ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ഇസ്ലാമിലെ വിധിയിലുള്ള വിശ്വാസം



    ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ ആറു പ്രമുഖസ്തംഭങ്ങളില്‍ ഒന്നാണ് വിധിവിശ്വാസം. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥകളുമെല്ലാം സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറിക്കൊണ്ട് യാതൊരു വസ്തുവിനും നിലനില്‍ക്കാനാകില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നതെന്ന വിശ്വാസമാണ് ഇസ്‌ലാമിക വിധിവിശ്വാസത്തിന്റെ കാതല്‍.


    മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെല്ലാം ദൈവ വിധിക്കനുസൃതമായാണ് നടക്കുന്നത്. സഹജമായ വാസനകള്‍ക്കനുസരിച്ചാണ് മൃഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കര്‍മങ്ങള്‍ക്ക് ജനിതകമായ ചില നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ ലംഘിക്കാന്‍ മൃഗങ്ങള്‍ക്ക് സാധ്യമല്ല. എന്നാല്‍, മനുഷ്യരുടെ കര്‍മങ്ങളുടെ കാര്യത്തില്‍ ചില സ്വാതന്ത്ര്യങ്ങള്‍ സ്രഷ്ടാവായ ദൈവം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സത്യത്തിന്റെയും നന്മയുടെയും പാത തെരഞ്ഞെടുക്കാന്‍ മനുഷ്യന് കഴിയും. നന്മയുടെ വഴി ഒരാൾ തെരഞ്ഞെടുത്താൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ പ്രതിഫലവും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ). അപ്രകാരം തിന്മയാണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ ശിക്ഷയും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ).


    അസത്യത്തിന്റെയും തിന്മയുടെയും പാത തെരഞ്ഞെടുക്കാനും അവന് കഴിയും. ഇതില്‍ ഏതുവഴി തെരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ചാണ് അവന് മരണാനന്തരജീവിതത്തില്‍ രക്ഷാശിക്ഷകള്‍ ലഭിക്കുന്നത്. ഈ ലോകത്ത് നടക്കുന്ന സകല നന്മതിന്മകളും അല്ലാഹുവിന്റെ വിധിപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസവും വിധിവിശ്വാസത്തിന്റെ ഭാഗമാണ്. സംഭവിക്കുന്ന ഓരോ കാര്യത്തിനു പിന്നിലും, അത് നമുക്ക് ഗുണകരമായാലും ദോഷകരമായാലും, സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനങ്ങളുണ്ട്. തീരുമാനിക്കുന്നത് ദൈവമാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ നന്മതിന്മകളായ ഫലങ്ങള്‍ അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം, നന്മയും തിന്മയും തിരിച്ചറിയാനായി ദൈവം നമുക്ക് വിശേഷബുദ്ധിയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.  അതുകൊണ്ടാണ് വിശേഷ ബുദ്ധിയില്ലാത്തവർക്ക് നിയമങ്ങൾ ബാധകമല്ലാതാകുന്നതും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ശിക്ഷകൾ ലഭിക്കാത്തതും.


    വിധിവിശ്വാസത്തെ നമുക്ക് ഇങ്ങനെ ചുരുക്കിപ്പറയാം:

    സ്രഷ്ടാവായ ദൈവത്തിന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നു. അവന്റെ ഇച്ഛ സര്‍വവ്യാപകമാണ്. അവന്റെ ശക്തി എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. അവന്റെ രക്ഷാകര്‍തൃത്വം പ്രപഞ്ചത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഏതു കാര്യവും സര്‍വജ്ഞനും പ്രതാപിയുമായ അല്ലാഹുവിന്റെ നിര്‍ണയവും ആസൂത്രണവും അനുസരിച്ചു മാത്രമാണ് നടക്കുന്നത്. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല.


    എന്നാൽ നന്മ തിന്മകളെ തെരഞ്ഞെടുക്കാൻ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നൽകിയത് കൊണ്ട് അവന് വന്നു ചേരുന്നത് അവൻ തെരഞ്ഞെടുക്കുന്നതിന്റെ ഫലം മാത്രമാണ്.




    No comments:

    Post a Comment