‌ പാപ മോചനം തേടുകയും ചെയ്യുക. സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക.


    ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന ഏതൊരു പ്രയാസത്തിന്റെ കുടെയും (അവൻ ക്ഷമിക്കുകയാണെങ്കിൽ) ഒരു എളുപ്പമുണ്ടാകും എന്ന് അല്ലാഹു പറയുന്നു (ഖുർആൻ 94: 6-8)


    ഈ അധ്യായത്തിൽ വിജയത്തിനുള്ള ഒരു സമവാക്യം ഒളിഞ്ഞു കിടപ്പുണ്ട്‌. അത്‌ അല്ലാഹു അനുവദിച്ച മാർഗ്ഗത്തിൽ നിരന്തരം പരിശ്രമിക്കുകയും അല്ലാഹുവിലേക്ക്‌ ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കുകയും ഒപ്പം ക്ഷമിക്കുകയും ചെയ്യുക. അപ്പോൾ നമുക്കുള്ള പ്രയാസത്തിനെ തുടർന്ന് ഇരട്ടിയിരട്ടിയായി നിനക്ക്‌ ഫലങ്ങൾ ലഭിക്കുമെന്നർത്ഥം.


    നിരാശ സത്യനിഷേധിയുടെ നിലപാട്‌:

    പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അല്ലാഹുവിന്റെ സഹായത്തെ കുറിച്ച്‌ നിരാശപ്പെടുന്നത്‌ വിശ്വാസിയുടെ സ്വഭാവത്തിൽ പെട്ടതല്ല, മറിച്ച്‌ അവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതാണെന്നാണു ഖുർആനിൽ പരാമർശിച്ച പ്രവാചക ചരിത്രങ്ങളിലുടെ കണ്ണോടിച്ചാൽ മനസിലാവുക. ഒരുത്തൻ അല്ലാഹുവിന്റെ സഹായമൊന്നും ഇനി എനിക്ക്‌ കിട്ടാൻ പോകുന്നില്ലെന്നു നിരാശപ്പെട്ടാൽ അവനു അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടു എന്നർത്ഥം. അതു പതുക്കെ അവിശ്വാസത്തിലേക്ക് അവന്റെ മനസ്സിനെ കൊണ്ടെത്തിക്കും.




    എന്തിനാണ് പരീക്ഷണങ്ങൾ? വിശ്വാസികൾക്ക് എന്തുകൊണ്ട് പ്രയാസങ്ങൾ ഉണ്ടാകുന്നു?




    ജീവിതത്തിൽ പലപ്പോഴായി പല പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടാത്ത മനുഷ്യരുണ്ടാവുകയില്ല. ജീവിതം തന്നെ ഒരു പരീക്ഷണമായിട്ടാണു ഖുർആൻ പറയുന്നത്‌: “നിങ്ങളിൽ ആരാണു കൂടുതൽ നന്നായി പ്രവർത്തിക്കുന്നത്‌ എന്നു ‘പരീക്ഷിക്കുവാൻ’ ജീവിതത്തേയും മരണത്തേയും സൃഷ്ടിച്ചവനത്രേ അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ഖുർആൻ 67: 2)


    അല്ലാഹു വീണ്ടും പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്ക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക: ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    ജീവിതത്തിൽ 2 വിധം പരീക്ഷണങ്ങളുണ്ടാവുമെന്നു ഖുർആൻ പറയുന്നു.


    1. സമ്പത്ത്‌, ആരോഗ്യം, ജീവിത സുഖങ്ങൾ എന്നിവ ധാരാളം നൽകപ്പെടും- എന്നിട്ട്‌ അതിൽ മനുഷ്യരുടെ നിലപാട്‌ പരീക്ഷിക്കാൻ.


    2. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, രോഗം, പ്രകൃതി ദുരന്തങ്ങൾ, കുടുംബത്തിലെ മറ്റു കഷ്ടതകൾ തുടങ്ങിയവ- അതിൽ വിശ്വാസി എങ്ങനെ പ്രതികരിക്കുന്നു എന്നു പരീക്ഷിക്കാൻ.


    3. മൂന്നാമത്തെ ഒരിനം അത്‌ മേൽ പറഞ്ഞ രണ്ടും ചേർന്നതാണു. കുറെ കാലം ജീവിത സുഖമുള്ളവർ പിന്നീട്‌ പരീക്ഷണങ്ങളിലേക്ക് തള്ളപ്പെടും. അല്ലെങ്കിൽ കുറെ കാലം ജീവിത പരീക്ഷണങ്ങൾ ഉണ്ടായവർക്ക്‌ പിന്നീട്‌ ജീവിത സുഖങ്ങൾ നൽകപ്പെടും- എന്നിട്ട്‌ അവന്റെ അല്ലാഹുവിനോടുള്ള നിലപാടുകൾ എങ്ങനെയെന്നു പരീക്ഷിക്കാൻ.


    എന്തിനു പരീക്ഷണങ്ങൾ?

    പലപ്പോഴും ഉന്നയിക്കപ്പെടാറുള്ള ഒരു ചോദ്യമാണിത്‌. അല്ലാഹുവിനു ഓരോ മനുഷ്യനെ കുറിചും കൃത്യമായി അറിയാമെന്നിരിക്കെ എന്തിനു ഈ ജീവിത പരീക്ഷണങ്ങൾ? ഇതിനുള്ള ഉത്തരം:


    1. മനുഷ്യർ ഈ ലോകത്ത്‌ തന്നെ യോഗ്യതകൾ നിർണ്ണയിക്കാനായി പല തരം പരീക്ഷകൾ നടത്താറുണ്ട്‌. ഇതു പോലെ ചെറിയ ചെറിയ പരീക്ഷകളടങ്ങുന്ന ഒരു വലിയ പരീക്ഷണമാണു ജീവിതം. അതു അവന്റെ അടിമകളിൽ നിന്നും നല്ലതും കെട്ടതും വേർത്തിരിക്കുവാനുള്ള അല്ലാഹുവിന്റെ ഒരു രീതിയാണു. ആര് പരീക്ഷണങ്ങളോട്‌ നല്ല രീതിയിൽ പ്രതികരിച്ചോ, അവൻ (അല്ലാഹുവിങ്കൽ) വിജയിച്ചു. ആര് അതിനോട്‌ ദൈവവിരുദ്ധമായ രീതിയിൽ പ്രതികരിച്ചോ, അവൻ അല്ലാഹുവിങ്കൾ സ്വയം നഷ്ടപ്പെടുത്തിയവനാകുന്നു.


    2. ഒരു പക്ഷെ നമ്മിൽ പലർക്കും ഞാൻ “തരക്കേടില്ലാത്ത ഒരു വിശ്വാസി” ആണെന്ന ഒരു ‘ഗർവ്വ്‌’ ഉണ്ടെങ്കിൽ – നമ്മുടെ വിശ്വാസത്തിന്റെ അളവു ഇത്തരം പരീക്ഷണങ്ങളിലൂടെ വെളിപ്പെടുത്തും. സാമ്പത്തികമായി ‘ടൈറ്റ്‌’ ആക്കിയാൽ അവൻ അത്രയും കാലം ആരാധിച്ച ദൈവത്തെ തെറി പറഞ്ഞു നിസ്കാര-നോമ്പാദി കർമ്മങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നത്‌ കാണം. അവൻ പറയും: “ഇത്രയും കാലം ഞാൻ വിശ്വസിച്ചാചരിച്ചതിനു എനിക്ക്‌ കിട്ടിയതാണിത്‌. ഇനി ഞാനില്ല”. ഇതിന്റെ ഒരു മറു വശം, ദരിദ്രനോ രോഗിയോ ആയ ഒരാൾക്‌ സാമ്പത്തികമായോ ആരോഗ്യപരമായോ മെച്ചപ്പെട്ടാലും അവൻ അതു വരെ ആരാധിച്ച അല്ലാഹുവിനെ മറക്കും. ഇത്തരത്തിൽ നല്ലതിനെയും ചണ്ടികളെയും അല്ലാഹു ഇഹലോകത്ത്‌ വെച്ച്‌ തന്നെ വേർതിരിക്കുന്നു. 


    ഖുർആൻ പറയുന്നു: “മനുഷ്യനെ അവന്റെ റബ്ബ്‌ ആദരവും അനുഗ്രഹങ്ങളും കൊണ്ട്‌ പരീക്ഷിച്ചാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ ആദരിച്ചിരിക്കുന്നു’ എന്ന്; എന്നാൽ അവൻ (അല്ലാഹു) അവന്റെ ജീവിതം കുടുസ്സാക്കിയാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ നിന്ദിച്ചിരിക്കുന്നു’ എന്ന്” (ഖുർആൻ 89: 15-16)


    അല്ലാഹു ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്ത്‌ നൽകും. അവൻ ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്തിൽ കുറവും വരുത്തും. ഇവിടെ സമ്പത്തുള്ളവൻ അതിനു നന്ദി (അല്ലാഹുവിനോട്‌) കാണിക്കുകയും ഇല്ലാത്തവൻ അതിൽ ക്ഷമിക്കുകയുമാണു വേണ്ടത്‌ എന്നത്രെ ഈ വചനത്തിന്റെ വ്യാഖ്യാനം.




    മൌലിദ്- പ്രമാണവും പാരമ്പര്യവും