ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ബദർ..ത്യാഗോജ്ജ്വല സ്മരണ..

                    

                 ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നായിരുന്നു ബദര്‍ യുദ്ധം നടന്നത്. ഇന്ന് മറ്റൊരു റമദാന്‍ 17 കടന്നുവരുമ്പോള്‍ വിശ്വാസികള്‍ ആവേശത്തോടെ ആ വിജയചരിത്രം ഓര്‍ത്തെടുക്കുന്നു. നോമ്പ് നോറ്റ് വിശന്നൊട്ടിയ വയറുമായി 313 ധീരസേനാനികള്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കൊപ്പം സത്യമതത്തിന്റെ വിജയത്തിന് വേണ്ടി നടത്തിയ പോരാട്ടം ഇസ്ലാമിന്റെ ചരിത്രത്തിലെ എക്കാലവും തിളങ്ങി നില്‍ക്കുന്ന ഒരു അധ്യായമാണ്. ധര്‍മ്മ സമരത്തില്‍ വിജയം സത്യത്തിനൊപ്പം നിന്ന ബദര്‍ യുദ്ധം 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശ്വാസികള്‍ സ്മരിക്കുന്നു. 
    ഒരു പക്ഷത്ത് സത്യത്തിന്റെ പ്രതീകമായ പ്രവാചകന്‍ മുഹമ്മദും(സ്വ) ഏതാനും അനുയായികളും. മറുപക്ഷത്ത് ഇസ്ലാമിന്റെ കൊടിയ ശത്രു അബുജഹലിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന സൈനികര്‍. അവര്‍ക്കൊപ്പം കുതിരപ്പടയുണ്ട്. എല്ലാവിധ ആയുധങ്ങളുമുണ്ട്. 

    മക്കയില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് നബി(സ)യേയും സംഘത്തെയും ആട്ടിയോടിച്ചത് പോരാഞ്ഞ് അബുജഹലും കൂട്ടരും മദീനയിലേക്കും കൈവെക്കാന്‍ തുടങ്ങിയിരുന്നു. ഓരോ കാരണങ്ങളുണ്ടാക്കി മുസ്ലിങ്ങളെ അവര്‍ പ്രകോപിതരാക്കാന്‍ ശ്രമിച്ചു. പക്ഷെ, ക്ഷമയുടെ പര്യായമായ പ്രവാചകന്‍ മുഹമ്മദ് നബി (സ) എല്ലാം സഹിച്ച് നിന്ന് അനുയായികളെ നിയന്ത്രിച്ചു. എന്നിട്ടും വിട്ടില്ല. ഇതിനിടയില്‍ ശത്രുപക്ഷം കുറെ കിംവദന്തികളും പടച്ചുവിട്ടു. കച്ചവടം ചെയ്തുവരുന്ന അബുസുഫിയാനെ മുഹമ്മദും കൂട്ടരും അക്രമിക്കാന്‍ വരുന്നുവെന്നായിരുന്നു പടച്ചുവിട്ട കള്ളക്കഥകളിലൊന്ന്. ഈ പ്രചരണം പ്രവാചക ശത്രുക്കളായ ഖുറൈശികള്‍ക്കിടയില്‍ പരന്നു. പിന്നെയും കള്ളക്കഥകളെന്തൊക്കെയോ പ്രചരിക്കപ്പെട്ടു. ഇത് കേട്ടതോടെ അബുജഹലും കൂട്ടരും പടക്കിറങ്ങി. എന്നാല്‍ പ്രവാചകന്റെയും കൂട്ടരുടെയും ഭാഗത്ത് നിന്ന് യാതൊരു വിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ കുഴപ്പമൊന്നുമില്ലാതെ മക്കയില്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയാണെന്നും അബു സൂഫിയാന്‍ അബുജഹലിന് സന്ദേശമയച്ചു. 

    ഇതറിഞ്ഞതോടെ, ഇനിയെന്തിനാണ് നാം വെറുതെ ഒരു ഏറ്റുമുട്ടലിന് ഇറങ്ങുന്നതെന്ന് ചിലരെങ്കിലും ചോദിച്ചു. എന്നാല്‍ പ്രവാചകന്‍ മുഹമ്മദിന്റെ(സ്വ)  തകര്‍ച്ച മാത്രം സ്വപ്‌നം കണ്ടിരുന്ന അബുജഹല്‍ പിന്മാറിയില്ല. അവൻ പറഞ്ഞു: 'നിങ്ങള്‍ ഭീരുക്കളാണ്. മുഹമ്മദിനെയും സംഘത്തെയും നശിപ്പിക്കാന്‍ നമുക്ക് ലഭിച്ച നല്ലൊരു അവസരമാണിത്. നമ്മുടെ പക്ഷത്ത് യഥേഷ്ടം സൈനികരുണ്ട്. അവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഈ അവസരം ഒട്ടും പാഴാക്കരുത്. എല്ലാവരും എന്റെ കൂടെ വരൂ...' 
    അബുജഹലും കൂട്ടരും മദീന ലക്ഷ്യമാക്കി നടന്നു. ഇതറിഞ്ഞ് പ്രവാചകരും അനുചരന്മാരും ബദര്‍ താഴ്‌വരയിലെത്തി. അക്രമത്തിന് കോപ്പുകൂട്ടി അബുജഹലും സംഘവും ഒരുങ്ങിയിരിക്കുകയാണെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ) അബൂബക്കര്‍ സിദ്ദിഖി(റ)നെയും ഉമറി(റ)നെയും വിളിച്ച് അഭിപ്രായമാരാഞ്ഞു. അല്ലാഹുവിന്റെ റസൂല്‍ എന്ത് പറഞ്ഞാലും അനുസരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇസ്ലാമിന്റെ ആ നെടും തൂണുകള്‍ ഉറപ്പ് നല്‍കി. റസൂല്‍(സ) മദീന നിവാസികളായ അന്‍സാറുകളെയും വിളിച്ചു. ഒരു യുദ്ധം അവര്‍ക്കു കൂടി സ്വീകാര്യമാണോ എന്ന് മനസ്സിലാക്കണം. അന്‍സാറുകളുടെ തലവനായ സഅദ്ബിനു മുആദ്(റ) മുന്നോട്ടുവന്ന് പറഞ്ഞു: 'സ്‌നേഹക്കടലായ പൊന്നുറസൂലെ, അങ്ങ് കടലിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ പോലും ഞങ്ങള്‍ തയ്യാറാണ്. റസൂല്‍(സ) എന്ത് കല്‍പ്പിച്ചാലും അത് അനുസരിക്കാന്‍ ഞങ്ങള്‍ കാതു കൂര്‍പ്പിച്ചിരിക്കുകയാണ്'. ഈ വാക്കുകള്‍ പ്രവാചകനില്‍ വല്ലാത്ത സന്തോഷമുണ്ടാക്കി.
    ഒടുവില്‍ യുദ്ധദിനമെത്തി. 

    ബദറില്‍ വെള്ളം കിട്ടാവുന്ന സ്ഥലങ്ങളെല്ലാം അബൂജഹല്‍ കയ്യടക്കി. എന്നാല്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് അല്ലാഹു മഴ വര്‍ഷിപ്പിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട് ഒരു കുതിരയില്‍ കയറി അസ്‌വദ് എത്തുകയായിരുന്നു. അവന്‍റെ ഓരോ വാക്കിലും അഹങ്കാരം നിറഞ്ഞിരുന്നു. മഹാനവര്‍കളായ ഹംസ (റ) നേരെയാണ് അസ്‌വദ് ചാടിയത്. ശക്തമായ പോരാട്ടം. ഹംസ (റ) ഖണ്ഡഗമൊന്ന് ചുഴറ്റി. വെട്ടുകൊണ്ടത് അസ്‌വദിന്റെ കാല്‍മുട്ടിലായിരുന്നു. വീണ്ടും എണീക്കുന്നതിന് മുമ്പ് ഒറ്റവെട്ട്. ആ അഹങ്കാരി മരിച്ചുവീണു. അബൂജഹലും സൈന്യവും ഞെട്ടി. വെല്ലുവിളിച്ച് ഇറങ്ങിവന്നത് ഉത്ത്ബത്ത, ശൈബത്ത്, വലീദ് എന്നിവരായിരുന്നു. 
    'ഞങ്ങളോട് എതിരിടാന്‍ ചുണയുള്ളവര്‍ മുന്നോട്ട് വരണം'  അവര്‍ വീമ്പിളക്കി. 
    അതാ നബിതങ്ങളുടെ അനുമതിയോടെ ഈ മൂന്ന് മല്ലന്മാരെ എതിരിടാന്‍ പോര്‍കളത്തില്‍ ഇറങ്ങിയത് അന്‍സാരികളായ അബ്ദുല്ലാഇബ്‌നു റവാഹ്, മുഅവ്വദ്ബ്‌നു ഹാരിസ്, ഔഫ്ബ്‌നു ഹാരിസ് (റ) എന്നിവരായിരുന്നു. ഇവരുടെ മുന്നേറ്റം കണ്ട ഖുറൈശികള്‍ പകച്ചു. 'നോക്കു നിങ്ങള്‍ മദീനക്കാരാണ്. നിങ്ങളോട് ഞങ്ങള്‍ക്ക് ശത്രുതിയില്ല. മക്കക്കാരെയാണ് ഞങ്ങള്‍ക്ക് ആവശ്യം. അവരാണ് ഞങ്ങളുടെ ബദ്ധ ശത്രുക്കള്‍. ഹംസയേയാണ് ഞങ്ങള്‍ക്ക് വേണ്ടത്. എവിടെയാണ് ഒളിച്ചിരിക്കുന്നത്'. ഖുറൈശികള്‍ വിളിച്ചുപറഞ്ഞു. 

    ഇവരുടെ വീരവാദം കേട്ട നബിതങ്ങള്‍ മൂന്ന് അന്‍സാറുകളേയും മടക്കി വിളിച്ചു. 
    അസ്‌വദുമായുള്ള പോരാട്ടത്തില്‍ അല്‍പം അവശനായിരുന്ന ഹംസ (റ) ശത്രുക്കളുടെ വെല്ലുവിളികള്‍ കേട്ടു. സിരകളില്‍ ഈമാനികാവേശം തുടിച്ചു. നബി തങ്ങളുടെ അനുമതി വാങ്ങി.
    പ്രിയപ്പെട്ട കൂട്ടുകാരായ അലിയ്യുബ്‌നു അബീത്വാലിബ്,  ഉബൈദ (റ) എന്നിവരെ വിളിച്ച് ഹംസ പോര്‍ക്കളത്തില്‍ ഇറങ്ങി. 'നബിയേയും പ്രസ്ഥാനത്തേയും നശിപ്പിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്. ഇവിടെ സത്യപ്രസ്ഥാനം വളര്‍ന്നു പന്തലിക്കും'- ഹംസ (റ) പറഞ്ഞതോടെ ഉത്ത്ബത്തിനും കൂട്ടര്‍ക്കും കോപം ഇരട്ടിക്കുകയായിരുന്നു. ഇത് കേട്ടതോടെ സത്യമെന്നും ശാശ്വതമെന്നും കൊട്ടിഘോഷിക്കുന്ന പ്രസ്താനത്തെ ഈ ബദറിന്റെ മണ്ണില്‍ ഞങ്ങള്‍ കുഴിച്ചുമൂടും. ലാത്ത, ഉസ്സ, ഹുബ്‌ല, വദ്ദ്, സവാത്ത് തുടങ്ങിയ ഞങ്ങളുടെ ആയിരമായിരം ദൈവങ്ങള്‍ സഹായത്തിനുണ്ട്. അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞതോടെ ഹംസ (റ) ശൈബത്തിന് നേരേയും ഉബൈദത്ത് (റ), ഉത്ത്ബത്തിന് നേരേയും അലി(റ) വലീദിന് നേരെയും പാഞ്ഞടുത്തു. 
    ഹംസ (റ) പാഞ്ഞടുക്കുന്നത് കണ്ട് ഉത്ത്ബത്ത് വാളുകൊണ്ട് ആഞ്ഞെങ്കിലും ഹംസ (റ) തടുക്കുകയായിരുന്നു. 
    ദീര്‍ഘനേരത്തെ പോരാട്ടത്തിന് ശേഷം ശൈബത്തിനെ ഹംസ (റ) കൊലപ്പെടുത്തി. തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ശത്രുക്കള്‍ക്കേറ്റ രണ്ടാമത്തെ ആഘാതം. അലി (റ) വലീദിന് നേരെ പൊരുതുകയാണ്. ഇതിനിടയില്‍ ചതിപ്രയോഗത്തിലൂടെ വലീദ് പരാജയപ്പെടുത്താനുള്ള നീക്കമറിഞ്ഞ അലി (റ) ഗര്‍ജ്ജിച്ചു. ഒരു നിമിഷം പകച്ച വലീദിന്റെ പിരടി നോക്കി ഒറ്റവെട്ട്. വീണ്ടും തക്ബീര്‍ ധ്വനികള്‍. മറ്റൊരു വശത്ത് ഉബൈദത്തും (റ) ഉത്ത്ബത്തും പോരടിക്കുകയാണ്. രണ്ടുപേരും പരസ്പരം വെട്ടി. ഒരേ സമയത്ത് പടക്കളത്തില്‍വീണു. ഉബൈദത്ത് അവശനാണെന്ന് കണ്ട ഹംസ, അലി (റ) ഓടിച്ചെന്ന് ഉത്ത്ബത്തിന്റെ കഥ കഴിച്ചു. 
    തുടയ്‌ക്കേറ്റ മാരകമായ മുറിവ് ഉബൈദി(റ)നെ തീര്‍ത്തും അവശനാക്കി. ഹംസ, അലി (റ) കൂടി അദ്ദേഹത്തെ ചുമന്നുകൊണ്ട് മുസ്ലിംകളുടെ താവളത്തിലെത്തിച്ചു. 

    മുറിവില്‍ നിന്നും ധാരമുറിയാതെ ചോര ഒലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ത്യം അടുത്തിരിക്കുന്നത് പോലെ തോന്നി. നബി തങ്ങളോട് ചോദിച്ചു. 
    'നബിയെ എനിക്ക് വലിയ മോഹമായിരുന്നു പടര്‍കളത്തില്‍ നിന്ന് ശഹീദാകണമെന്ന്. എനിക്ക് അതിന് സാധിച്ചില്ല. ശഹീദന്മാരുടെ പ്രതിഫലമെങ്കിലും എനിക്ക് ലഭിക്കുമോ? ഇതുകേട്ടതോടെ നബി തങ്ങള്‍ സാന്ത്വനിപ്പിച്ചു. ഉബൈദത്തെ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അടര്‍കളത്തില്‍ നിന്നുണ്ടായ മുറിവ് കാരണം മരിച്ചാല്‍ ശുഹദാക്കളുടെ പ്രതിഫലം ലഭിക്കും. ബദര്‍ യുദ്ധം കഴിഞ്ഞ് സഫ്‌റായില്‍ വെച്ചാണ് ഉബൈദത്ത് ശഹീദാവുന്നത്. ശത്രുപക്ഷത്തെ നാല് ശക്തരായ പോരാളികളെയാണ് മുസ്ലിംപക്ഷം വകവരുത്തിയത്. 
                  വീണ്ടും പോരാട്ടം ചൂടുപിടിച്ചു. 'മുഹമ്മദേ, നിന്റെ നശിച്ച മാര്‍ഗ്ഗത്തില്‍ എന്റെ പ്രിയപ്പെട്ട പിതാവിനെ നീ തളച്ചിട്ടിരിക്കുകയാണോ?' ഇത് കേട്ടതോടെ എല്ലാവരും നോക്കി അബൂബക്കര്‍ സിദ്ദീഖ് (റ)യുടെ മകനായ അബ്ദുല്‍ കഅ്ബായിരുന്നു അത്. തന്റെ മകന്‍ അടര്‍കളത്തില്‍ ഇറങ്ങി വെല്ലുവിളിക്കുന്നത് കണ്ട് അടങ്ങിയിരിക്കാന്‍ സിദ്ദീഖ് (റ)വിന് കഴിഞ്ഞില്ല. മകനോട് എതിരിടാന്‍ വാളെടുത്തപ്പോള്‍ നബിതങ്ങള്‍ വിലക്കുകയായിരുന്നു. 
    'അവന്‍ ഭാവിയില്‍ നമ്മുടെ പക്ഷത്ത് വരും.' നബി തങ്ങള്‍ പറഞ്ഞു. (പിന്നീട് കഅ്ബ് അബ്ദുല്‍റഹ്മാന്‍ എന്ന പേരില്‍ ഇസ്ലാംമതം ആശ്ലേഷിച്ചു).
    യുദ്ധംമുറുകി. മുസ്ലിംകള്‍ ഖുറൈശി പടയാളികള്‍ക്കിടയില്‍ നുഴഞ്ഞുകയറി. അവരെ കുതിരപ്പുറത്ത് നിന്നും ഒട്ടകപുറത്ത് നിന്നും തള്ളിവീഴ്ത്തി. ആയുധങ്ങള്‍ പിടിച്ചുവാങ്ങി. ആവേശത്തോടെ സഹാബികള്‍ മുന്നേറി. 
    എല്ലാ വീര്യവും ചോര്‍ന്ന അബൂജഹലിനെ സഹായിക്കാന്‍ ഇബ്‌ലീസ് വേഷം കെട്ടി എത്തിയപ്പോള്‍ ശത്രുസൈന്യം ആവേശത്തോടെ വീണ്ടും പൊരുതാന്‍ തുടങ്ങി. 


    പിശാച്ചുക്കളുടെവരവ് മനസ്സാലാക്കിയ നബി തങ്ങള്‍ അല്ലാഹുവിനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു. മുസ്ലിംസൈന്യത്തെ സഹായിക്കാന്‍ അല്ലാഹു മലക്കുകളെ ഇറക്കി. ഇത് മുസ്ലിംകള്‍ക്ക് ശക്തിപകര്‍ന്നു. ഹംസ(റ) അടുത്തേക്ക് പാഞ്ഞടുത്ത അബ്ദുല്‍ ഖുബൈസ്, സിബാഅ്, ഇബ്‌നു മുഗീറ എന്നിവരെ നേരിട്ടു. 
    കണ്ണടച്ച് തുറക്കും മുമ്പ് മൂന്നുപേരുടേയും ശിരസ്സുകള്‍ മണ്ണില്‍ പതിച്ചു. ഇതിനിടയില്‍ അലി(റ)യെ 14 പേര്‍ വളഞ്ഞു. അലി(റ) ഗര്‍ജ്ജനം മുഴക്കി നേരിട്ടു. പലരുടേയും തലകള്‍ നിലത്ത് കിടന്ന് പിടഞ്ഞു. സഫ്‌വാനെ (റ) ഒരു കൂട്ടം ശത്രുക്കള്‍ പിടിച്ചുവച്ചിരിക്കുന്നത് കണ്ട് ഹംസ (റ) പാഞ്ഞടുത്ത് മോചിപ്പിച്ചു. ഇതിനിടയില്‍ ഉമൈറിന്റെ (റ) വലതുകരം പോരാട്ടത്തിനിടയില്‍ നഷ്ടമായി. അത് വകവെക്കാതെ പോരാടിയെങ്കിലും ഒടുവില്‍ ആ മഹാന്‍ അടര്‍കളത്തില്‍ ശഹീദാവുകയായിരുന്നു. അമ്മാര്‍ (റ), ദുശ്ശിമാലൈനി (റ) ഇവര്‍ക്ക് ചവളയെന്ന ഒറ്റ ആയുധമാണുണ്ടായത്. കഴിയുന്നത്രെ പോരാടി. അലിയ്യുബ്‌നു ഉമ്മയ്യ, ആമിര്‍, യസീദ്, ഹാരിസ് എന്നീ ഖുറൈശികളെ വീഴ്ത്തി രണ്ടുപേരും ശഹീദായി. ബിലാല്‍ (റ), ഇബ്‌നു മുലൈസിനെ വധിച്ചു. അന്‍സാരി (റ) അബ്ദുല്‍ മസാമീനെയും വധിച്ചു. മിഹ്ജത്ത് (റ) ബദര്‍ കളത്തില്‍ ശഹീദായി. 
                   
    മുസ്ലിംസൈന്യം അല്ലാഹുവിന്റെ മലക്കുകളുടെ സഹായത്തോടെ മുന്നേറുകയും,  അബൂജഹലിനെ സഹായിക്കാനെത്തിയ ഇബ്‌ലീസും അവന്റെ സൈന്യവും ഭീതിയോടെ ഓടുകയും ചെയ്തതോടെ മുസ്ലിംകള്‍ക്ക് മനോവീര്യം വർദ്ധിച്ചു . സ്വഹാബികള്‍ തങ്ങളുടെ ഖണ്ഡഗമുയര്‍ത്തുമ്പോള്‍ ശത്രുക്കള്‍ ശിരസ്സറ്റ് താഴെ വീണത് മലക്കുകളുടെ സഹായത്തോടെയായിരുന്നു. 
    രണ്ടാങ്കണം മുസ്ലിംകളുടെ പിടിയിലമര്‍ന്നുകഴിഞ്ഞിരുന്നു. നബി തങ്ങള്‍ ഒരു പിടിമണ്ണ് വാരി അതില്‍ ഖുര്‍ആന്‍ സൂക്തംഓതി. ശത്രുക്കളുടെ കണ്ണിലേക്ക്... അവരുടെ കണ്ണില്‍പെട്ടതോടെ സഹാബികളോട് മുന്നോട്ട് നീങ്ങാനും ശത്രുക്കളോട് കീഴടങ്ങാനും നബി ആജ്ഞാപിച്ചു. ശത്രുപക്ഷത്തിന്റെ വാളുകളും കുന്തങ്ങളും കുതിരകള്‍ ഒട്ടകങ്ങളും മുസ്ലിംകളുടെ പിടിയിലായി. 
    ഇതിനിടയില്‍ അബൂജഹലിന്റെ അടുക്കല്‍ മുആദ്ബിനു ഉമൈര്‍ (റ) ഓടി അടുത്തു. അവര്‍ ഏറ്റുമുട്ടി. അബൂജഹലിന് ശക്തമായ കുത്തേറ്റു. ബദറില്‍ ഇറങ്ങിയ മീക്കായീല്‍ (അ) മലക്കായിരുന്നു കുത്തേല്‍പ്പിച്ചത്. അബൂജഹല്‍ വീണു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ലോകം മുഴുവനും വെട്ടിപ്പിടിച്ചവെന്ന അഹങ്കാരവുമായി നടന്ന അബൂജഹല്‍ അതാ ബദറിന്റെ വിരിമാറില്‍ കിടക്കുകയാണ്. 

    ഖുറൈശിപട ചിതറിച്ചിതറി യോടി. അബൂജഹലെവിടെ അയാളെ കൊലപ്പെടുത്തിയോ? നബി തങ്ങളുടെ ചോദ്യം കേട്ട മുആദ്ബിനു ഉമൈര്‍ (റ) ആവേശത്തോടെ പറഞ്ഞു. ഞാന്‍ ശരിപ്പെടുത്തി. അയാളുടെ ജഡമെവിടെ. ഇത് കേട്ടതോടെ സഹാബികള്‍ അടര്‍കളത്തിലേക്ക് ഓടി. ശവങ്ങള്‍ കിടക്കുന്നതിനിടയില്‍ തിരഞ്ഞു. അതാ മുറിവേറ്റ് പിടയുന്ന അബൂജഹല്‍ കഥ കഴിഞ്ഞെന്ന് കരുതുന്ന അബൂജഹലിന്റെ ശരീരം ഇബ്‌നു മസ്ഊദ് (റ) മലര്‍ത്തിയിട്ടു. 'എടാ നിന്റെ ഗര്‍വ്വ് ഇനിയും അവസാനിച്ചിട്ടില്ലേ' നെഞ്ചിലിരുന്ന് മസ്ഈദ് ചോദിച്ചു. എന്റെ നെഞ്ചില്‍ കയറി ഇരിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. അബൂജഹലിന്റെ ചോദ്യം കേട്ടതോടെ മസ്ഊദ് പറഞ്ഞു. നീ മരിക്കാന്‍ പോവുകയാണ് ഇനിയെങ്കിലും സത്യം അംഗീകരിച്ചുകൂടെ. എന്നാല്‍ അബൂജഹല്‍ അപ്പോഴും അഹങ്കാരത്തിലായിരുന്നു. 'നീ എന്റെ കഴുത്ത് എന്റെ വാളുകൊണ്ട് തന്നെ മുറിക്കണം, നീട്ടിമുറിക്കണം എന്റെ ശിരസ്സ് കണ്ട് മുഹമ്മദ് പേടിച്ചുവിറക്കണം'. ആ അഹങ്കാരിയുടെ കഴുത്ത് മസ്ഊദ് നീട്ടി മുറിക്കുകയായിരുന്നു. 

                 യുദ്ധം കഴിഞ്ഞ് താവളത്തില്‍ തമ്പടിച്ച നബിതങ്ങളുടെ സ്വഹാബാക്കളും അല്ലാഹുവിനെ സ്തുതിക്കുകയും പുലരുവോളം നിസ്‌കരിക്കുകയും ചെയ്തു. ബദര്‍ യുദ്ധത്തോടെ ഇസ്ലാമിന്റെ ശക്തി ഒന്നുകൂടി വര്‍ദ്ധിച്ചു. തടവുകാരില്‍ നിന്ന് ദ്രവ്യം നല്‍കി മോചിതരായ പലരും പിന്നീട് മദീനയില്‍ എത്തി ഇസ്ലാംമതം വിശ്വസിക്കുകയായിരുന്നു.     ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട് ബദറിലെ തിളക്കമാര്‍ന്ന ആ വിജയം. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും പരാജയപ്പെടുകയില്ല എന്നതാണ് അവയിലൊന്ന്. സത്യത്തിന് വേണ്ടി പൊരുതുകയും സത്യമാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്യുമ്പോഴൊക്കെ ഒരു ദൈവിക ശക്തി കൂട്ടിനെത്തുന്നുവെന്ന പാഠം രണ്ടാമത്തേത്. അങ്ങനെ നിരവധി സന്ദേശങ്ങള്‍ ബദര്‍ നമുക്ക് പകര്‍ന്നുതരുന്നുണ്ട്. ബദറിലെ ധീരസേനാനികള്‍ വിശ്വാസികളുടെ ജീവരക്തമാണ്. വിശ്വാസികള്‍ അവരെ ബദരീങ്ങള്‍ എന്ന് വിളിക്കുന്നു. ഇസ്ലാമിന്റെ വളര്‍ച്ചയില്‍ തന്നെ വലിയ പ്രാധാന്യം നല്‍കിയ ബദര്‍ വിജയം ഓരോ റമദാന്‍ 17നും വന്നെത്തുമ്പോള്‍ ആ ദിനത്തെ ആരും ഓര്‍ക്കാതെ പോകുന്നില്ല. ധര്‍മ്മ യുദ്ധത്തിലെ ആ വിജയ സന്ദേശം 14 നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിശ്വാസികള്‍ക്ക് വല്ലാത്തൊരു ആവേശമാണ്.






    അല്ലാഹു സൂക്ഷിക്കുന്ന രഹസ്യം


    ഇംറാൻ ഹനീഫ പൊഴുതന