ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ശഅ്ബാൻ മാസവും ബറാഅത്ത് രാവും





       അ്ബാന്‍ മാസം 

            തിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും നബി(സ) സുന്നത്ത് നോമ്പനുഷ്ഠിച്ചിട്ടില്ല. 
        ആഇശ (റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു; തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം. അത്‌പോലെ തിരുമേനി നോമ്പ് എടുക്കാറില്ല എന്ന് പറയുവോളം ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍ റമദാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി തിരുമേനി(സ) നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല'' (ബുഖാരി, മുസ്‌ലിം). 
             മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ശഅ്ബാന്‍ മുഴുവനും തിരുമേനി നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം. ഇത്തരം നിരവധി ഹദീസുകളില്‍ നിന്ന് നബി (സ) ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പുകള്‍ എടുത്തിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് മനസ്സിലാക്കാം. ഇതിന്റെ രഹസ്യമെന്തെന്ന് സ്വഹാബി വര്യന്‍ ഉസാമ (റ) തിരുമേനിയോട് അന്വേഷിക്കുകയുണ്ടായി: അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ? തിരുമേനി പറഞ്ഞു: ''റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാര്‍ഥത്തില്‍ ലോക രക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'' (നസാഈ).
             ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ് യുദ്ധം വിലക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധ മാസമായ റമദാനും. അവ രണ്ടിനുമിടയിലുള്ള ശഅ്ബാന്‍ ശ്രദ്ധിക്കപ്പെടാതെ പോവുക സ്വാഭാവികം. എന്നാല്‍ അങ്ങനെ അവഗണിക്കേണ്ട മാസമല്ല അതെന്നും, പ്രത്യുത പരമാവധി സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച് തങ്ങളുടെ കര്‍മരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കേണ്ട മാസമാണ് ശഅ്ബാെനന്നും ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകര്‍മങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്തു നോമ്പുകള്‍ ആണെന്നും പഠിപ്പിക്കുകയാണ് ഇവിടെ തിരുമേനി (സ).
      

    റാഅത്ത് രാവ് 

             ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടോ എന്ന വിഷയത്തില്‍ രണ്ട് ഭിന്ന വീക്ഷണങ്ങളാണ് പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. തല്‍സംബന്ധമായി വന്ന ഹദീസുകളുടെ സ്വീകാര്യതയാണ്  ഈ ഭിന്നതക്ക് ഒരു കാരണം. ഈ വിഷയകമായി വന്നിട്ടുള്ള ഒറ്റ ഹദീസുപോലും സ്വഹീഹായിട്ടില്ല എന്നാണ് ഇമാം ഇബ്‌നുല്‍ ജൗസിയെപ്പോലുള്ള ഇമാമുമാരുടെ അഭിപ്രായം. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാവുന്നതും, പ്രഗല്‍ഭരായ പൗരാണികരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍  അഭിപ്രായപ്പെട്ടതുമെല്ലാം വെച്ച് നോക്കുമ്പോള്‍ ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ട് എന്നാണ് വ്യക്തമാകുന്നത്. ധാരാളം ഹദീസുകള്‍ ഈ വിഷയകമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും അവയില്‍ ബഹുഭൂരിഭാഗവും ദുര്‍ബലങ്ങളോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകളാണ്. കൂട്ടത്തില്‍ സ്വീകാര്യയോഗ്യമെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇപ്രകാരമാണ്: മുആദ് ബ്‌നു ജബല്‍ (റ), നബി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി പറഞ്ഞു: ''ശഅ്ബാന്‍ 15-ാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. എന്നിട്ട് മുശ്‌രിക്കിനും പകയും വിദ്വേഷവുമായി പിണങ്ങി നില്‍ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കും'' (ത്വബറാനി). ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൈഖ് അല്‍ബാനി പറയുന്നു: ഇത് സ്വഹീഹായ ഹദീസാണ്. വ്യത്യസ്ത വഴികളിലൂടെ ഒരു കൂട്ടം സ്വഹാബിമാരില്‍ നിന്ന് തന്നെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. മുആദ് ബ്‌നു ജബല്‍, അബൂ സഅ്‌ലബ, ഇബ്‌നു ഉമര്‍, അബൂമൂസല്‍ അശ്അരി, അബൂഹുറയ്‌റ, അബൂബക്കര്‍, ഔഫു ബിന്‍ മാലിക്, ആഇശ തുടങ്ങിയവരാണവര്‍.
             അദ്ദേഹം തുടരുന്നു: ''ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന്‍  കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. 
             ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി (റ) ഇങ്ങനെ രേഖപ്പെടുത്തുന്നു: 'സ്വലാത്ത് റഗാഇബ് വല്‍ ബറാഅഃ' എന്ന പേരില്‍ ശഅ്ബാന്‍ 15 ന് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം മോശപ്പെട്ടതും ആക്ഷേപാര്‍ഹവുമായ ബിദ്അത്താകുന്നു. തദ്ദ്വിഷയകമായി വന്നിട്ടുള്ള ഹദീസുകളാവട്ടെ കെട്ടിച്ചമക്കപ്പെട്ടവയുമാണ്. അതിനാല്‍ ഒറ്റക്കും കൂട്ടായുമെല്ലാം അത് നിര്‍വഹിക്കുന്നത് വെറുക്കപ്പെട്ടതുമാകുന്നു. ശഅ്ബാന്‍ 15-ാം രാവിലെ നമസ്‌കാരത്തെപ്പറ്റി ഇമാം നവവി വളരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും, ഇമാം ഗസ്സാലിയെ പോലുള്ള മഹാന്മാര്‍ ഇഹ്‌യാഇലും മറ്റും ഉദ്ധരിച്ചത് കണ്ട് വഞ്ചിതരാകേണ്ട എന്നല്ലാമുള്ള ഇമാം നവവിയുടെ പ്രസ്താവന ഉദ്ധരിച്ച ശേഷം ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി തുടരുന്നു:
             ചുരുക്കത്തില്‍ ഈ രാവിന് ശ്രേഷ്ഠതയുണ്ട് എന്നത് തീര്‍ച്ചയാണ്. അതില്‍ പ്രത്യേക മഗ്ഫിറത്തും പ്രാര്‍ഥനക്കുത്തരവും ലഭിക്കുന്നതുമാണ്. അതിനാലാണ് അതില്‍ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ രാത്രിയില്‍ പ്രത്യേക നമസ്‌കാരത്തിന്റെ വിഷയത്തിലാണ് തര്‍ക്കം. അത് മോശപ്പെട്ട, ആക്ഷാപാര്‍ഹമായ ബിദ്അത്താണെന്ന് മനസ്സിലാക്കി അത് ചെയ്യുന്നവന്‍ അതില്‍ നിന്ന് തടയപ്പെടേണ്ടതാണ്. ശാമുകാരായ മക്ഹൂല്‍, ഖാലിദ് ബിന്‍ അദാന്‍ ലുഖ്മാന്‍ തുടങ്ങിയ താബിഉകള്‍ അതിനെ മഹത്വവത്കരിക്കുകയും ആരാധനകള്‍ വഴി സജീവമാക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ശരിയാണ്. അവരില്‍ നിന്നാണ് ജനങ്ങള്‍ ഈ നൂതനാചാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്, അല്ലാതെ സ്വഹീഹായ വല്ല തെളിവിന്റെയും പിന്‍ബലത്തിലല്ല. ഇസ്രാഈലിയ്യാത്തുകളെയാണ് അവരാവിഷയത്തില്‍ ആധാരമാക്കിയിട്ടുള്ളത് എന്നും പറയപ്പെടുന്നു. അക്കാരണത്താലാണ് ഹിജാസ് പണ്ഡിതന്മാരിലധികവും അത്വാഅ്, ഇബ്‌നു അബീ മുലൈക, മദീനയിലെ ഫുഖഹാക്കള്‍ എല്ലാവരും അത് തള്ളിക്കളഞ്ഞത്. ഇമാം ശാഫിഈ, മാലികി മദ്ഹബുകളിലെ പണ്ഡിതന്മാര്‍ എന്നിവരുടെയും അഭിപ്രായം ഇതു തന്നെയാണ്. നബി(സ)യില്‍ നിന്നോ അവിടുത്തെ സ്വഹാബത്തില്‍ നിന്നോ യാതെന്നും ആ വിഷയത്തില്‍ സ്ഥിരപ്പെടാത്ത സ്ഥിതിക്ക് അതെല്ലാം തന്നെ ബിദ്അത്താണെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത് (ഇബ്‌നു ഹജറിന്റെ ഫത്‌വകള്‍, നോമ്പിന്റെ അധ്യായം: 1/75).
       ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ഹജര്‍ ഹൈതമിയുടെ ഫത്‌വയാണ് നാം ഉദ്ധരിച്ചത്. ഇനി സലഫി വീക്ഷണക്കാര്‍ക്ക് അഭിമതനായ  ഇബ്‌നു തൈമിയ്യ പറയുന്നത് കാണുക:
             ശഅ്ബാന്‍ 15-ാം രാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ ചിലര്‍ അതില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശഅ്ബാന്‍ മാസത്തിലെ നോമ്പിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. മദീനക്കാരിലും അല്ലാത്തവരിലും പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമായ മഹാന്‍മാരില്‍ ചിലര്‍ അതിന്റെ ശ്രേഷ്ഠത നിഷേധിക്കുകയും, ശഅ്ബാന്‍ 15-ാം രാവില്‍ കല്‍ബ് ഗോത്രത്തിന്റെ ആട്ടിന്‍പറ്റങ്ങളുടെ രോമത്തിന്റെ എണ്ണത്തിലധികം പേര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും   എന്നതടക്കം ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസുകളും സ്വീകാര്യയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ പക്ഷക്കാരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതര്‍ അതിന് ശ്രേഷ്ഠതയുണ്ടെന്ന വീക്ഷണക്കാരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായവും അത് തന്നെയാണ്. ആ വിഷയകമായി നിരവധി ഹദീസുകളും പൂര്‍വസൂരികളുടെ ചര്യകളുമെല്ലാം വെച്ചുകൊണ്ടാണ് അവരങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ മുസ്‌നദുകളിലും സുനനുകളിലുമെല്ലാം തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലാത്ത പലതും അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും (ഇഖ്തിദാഉസ്സ്വിറാത്തില്‍ മുസ്തഖീം  2/63).
    ചുരുക്കത്തില്‍ ശഅ്ബാനുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ ഗ്രഹിക്കാം.
    1. ശഅ്ബാന്‍ ശ്രേഷ്ഠമായ മാസമാണെന്നതിലോ, തിരുമേനി ആ മാസം വളരെയേറെ ശ്രദ്ധകൊടുക്കുകയും ഏറ്റവുമധികം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നതിലോ തര്‍ക്കമില്ല. 
    2. ഒരു വര്‍ഷത്തെ കര്‍മ്മങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ എന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.
    3. ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഹദീസുകളും പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗവും വ്യക്തമാക്കുന്നത്. മറുവീക്ഷണമുള്ളവരും ഉണ്ട്.
    4. 15-ാം രാവില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ക്കും പരസ്പരം പിണങ്ങി പകയും വിദ്വേഷവുമായി കഴിയുന്നവര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല്‍കുന്നു എന്ന ഹദീസ്  അല്‍ബാനിയും മറ്റു പണ്ഡിതന്മാര്‍രും സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കിയിരിക്കെ അത് പ്രകാരം ബറാഅത്ത് (വിമുക്തി) എന്ന് ആ രാവിനെ വിശേഷിപ്പിക്കുന്നതിന് തെറ്റില്ല.
    5. ആ രാവില്‍ ഈ അനുഗ്രഹം ലഭിക്കാനായി ശിര്‍ക്കുപരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും, പിണക്കവും വിദ്വേഷവുമെല്ലാം അവസാനിപ്പിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഊഷ്മളമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 
    6. പ്രാമാണികരായ ഇമാമുകള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കെ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും  അംഗീകരിക്കുന്നവരെ ആക്ഷേപിക്കാനോ അപഹസിക്കാനോ വകുപ്പില്ല.
    ഈ വിഷയകമായി കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക്, ലത്വാഇഫുല്‍ മആരിഫ് - ഇമാം ഇബ്‌നു റജബ്, അല്‍ ഫത്വാവാ അല്‍ കുബ്‌റാ- ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി,  തുടങ്ങിയവ പരിശോധിക്കാവുന്നതാണ്.

    അ്ബാന്‍ 15-ന് ശേഷം സുന്നത്ത് നോമ്പ് പാടുണ്ടോ?
             അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: '''ശഅ്ബാന്‍ പകുതി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്'' (അബൂ ദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി). 
       ഈ ഹദീസിന്റെ വെളിച്ചത്തില്‍ ശഅ്ബാന്‍ പകുതി കഴിഞ്ഞാല്‍ സുന്നത്തു നോമ്പുകളൊന്നും അനുഷ്ഠിക്കാന്‍ പാടില്ലെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന്  അല്‍ബാനിയുള്‍പ്പെടെ അഭിപ്രായപ്പെട്ടിട്ടുമുണ്ട് (സ്വഹീഹ് അല്‍ ജാമിഅ്).
             എന്നാല്‍, ഇതിന് വിരുദ്ധമായ അര്‍ത്ഥത്തിലുള്ള ഹദീസുകളും കാണാവുന്നതാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്. റസൂല്‍ (സ) പറഞ്ഞു: ''റമദാനിന്റെ തലേന്നോ അതിന്റെ തൊട്ട് രണ്ട് ദിവസം മുമ്പോ നിങ്ങള്‍ നോമ്പെടുക്കരുത്. എന്നാല്‍ നേരത്തെ തന്നെ നോമ്പെടുത്തു വരുന്ന ഒരാള്‍ക്കങ്ങനെ ആകാവുന്നതാണ്.'''ഈ രണ്ട് ഹദീസുകളും പ്രത്യക്ഷത്തില്‍ വിരുദ്ധമായി തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ ഇവിടെ വൈരുധ്യമില്ല. പണ്ഡിതന്മാര്‍ അതിങ്ങനെ വിശദീകരിക്കുന്നു (ബുഖാരി 1914, മുസ്‌ലിം 1651):
             തിങ്കള്‍, വ്യാഴം തുടങ്ങിയ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണല്ലോ. അത് പതിവാക്കിയ ഒരാള്‍ ശഅ്ബാന്‍ പാതി കഴിഞ്ഞാലും  നോമ്പ് എടുക്കുന്നതിന് വിരോധമില്ല. ഇവിടെ ആദ്യമായി ഒരാള്‍ നോമ്പെടുക്കുന്നത് പാതി കഴിഞ്ഞാവുന്നതിനാണ് വിലക്ക്. നേരത്തെ നോമ്പെടുക്കുന്ന പതിവുള്ളവര്‍ക്കിത് ബാധകമല്ല. ഈ കാര്യം ഇമാം നവവി റിയാളുസ്വാലിഹീനില്‍ (412) വ്യക്തമാക്കിയിട്ടുണ്ട്. 
             ഇടക്കിടെ സുന്നത്ത് നോമ്പെടുക്കുന്ന ശീലമുള്ളവര്‍ക്കും, ശഅ്ബാന്‍ തുടക്കം മുതലേ സുന്നത്ത് നോമ്പെടുത്തു തുടങ്ങിയവര്‍ക്കും ഈ വിലക്ക് ബാധകമല്ല എന്ന് ചുരുക്കം. തിരുമേനി ശഅ്ബാന്‍ മിക്ക ദിവസങ്ങളിലും  നോമ്പെടുക്കാറുണ്ടായിരുന്നു എന്ന് ആഇശ (റ) വ്യക്തമാക്കിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. 
             അത് പോലെ നോറ്റുവീട്ടാനുള്ള നോമ്പുകള്‍ ഖദാഅ് വീട്ടുന്നതിനും വിരോധമില്ല. തനിക്ക് നോറ്റു വീട്ടാനുള്ള നോമ്പുകള്‍ കടമായി ഉണ്ടാവാറുണ്ടായിരുന്നു എന്നും അവ താന്‍ ശഅ്ബാനിലാണ് നോറ്റു വീട്ടിയിരുന്നതെന്നും ആഇശ(റ) വ്യക്തമാക്കിയത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (മിശ്കാത്ത് 2030).

             ഭൂരിഭാഗം ഫുഖഹാക്കളും ശഅ്ബാന്‍ 15-ന് ശേഷം നോമ്പെടുക്കുന്നതിന് യാതൊരു വിരോധവുമില്ല എന്ന വീക്ഷണക്കാരാണ്. അത് പാടില്ലെന്ന് കുറിക്കുന്ന ഹദീസുകളെല്ലാം അവര്‍ തിരസ്‌കരിക്കുന്നു. അവയെല്ലാം ദുര്‍ബലമാണെന്നാണ് അവരുടെ വീക്ഷണം. ചുരുക്കത്തില്‍ ശഅ്ബാന്‍ 15 ന് ശേഷം പുതുതായി ഒരു സുന്നതു നോമ്പ് തുടങ്ങാതിരിക്കുക എന്നതാണ് കൂടുതല്‍ പ്രബലമായ വീക്ഷണം. എന്നാല്‍ പതിവായി സുന്നത്തു നോമ്പുകള്‍ ശീലിച്ചവരും നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയുള്ളവരും അത് മാറ്റിവെക്കേണ്ടതുമില്ല, അല്ലാഹു അഅ്‌ലം.


    No comments:

    Post a Comment