ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • പുണ്യ റമളാനെ വരവേൽക്കാം..

        
         ലോക മുസ്ലിംകൾ ഹിജ്‌റ വര്‍ഷം 1440-ലെ റമളാനിന്‍‌റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ശരീരവും മനസും അന്തരീക്ഷവും പുണ്യറമളാനിനെ സ്വീകരിക്കാന്‍ വേണ്ടിയുള്ള ആവേശത്തിമര്‍പ്പിലാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ എന്ന അതിഥിയെ  ആത്മ ഹര്‍ഷത്തോടെയും ചൈതന്യത്തോടെയും വരവേല്‍ക്കാന്‍ സാധിക്കണമെങ്കില്‍ നന്നായി ഒരുങ്ങിയിരിക്കണമല്ലോ.
      നീണ്ട രണ്ടുമാസത്തെ പ്രാര്‍ത്ഥനയോടെയും പ്രതീക്ഷയോടെയും പുണ്യറമളാനിനെ വിശ്വാസികള്‍ നിരന്തരം ക്ഷണിച്ചുവരുത്തുകയാണ്. അപ്പോള്‍ പിന്നെ കുറ്റമറ്റ ആസൂത്രണത്തിൽ  തന്നെയാകണം സ്വീകരണം. മാനസികമായ തീരുമാനങ്ങളാണ് സുപ്രധാനം. ഇത്തവണത്തെ റമളാന്‍ എങ്ങനെയാവണം, എവിടെയാകണം എന്ന് ഓരോ വിശ്വാസിയും നേരത്തെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിര്‍വഹിച്ചും ആള്‍ക്കൂട്ടത്തിനനുസരിച്ച് ആരാധനകളില്‍ പങ്കെടുത്തുമുള്ള വഴിപാട് പരിപാടികള്‍ക്ക് പകരം നേരത്തെ നന്നായി മുന്നൊരുക്കം നടത്തി റമളാനിനെ വരവേല്‍ക്കാന്‍ കഴിഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ മധുരതരമാകും പുണ്യമാസം. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമളാന്‍ ഭാരമായി അനുഭവപ്പെടുന്നത്.
            അധികപേരുടെയും മുന്നൊരുക്കത്തിന്റെ ആകെ പ്രവര്‍ത്തനം അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ എന്ന പള്ളി ഇമാമിന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുക മാത്രമാണ് . തിരുനബി(സ്വ) പ്രാര്‍ത്ഥിച്ചു പഠിപ്പിച്ചുതന്ന ഈ ദുആ അവധാനപൂര്‍വ്വം സ്വന്തമായി നിര്‍വഹിക്കുന്നവര്‍ വിരളമായിരിക്കും. പതിനൊന്ന് മാസം പതിവാക്കിയ ആരാധനകള്‍ പന്ത്രണ്ടാം മാസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചാല്‍ അത് സാധാരണ നിലയില്‍ ശരീരം വഴങ്ങിത്തരില്ല. പതുക്കെപതുക്കെ കൂട്ടിക്കൊണ്ടുവന്നാല്‍ ഏത് ശരീരവും അംഗീകരിക്കുകയും ചെയ്യും. പ്രകൃതി പരമായ പ്രതിഭാസമാണിത്. ഫര്‍ള് മാത്രം കഷ്ടിച്ച് നിസ്‌കരിക്കുന്നവന് ഇരുപത് റക്അത്ത് തറാവീഹ് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഇടക്കിടക്ക് നോമ്പെടുത്ത് ശീലിക്കാത്തവന് ഒരുമാസക്കാലം ഒന്നിച്ച് ഉപവസിക്കുന്നത് പ്രയാസകരമാകും. റജബിലും ശഅ്ബാനിലും സുന്നത്തായ നിസ്‌കാരത്തിലും നോമ്പിലും സജീവമായാല്‍ റമളാന്‍ മുന്നൊരുക്കത്തിന്റെ പ്രാവർത്തിക രൂപമായി. രണ്ട് മാസം മുമ്പ് ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നവന് റമളാനിലെ ദീര്‍ഘമായ ഖുര്‍ആനോത്ത് ഒരിക്കലും ഭാരമാകില്ല.
       മൂന്ന് വിധത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനം നടത്താമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനം, രണ്ട് ശാരീരികമായ ഒരുക്കം, മൂന്ന് കര്‍മപരമായ മുന്നൊരുക്കം.  
     മാനസിക മുന്നൊരുക്കമാണ് പ്രാഥമികമായത്
    റമളാനില്‍ കര്‍മരംഗത്ത് സജീവമാകണമെന്ന് നേരത്തെ തീരുമാനമെടുക്കുകയും അതിനനുസരിച്ച് ജോലിയെയും ജീവിതത്തെയും ക്രമീകരിക്കുകയും വേണം. ദുര്‍ബലമായ അഭിപ്രായങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ശക്തമായ തീരുമാനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. റമളാനില്‍ എന്തൊക്കെ എത്രയൊക്കെ ചെയ്യണമെന്ന് ഉറച്ച നിലപാടിലെത്താന്‍ വിശ്വാസിക്ക് കഴിയുന്നതാണ് മാനസികമായ മുന്നൊരുക്കം. അല്ലാഹു ഖുദ്‌സിയ്യായ ഹദീസില്‍ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാന്‍ കരുതിയാല്‍ തന്നെ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തിക്കഴിഞ്ഞു.
         എത്രതവണ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കണമെന്നും എത്രപേരെ നോമ്പ് തുറപ്പിക്കണമെന്നും ഇഅ്തികാഫ് എങ്ങനെ എവിടെയാകണമെന്നും ജമാഅത്തിന് കൃത്യമായി പോകണമെന്നും എല്ലാം തീരുമാനിക്കുന്നതിനനുസരിച്ചാണ് സാധ്യമാവുക. ഒരു നോമ്പും തറാവീഹും ജമാഅത്തുമൊന്നും ഒഴിഞ്ഞുപോകാതിരിക്കാന്‍ ശ്രമിക്കുമെന്നും ഉറച്ച തീരുമാനമെടുക്കുന്നത് മുന്നൊരുക്കം തന്നെയാണ്. നിശ്ചയം കര്‍മങ്ങളുടെ സ്വീകാര്യത നിയ്യത്തുകളുടെ അടിസ്ഥാനത്തിലാണ് എന്ന തിരുവചനം ശ്രദ്ധേയം.
            കര്‍മങ്ങളുടെ സ്വീകാര്യതക്ക് നിയ്യത്ത് അനിവാര്യമായതുപോലെ അവയുടെ സമ്പൂര്‍ണതക്ക് നിയ്യത്ത് നന്നാക്കല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നല്ല നിയ്യത്തുകളിലൂടെ മാത്രമേ സല്‍കര്‍മങ്ങള്‍ രൂപപ്പെടുകയുള്ളൂ. നിങ്ങളിലാരാണ് നന്നായി കര്‍മം ചെയ്യുന്നവര്‍ എന്ന് നാം ശരിക്കും പരിശോധിക്കുമെന്ന് ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
    കുറ്റകൃത്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയും പാപമോചന പ്രാര്‍ത്ഥനകളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിയും ഖുര്‍ആന്‍ പാരായണവും ഇലാഹീ സ്മരണയും വര്‍ധിപ്പിച്ചും മറ്റും ഹൃദയത്തെ ശുദ്ധിയാക്കാന്‍ സാധിക്കും. അങ്ങനെ സംശുദ്ധമായ ഹൃദയത്തില്‍ നിന്നാണ് ഉറച്ച തീരുമാനങ്ങളുണ്ടാവേണ്ടത്.
         പത്ത് പതിനൊന്നു മാസത്തെ എണ്ണമറ്റ കുറ്റകൃത്യങ്ങളിലൂടെ കറപിടിച്ച മനുഷ്യഹൃദയം നിരന്തരമായ സംസ്‌കരണപ്രക്രിയകളിലൂടെ മാത്രമേ ശുദ്ധിയാവുകയുള്ളൂ. വ്യക്തിയുടെ വളര്‍ച്ചയും വികാസവും ഹൃദയ വിമലീകരണവുമായി ബന്ധപ്പെട്ടതാണ്. നന്മകള്‍ ഉയിരെടുക്കുന്നതും തിന്മകള്‍ വെള്ളവും വളവും സ്വീകരിച്ച് ശക്തിയാര്‍ജിക്കുന്നതും ഹൃദയത്തിലാണ്. വിളക്കുപോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയത്തിലേ നല്ല നിയ്യത്തുകള്‍ ഉണ്ടാവൂ. ഒരുപാടൊരുപാട് നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക് പശ്ചാത്താപത്തിന്റെ നിര്‍മലമായ മനസ്സുണ്ടാകും, തീര്‍ച്ച.
    രണ്ടാമത്തേത്  ശാരീരികമായ മുന്നൊരുക്കമാണ്
    പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണികിടക്കാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനും പാകപ്പെടുത്തേണ്ടതുണ്ട്. പുണ്യ റജബിലും ശഅ്ബാനിലും കുറച്ച് ദിവസം സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം തീര്‍ത്തും പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു. നോമ്പ് കാലം പ്രയാസകരമാകുന്നില്ല. വിശപ്പും ദാഹവും സഹിക്കാനും പട്ടണിപ്പാവങ്ങളുടെ പ്രയാസങ്ങളറിയാനും നോമ്പിന്റെ പരമമായ ലക്ഷ്യം നേടിയെടുക്കാനും സത്യവിശ്വാസിക്ക് സാധ്യമാകുന്നു. ശാരീരിക മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ള സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും റമളാന്‍ നോമ്പനുഷ്ഠിക്കാന്‍ പരിശീലനം നേടുന്നു.
    മലിനമായ മനസ്സിന്റെ സംസ്‌കരണം പോലെ പ്രധാനപ്പെട്ടതാണ് കരിപുരണ്ട് കിടക്കുന്ന ശരീരത്തിന്റെ ശുദ്ധീകരണവും, ബാഹ്യമായ അഴുക്ക് നീക്കിയും മനുഷ്യ ശരീരത്തില്‍നിന്ന് വെട്ടിയും വടിച്ചും ഒഴിവാക്കേണ്ട മുടിയും നഖവും നീക്കിയും വീടും പരിസരവും വൃത്തിയാക്കിയും റമളാനിനെ സ്വീകരിക്കുന്നത് പുണ്യകര്‍മമാണെന്നാണ് പണ്ഡിതാഭിപ്രായം.
    റമളാന്‍ പ്രമാണിച്ച് ‘നനച്ചുകുളി’ എന്ന പേരില്‍, നമ്മള്‍ ഉപയോഗിക്കുന്ന മുഴുവന്‍ വസ്തുക്കളും കഴുകി വൃത്തിയാക്കുന്ന സമ്പ്രദായം പഴയകാലം മുതല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതും ഇന്നും തുടര്‍ന്നു വരുന്നതുമാണ്. റമളാനിനോടടുത്ത സമയത്താണ് നനച്ചുകുളി സംഘടിപ്പിക്കാറുള്ളത്. നോമ്പിന്റെ മുന്നോടിയായി വീടും പള്ളിയും മദ്രസകളുമെല്ലാം ക്ലീന്‍ ചെയ്യുന്നതും പെയിന്റിംഗ് നടത്തുന്നതും സാര്‍വ്വത്രികമാണ്. വിശുദ്ധ റമളാനിനോടുള്ള ആദര സൂചകമായാണ് ഇത്തരം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്.
    മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ്
    ഏതൊരു വിശ്വാസിയും കര്‍മകുശലതയോടെ ആരാധനാ നിരതനാകുന്ന സന്ദര്‍ഭമാണ് റമളാന്‍. നോമ്പും നിസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്‍ക്കാരവും അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങളുടെ പൂക്കാലം. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആശ്വാസകരമാകും. ഇബാദത്തുകളെക്കുറിച്ചുള്ള ശരിയായ പഠനവും പരിശീലനവും ലഭിച്ചതിന് ശേഷമാകുമ്പോള്‍ മധുരതരമായി അനുഭവപ്പെടും.
    റമളാനിലെ ആരാധനകളെക്കുറിച്ചുള്ള വിശദമായ പഠന ക്ലാസ്സുകള്‍ സജീവമായി സംഘടിപ്പിക്കേണ്ടതുണ്ട്. ഓരോ കര്‍മത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും സ്വീകാര്യതയെ സംബന്ധിച്ചുമുള്ള മതകീയ വീക്ഷണങ്ങളും കര്‍മശാസ്ത്രവിധികളും സംശയനിവാരണത്തോടെ നടക്കേണ്ടതുണ്ട്. വര്‍ഷംതോറും നടന്നുവരുന്ന റമളാന്‍ മുന്നൊരുക്കം വഴിപാട് പരിപാടികൊണ്ട് ശരിയായ ഫലംചെയ്യില്ല. ഓരോ പ്രദേശത്തെയും മുഴുവന്‍ വിശ്വാസി – വിശ്വാസിനികളെയെല്ലാം പ്രത്യേകം ക്ഷണിച്ചുവരുത്തി ആകര്‍ഷകമായ വിഷയാവതരണം നടത്തിയാവണം ഇത്.
    പുണ്യമാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും പാപമോചനം നടത്താനും കടങ്ങളും ബാധ്യതകളും വീട്ടിത്തീര്‍ക്കാനും പ്രവാചകര്‍(സ്വ) കല്‍പിക്കുമായിരുന്നു. പിണങ്ങിക്കഴിയുന്നവരെ ഇണക്കാനും കലഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും പരസ്പര വിട്ടുവീഴ്ചയോടെ ജീവിക്കാനും സ്വഹാബികളെ ഉപദേശിക്കുമായിരുന്നു.
    റജബ് മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം മൂന്നാം ഖലീഫ ഉസ്മാന്‍(റ) മദീന മിമ്പറില്‍ ഒരു പ്രഭാഷണം നടത്തി. റമളാനിന് വേണ്ടി ഒരുങ്ങി തയ്യാറാകുന്നതിനെകുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. സകാത്ത് നല്‍കാന്‍ കഴിവുള്ളവര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. സാമ്പത്തിക ശേഷിയുള്ളവര്‍ സകാത്ത് നല്‍കാന്‍ തയ്യാറായപ്പോള്‍ പട്ടിണിപ്പാവങ്ങള്‍ക്ക് റമളാന്‍ ആശ്വാസകരമായി എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അറിയുക, ജനങ്ങളേ ഇത് നിങ്ങളുടെ സകാത്തിന്റെ മാസമാണെന്ന് ഉമര്‍(റ) മിമ്പറില്‍ നിന്ന് വിളിച്ചു പറഞ്ഞത് ശഅ്ബാന്‍ മാസത്തിലായിരുന്നു.
    വിശുദ്ധ റമളാനിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും വിശ്വാസി മനതലങ്ങളില്‍ പതഞ്ഞുപൊങ്ങുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള അവസാന അവസരങ്ങളും ഉപയോഗപ്പെടുത്താന്‍ നമുക്കും തയ്യാറെടുക്കാം. സത്യവിശ്വാസികള്‍ക്ക് അനുഗ്രഹീത റമളാന്‍ ദൈവാരാധനക്കുവേണ്ടി ശക്തി സംഭരിക്കാനുള്ള അനര്‍ഘ അവസരമാണ്. കപട വിശ്വാസികള്‍ക്കാവട്ടെ വിശ്വാസികളുടെ ന്യൂനതകളും പാളിച്ചകളും അന്വേഷിച്ചുനടക്കാനുള്ള കാലവും. അങ്ങനെ സത്യവിശ്വാസിക്ക് ഈ മാസം വലിയ സമ്പാദ്യവും അനുഗ്രഹവുമായിത്തീരുമ്പോള്‍ ദുര്‍വൃത്തന് ശിക്ഷയും ശാപവുമായി ഭവിക്കുന്നു. തിരുനബി(സ്വ)യുടെ ഈ ഹദീസ് ഇമാം അഹ്മദ്(റ) മുസ്‌നദ് 2/524-ലും ഇമാം ബൈഹഖി(റ) ശുഅബുല്‍ ഈമാന്‍ 3607-ാം നമ്പര്‍ ഹദീസായും ഉദ്ധരിച്ചിട്ടുണ്ട്.
    സ്വാഭാവികമായി നാടുകളിൽ നടന്ന് വരുന്ന മുന്നൊരുക്കമാണ്  നമ്മുടെ അടുക്കളയിലെ വിഭവ ശേഖരണം. രണ്ട് മാസം സുഭിക്ഷമായി കഴിക്കാനുള്ള ആഹാരവിഭവങ്ങള്‍ നേരത്തെ ഒരുക്കിവെക്കാന്‍ ഏറെ ശ്രദ്ധിക്കുന്നു. അരിയും, കറിപ്പൊടികളും കൂടുതൽ വാങ്ങുന്നതിനും ശേഖരിക്കുന്നതിനും പരസ്പരം മത്സരിക്കാറുണ്ട് പലരും. ഈ തരത്തിലുള്ള സ്വീകരണവും മുന്നൊരുക്കവും നല്ലതുതന്നെയാണ്. എന്നാൽ മിക്ക സമയവും ഭക്ഷണ പലഹാരങ്ങളിലും ചന്തകളിലും ചെലവഴിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
    അതു പോലെ പ്രധാനമാണ് റമളാൻ സ്പെഷ്യൽ ഷോപ്പിംഗുകൾ. പെരുന്നാളിന്‍റെ തലേന്ന് പോയി വസ്ത്രം എടുത്താലെ ഏറ്റവും ലേറ്റസ്റ്റ് ഫാഷൻ ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞ് പവിത്രമാക്കപ്പെട്ട അവസാന രാവുകളിൽ ഷോപ്പിംഗ് കോംപ്ലക്സുകളിൽ അലഞ്ഞു നടക്കുന്ന പാവും സഹോദരീ സഹോദരന്മാർ. റമളാൻ വരുന്നതിന് മുമ്പോ, അല്ലെങ്കിൽ മാസത്തിന്‍റെ തുടക്കത്തിലോ ഷോപ്പിംഗ് ആസൂത്രണം ചെയ്താൽ പവിത്രമായ "ലൈലത്തുൽ ഖദ്റി" ന്‍റെയും പുണ്യം നഷ്ടപ്പെടാതെ നോക്കാം. 
    ആരാധനകളുടെയും ഖുർആൻ പാരായണത്തിൻറെയും മാസമായ റമളാനിനെ പരമാവധി ഉപയോഗിക്കാൻ ഇതൊരു ഓർമ്മപ്പെടുത്തലായി കാണുമല്ലോ.. ദുആ വസിയ്യത്തോടെ...


    ശഅ്ബാൻ മാസവും ബറാഅത്ത് രാവും





       അ്ബാന്‍ മാസം 

            തിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും നബി(സ) സുന്നത്ത് നോമ്പനുഷ്ഠിച്ചിട്ടില്ല. 
        ആഇശ (റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു; തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം. അത്‌പോലെ തിരുമേനി നോമ്പ് എടുക്കാറില്ല എന്ന് പറയുവോളം ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍ റമദാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി തിരുമേനി(സ) നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല'' (ബുഖാരി, മുസ്‌ലിം). 
             മറ്റു ചില റിപ്പോര്‍ട്ടുകളില്‍ ശഅ്ബാന്‍ മുഴുവനും തിരുമേനി നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം. ഇത്തരം നിരവധി ഹദീസുകളില്‍ നിന്ന് നബി (സ) ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പുകള്‍ എടുത്തിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് മനസ്സിലാക്കാം. ഇതിന്റെ രഹസ്യമെന്തെന്ന് സ്വഹാബി വര്യന്‍ ഉസാമ (റ) തിരുമേനിയോട് അന്വേഷിക്കുകയുണ്ടായി: അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസത്തിലും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ? തിരുമേനി പറഞ്ഞു: ''റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാര്‍ഥത്തില്‍ ലോക രക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'' (നസാഈ).
             ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ് യുദ്ധം വിലക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധ മാസമായ റമദാനും. അവ രണ്ടിനുമിടയിലുള്ള ശഅ്ബാന്‍ ശ്രദ്ധിക്കപ്പെടാതെ പോവുക സ്വാഭാവികം. എന്നാല്‍ അങ്ങനെ അവഗണിക്കേണ്ട മാസമല്ല അതെന്നും, പ്രത്യുത പരമാവധി സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച് തങ്ങളുടെ കര്‍മരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കേണ്ട മാസമാണ് ശഅ്ബാെനന്നും ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകര്‍മങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്തു നോമ്പുകള്‍ ആണെന്നും പഠിപ്പിക്കുകയാണ് ഇവിടെ തിരുമേനി (സ).
      

    റാഅത്ത് രാവ് 

             ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടോ എന്ന വിഷയത്തില്‍ രണ്ട് ഭിന്ന വീക്ഷണങ്ങളാണ് പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. തല്‍സംബന്ധമായി വന്ന ഹദീസുകളുടെ സ്വീകാര്യതയാണ്  ഈ ഭിന്നതക്ക് ഒരു കാരണം. ഈ വിഷയകമായി വന്നിട്ടുള്ള ഒറ്റ ഹദീസുപോലും സ്വഹീഹായിട്ടില്ല എന്നാണ് ഇമാം ഇബ്‌നുല്‍ ജൗസിയെപ്പോലുള്ള ഇമാമുമാരുടെ അഭിപ്രായം. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാവുന്നതും, പ്രഗല്‍ഭരായ പൗരാണികരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍  അഭിപ്രായപ്പെട്ടതുമെല്ലാം വെച്ച് നോക്കുമ്പോള്‍ ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ട് എന്നാണ് വ്യക്തമാകുന്നത്. ധാരാളം ഹദീസുകള്‍ ഈ വിഷയകമായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും അവയില്‍ ബഹുഭൂരിഭാഗവും ദുര്‍ബലങ്ങളോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകളാണ്. കൂട്ടത്തില്‍ സ്വീകാര്യയോഗ്യമെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇപ്രകാരമാണ്: മുആദ് ബ്‌നു ജബല്‍ (റ), നബി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുമേനി പറഞ്ഞു: ''ശഅ്ബാന്‍ 15-ാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. എന്നിട്ട് മുശ്‌രിക്കിനും പകയും വിദ്വേഷവുമായി പിണങ്ങി നില്‍ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തു കൊടുക്കും'' (ത്വബറാനി). ഈ ഹദീസ് ഉദ്ധരിച്ച ശേഷം ശൈഖ് അല്‍ബാനി പറയുന്നു: ഇത് സ്വഹീഹായ ഹദീസാണ്. വ്യത്യസ്ത വഴികളിലൂടെ ഒരു കൂട്ടം സ്വഹാബിമാരില്‍ നിന്ന് തന്നെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോന്നും മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. മുആദ് ബ്‌നു ജബല്‍, അബൂ സഅ്‌ലബ, ഇബ്‌നു ഉമര്‍, അബൂമൂസല്‍ അശ്അരി, അബൂഹുറയ്‌റ, അബൂബക്കര്‍, ഔഫു ബിന്‍ മാലിക്, ആഇശ തുടങ്ങിയവരാണവര്‍.
             അദ്ദേഹം തുടരുന്നു: ''ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയും വ്യത്യസ്തങ്ങളായ നിവേദക പരമ്പരകളെല്ലാം തന്നെ ചേരുമ്പോള്‍ ഈ ഹദീസ് സ്വഹീഹായിത്തീരുന്നതാണ്. ഈ ഹദീസ് പോലെയുള്ള ഒരു ഹദീസ് സ്വഹീഹാകാന്‍  കാര്യമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്തിടത്തോളം ഇതിലും കുറഞ്ഞ എണ്ണം ഉണ്ടായാല്‍ തന്നെ മതിയാകുന്നതാണ്. 
             ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി (റ) ഇങ്ങനെ രേഖപ്പെടുത്തുന്നു: 'സ്വലാത്ത് റഗാഇബ് വല്‍ ബറാഅഃ' എന്ന പേരില്‍ ശഅ്ബാന്‍ 15 ന് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരം മോശപ്പെട്ടതും ആക്ഷേപാര്‍ഹവുമായ ബിദ്അത്താകുന്നു. തദ്ദ്വിഷയകമായി വന്നിട്ടുള്ള ഹദീസുകളാവട്ടെ കെട്ടിച്ചമക്കപ്പെട്ടവയുമാണ്. അതിനാല്‍ ഒറ്റക്കും കൂട്ടായുമെല്ലാം അത് നിര്‍വഹിക്കുന്നത് വെറുക്കപ്പെട്ടതുമാകുന്നു. ശഅ്ബാന്‍ 15-ാം രാവിലെ നമസ്‌കാരത്തെപ്പറ്റി ഇമാം നവവി വളരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും, ഇമാം ഗസ്സാലിയെ പോലുള്ള മഹാന്മാര്‍ ഇഹ്‌യാഇലും മറ്റും ഉദ്ധരിച്ചത് കണ്ട് വഞ്ചിതരാകേണ്ട എന്നല്ലാമുള്ള ഇമാം നവവിയുടെ പ്രസ്താവന ഉദ്ധരിച്ച ശേഷം ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി തുടരുന്നു:
             ചുരുക്കത്തില്‍ ഈ രാവിന് ശ്രേഷ്ഠതയുണ്ട് എന്നത് തീര്‍ച്ചയാണ്. അതില്‍ പ്രത്യേക മഗ്ഫിറത്തും പ്രാര്‍ഥനക്കുത്തരവും ലഭിക്കുന്നതുമാണ്. അതിനാലാണ് അതില്‍ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ രാത്രിയില്‍ പ്രത്യേക നമസ്‌കാരത്തിന്റെ വിഷയത്തിലാണ് തര്‍ക്കം. അത് മോശപ്പെട്ട, ആക്ഷാപാര്‍ഹമായ ബിദ്അത്താണെന്ന് മനസ്സിലാക്കി അത് ചെയ്യുന്നവന്‍ അതില്‍ നിന്ന് തടയപ്പെടേണ്ടതാണ്. ശാമുകാരായ മക്ഹൂല്‍, ഖാലിദ് ബിന്‍ അദാന്‍ ലുഖ്മാന്‍ തുടങ്ങിയ താബിഉകള്‍ അതിനെ മഹത്വവത്കരിക്കുകയും ആരാധനകള്‍ വഴി സജീവമാക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നത് ശരിയാണ്. അവരില്‍ നിന്നാണ് ജനങ്ങള്‍ ഈ നൂതനാചാരങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്, അല്ലാതെ സ്വഹീഹായ വല്ല തെളിവിന്റെയും പിന്‍ബലത്തിലല്ല. ഇസ്രാഈലിയ്യാത്തുകളെയാണ് അവരാവിഷയത്തില്‍ ആധാരമാക്കിയിട്ടുള്ളത് എന്നും പറയപ്പെടുന്നു. അക്കാരണത്താലാണ് ഹിജാസ് പണ്ഡിതന്മാരിലധികവും അത്വാഅ്, ഇബ്‌നു അബീ മുലൈക, മദീനയിലെ ഫുഖഹാക്കള്‍ എല്ലാവരും അത് തള്ളിക്കളഞ്ഞത്. ഇമാം ശാഫിഈ, മാലികി മദ്ഹബുകളിലെ പണ്ഡിതന്മാര്‍ എന്നിവരുടെയും അഭിപ്രായം ഇതു തന്നെയാണ്. നബി(സ)യില്‍ നിന്നോ അവിടുത്തെ സ്വഹാബത്തില്‍ നിന്നോ യാതെന്നും ആ വിഷയത്തില്‍ സ്ഥിരപ്പെടാത്ത സ്ഥിതിക്ക് അതെല്ലാം തന്നെ ബിദ്അത്താണെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത് (ഇബ്‌നു ഹജറിന്റെ ഫത്‌വകള്‍, നോമ്പിന്റെ അധ്യായം: 1/75).
       ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്‌നു ഹജര്‍ ഹൈതമിയുടെ ഫത്‌വയാണ് നാം ഉദ്ധരിച്ചത്. ഇനി സലഫി വീക്ഷണക്കാര്‍ക്ക് അഭിമതനായ  ഇബ്‌നു തൈമിയ്യ പറയുന്നത് കാണുക:
             ശഅ്ബാന്‍ 15-ാം രാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ധാരാളം ഹദീസുകളും അസറുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ ചിലര്‍ അതില്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ശഅ്ബാന്‍ മാസത്തിലെ നോമ്പിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. മദീനക്കാരിലും അല്ലാത്തവരിലും പെട്ട മുന്‍ഗാമികളും പിന്‍ഗാമികളുമായ മഹാന്‍മാരില്‍ ചിലര്‍ അതിന്റെ ശ്രേഷ്ഠത നിഷേധിക്കുകയും, ശഅ്ബാന്‍ 15-ാം രാവില്‍ കല്‍ബ് ഗോത്രത്തിന്റെ ആട്ടിന്‍പറ്റങ്ങളുടെ രോമത്തിന്റെ എണ്ണത്തിലധികം പേര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും   എന്നതടക്കം ഈ വിഷയകമായി വന്നിട്ടുള്ള സകല ഹദീസുകളും സ്വീകാര്യയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. പക്ഷേ നമ്മുടെ പക്ഷക്കാരും അല്ലാത്തവരുമായ ഒരുപാട് പണ്ഡിതര്‍ അതിന് ശ്രേഷ്ഠതയുണ്ടെന്ന വീക്ഷണക്കാരാണ്. ഇമാം അഹ്മദിന്റെ അഭിപ്രായവും അത് തന്നെയാണ്. ആ വിഷയകമായി നിരവധി ഹദീസുകളും പൂര്‍വസൂരികളുടെ ചര്യകളുമെല്ലാം വെച്ചുകൊണ്ടാണ് അവരങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ മുസ്‌നദുകളിലും സുനനുകളിലുമെല്ലാം തന്നെ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു, അല്ലാത്ത പലതും അവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും (ഇഖ്തിദാഉസ്സ്വിറാത്തില്‍ മുസ്തഖീം  2/63).
    ചുരുക്കത്തില്‍ ശഅ്ബാനുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ ഗ്രഹിക്കാം.
    1. ശഅ്ബാന്‍ ശ്രേഷ്ഠമായ മാസമാണെന്നതിലോ, തിരുമേനി ആ മാസം വളരെയേറെ ശ്രദ്ധകൊടുക്കുകയും ഏറ്റവുമധികം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു എന്നതിലോ തര്‍ക്കമില്ല. 
    2. ഒരു വര്‍ഷത്തെ കര്‍മ്മങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ് ശഅ്ബാന്‍ എന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്.
    3. ശഅ്ബാന്‍ 15-ാം രാവിന് ശ്രേഷ്ഠതയുണ്ടെന്നാണ് ഹദീസുകളും പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗവും വ്യക്തമാക്കുന്നത്. മറുവീക്ഷണമുള്ളവരും ഉണ്ട്.
    4. 15-ാം രാവില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ക്കും പരസ്പരം പിണങ്ങി പകയും വിദ്വേഷവുമായി കഴിയുന്നവര്‍ക്കും ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം അല്ലാഹു പാപമുക്തി നല്‍കുന്നു എന്ന ഹദീസ്  അല്‍ബാനിയും മറ്റു പണ്ഡിതന്മാര്‍രും സ്വീകാര്യയോഗ്യമാണെന്ന് വ്യക്തമാക്കിയിരിക്കെ അത് പ്രകാരം ബറാഅത്ത് (വിമുക്തി) എന്ന് ആ രാവിനെ വിശേഷിപ്പിക്കുന്നതിന് തെറ്റില്ല.
    5. ആ രാവില്‍ ഈ അനുഗ്രഹം ലഭിക്കാനായി ശിര്‍ക്കുപരമായ കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനും, പിണക്കവും വിദ്വേഷവുമെല്ലാം അവസാനിപ്പിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഊഷ്മളമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 
    6. പ്രാമാണികരായ ഇമാമുകള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കെ ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും  അംഗീകരിക്കുന്നവരെ ആക്ഷേപിക്കാനോ അപഹസിക്കാനോ വകുപ്പില്ല.
    ഈ വിഷയകമായി കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക്, ലത്വാഇഫുല്‍ മആരിഫ് - ഇമാം ഇബ്‌നു റജബ്, അല്‍ ഫത്വാവാ അല്‍ കുബ്‌റാ- ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി,  തുടങ്ങിയവ പരിശോധിക്കാവുന്നതാണ്.

    അ്ബാന്‍ 15-ന് ശേഷം സുന്നത്ത് നോമ്പ് പാടുണ്ടോ?
             അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: '''ശഅ്ബാന്‍ പകുതി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്'' (അബൂ ദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി). 
       ഈ ഹദീസിന്റെ വെളിച്ചത്തില്‍ ശഅ്ബാന്‍ പകുതി കഴിഞ്ഞാല്‍ സുന്നത്തു നോമ്പുകളൊന്നും അനുഷ്ഠിക്കാന്‍ പാടില്ലെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന്  അല്‍ബാനിയുള്‍പ്പെടെ അഭിപ്രായപ്പെട്ടിട്ടുമുണ്ട് (സ്വഹീഹ് അല്‍ ജാമിഅ്).
             എന്നാല്‍, ഇതിന് വിരുദ്ധമായ അര്‍ത്ഥത്തിലുള്ള ഹദീസുകളും കാണാവുന്നതാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്. റസൂല്‍ (സ) പറഞ്ഞു: ''റമദാനിന്റെ തലേന്നോ അതിന്റെ തൊട്ട് രണ്ട് ദിവസം മുമ്പോ നിങ്ങള്‍ നോമ്പെടുക്കരുത്. എന്നാല്‍ നേരത്തെ തന്നെ നോമ്പെടുത്തു വരുന്ന ഒരാള്‍ക്കങ്ങനെ ആകാവുന്നതാണ്.'''ഈ രണ്ട് ഹദീസുകളും പ്രത്യക്ഷത്തില്‍ വിരുദ്ധമായി തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ ഇവിടെ വൈരുധ്യമില്ല. പണ്ഡിതന്മാര്‍ അതിങ്ങനെ വിശദീകരിക്കുന്നു (ബുഖാരി 1914, മുസ്‌ലിം 1651):
             തിങ്കള്‍, വ്യാഴം തുടങ്ങിയ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണല്ലോ. അത് പതിവാക്കിയ ഒരാള്‍ ശഅ്ബാന്‍ പാതി കഴിഞ്ഞാലും  നോമ്പ് എടുക്കുന്നതിന് വിരോധമില്ല. ഇവിടെ ആദ്യമായി ഒരാള്‍ നോമ്പെടുക്കുന്നത് പാതി കഴിഞ്ഞാവുന്നതിനാണ് വിലക്ക്. നേരത്തെ നോമ്പെടുക്കുന്ന പതിവുള്ളവര്‍ക്കിത് ബാധകമല്ല. ഈ കാര്യം ഇമാം നവവി റിയാളുസ്വാലിഹീനില്‍ (412) വ്യക്തമാക്കിയിട്ടുണ്ട്. 
             ഇടക്കിടെ സുന്നത്ത് നോമ്പെടുക്കുന്ന ശീലമുള്ളവര്‍ക്കും, ശഅ്ബാന്‍ തുടക്കം മുതലേ സുന്നത്ത് നോമ്പെടുത്തു തുടങ്ങിയവര്‍ക്കും ഈ വിലക്ക് ബാധകമല്ല എന്ന് ചുരുക്കം. തിരുമേനി ശഅ്ബാന്‍ മിക്ക ദിവസങ്ങളിലും  നോമ്പെടുക്കാറുണ്ടായിരുന്നു എന്ന് ആഇശ (റ) വ്യക്തമാക്കിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. 
             അത് പോലെ നോറ്റുവീട്ടാനുള്ള നോമ്പുകള്‍ ഖദാഅ് വീട്ടുന്നതിനും വിരോധമില്ല. തനിക്ക് നോറ്റു വീട്ടാനുള്ള നോമ്പുകള്‍ കടമായി ഉണ്ടാവാറുണ്ടായിരുന്നു എന്നും അവ താന്‍ ശഅ്ബാനിലാണ് നോറ്റു വീട്ടിയിരുന്നതെന്നും ആഇശ(റ) വ്യക്തമാക്കിയത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (മിശ്കാത്ത് 2030).

             ഭൂരിഭാഗം ഫുഖഹാക്കളും ശഅ്ബാന്‍ 15-ന് ശേഷം നോമ്പെടുക്കുന്നതിന് യാതൊരു വിരോധവുമില്ല എന്ന വീക്ഷണക്കാരാണ്. അത് പാടില്ലെന്ന് കുറിക്കുന്ന ഹദീസുകളെല്ലാം അവര്‍ തിരസ്‌കരിക്കുന്നു. അവയെല്ലാം ദുര്‍ബലമാണെന്നാണ് അവരുടെ വീക്ഷണം. ചുരുക്കത്തില്‍ ശഅ്ബാന്‍ 15 ന് ശേഷം പുതുതായി ഒരു സുന്നതു നോമ്പ് തുടങ്ങാതിരിക്കുക എന്നതാണ് കൂടുതല്‍ പ്രബലമായ വീക്ഷണം. എന്നാല്‍ പതിവായി സുന്നത്തു നോമ്പുകള്‍ ശീലിച്ചവരും നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയുള്ളവരും അത് മാറ്റിവെക്കേണ്ടതുമില്ല, അല്ലാഹു അഅ്‌ലം.