ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെ?

     



    പ്രവാചകർ മുഹമ്മദ് (സ) ഒരിക്കൽ പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അൽഭുതകരം തന്നെ! ഏതു കാര്യവും അവനു ഗുണകരമാണു. സത്യവിശ്വാസിക്കല്ലാതെ അതുണ്ടാവുകയില്ല. അവനു നന്മ (ഗുണം) വല്ലതും കൈവന്നാൽ അവൻ നന്ദിയുള്ളവനായിരിക്കും. അത്‌ അവനു ഗുണമായി. അവനു വിഷമകരമായ വല്ലതും അവനെ ബാധിച്ചാൽ അവൻ ക്ഷമിക്കും, അപ്പോൾ അതും അവനു ഗുണകരമായി” (സ്വഹിഹ്‌ മുസ്ലിം)

    [ക്ഷമിച്ചത്‌ കൊണ്ട്‌ അവന്റെ പാപങ്ങൾ പൊറുക്കുമെന്നു ഹദീസിലുണ്ട്‌ (ബുഖാരി].


    സത്യ വിശ്വാസിയും സത്യ നിഷേധിയും പരീക്ഷണ ഘട്ടങ്ങളിൽ:

    1. സമ്പത്തും ആരോഗ്യവും ഐശ്വര്യവും പ്രതാപവും ഉള്ള അവസ്ഥയിൽ ഒരു വിശ്വസി ചെയ്യുക അല്ലാഹുവിനു നന്ദി പ്രകടിപ്പിക്കുകയും വിനയാന്വിതനാവുകയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുകയുമായിരിക്കും. എന്നാൽ സമ്പത്തുള്ള അവസ്ഥയിൽ സത്യ നിഷേധി ചെയ്യുക അല്ലാഹുവിനെ മറക്കലും, അഹങ്കരിക്കലും, പിശുക്കോ ധൂർത്തോ ആയിരിക്കും.


    2. ദാരിദ്രാവസ്ഥയിലും രോഗാവസ്തയിലും വിശ്വാസി അതു ക്ഷമിക്കുകയും അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ആവശ്യമായ ചികിൽസകൾ ചെയ്യുകയും ചെയ്യും. സത്യനിഷേധിയാകട്ടെ, വിധിയെയും ദൈവത്തെയും ചീത്ത പറയുകയും ചെയ്യും. മുസ്ലിംകളിലും ചിലർ ഈ തരക്കാരുണ്ട്‌. അവരെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്‌.


    ദൈവത്തിൽ ദൃഢ വിശ്വാസമില്ലാത്ത ആളുകളെ കുറിച്ച്‌ ഖുർആൻ പറയുന്നു: “ഒരു വക്കിലിരുന്ന് അല്ലാഹുവെ ആരാധിക്കുന്നവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവനു വല്ല ഗുണവും വരുന്ന പക്ഷം അവൻ സമാധാനമടയും. അവനു വല്ല പരീക്ഷണവും നേരിട്ടാലോ, അവൻ അവന്റെ പാട്ടിലേക്ക്‌ തന്നെ മറിഞ്ഞു കളയുന്നതാണു. ഇഹലോകവും പരലോകവും അവനു നഷ്ടപ്പെട്ടു. അതു തന്നെയാണു വ്യക്തമായ നഷ്ടം” (ഖുർആൻ 22:11)


    അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക; ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    മേൽ പറഞ്ഞതിൽ ഏതു രീതിയിലും മനുഷ്യർ പരീക്ഷിക്കപ്പെടാം. പലതും പലർക്കും അനുഭവങ്ങളാണു. ഇവയെല്ലാം എടുത്തു പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: “അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക്‌ സന്തോഷവാർത്ത അറിയിക്കുക”


    കേവലം ക്ഷമ മാത്രമോ?

    ഇതിനർത്ഥം വെറുതെ ക്ഷമിച്ച്‌ ഇരിക്കുക എന്നല്ല! പരീക്ഷണങ്ങളിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ദൈവം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്:


    1. അല്ലാഹു അനുവദിച്ച എല്ലാ പരിഹാര മാർഗ്ഗങ്ങളും അന്വേഷിക്കണം. അസുഖം വന്നാൽ ചികിത്സിക്കുക, ദരിദ്രരെയും അപകടങ്ങളിൽ പ്രയാസപ്പെടുന്നവരെയും സഹായിക്കണം.


    2. തന്റെ കാര്യങ്ങൾ ഭംഗിയാക്കിത്തരാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുക, മുൻപ്‌ ചെയ്തു പോയ പാപങ്ങൾക്‌ പാപ മോചനം തേടുകയും ചെയ്യുക. സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക.


    ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന ഏതൊരു പ്രയാസത്തിന്റെ കുടെയും (അവൻ ക്ഷമിക്കുകയാണെങ്കിൽ) ഒരു എളുപ്പമുണ്ടാകും എന്ന് അല്ലാഹു പറയുന്നു (ഖുർആൻ 94: 6-8)


    ഈ അധ്യായത്തിൽ വിജയത്തിനുള്ള ഒരു സമവാക്യം ഒളിഞ്ഞു കിടപ്പുണ്ട്‌. അത്‌ അല്ലാഹു അനുവദിച്ച മാർഗ്ഗത്തിൽ നിരന്തരം പരിശ്രമിക്കുകയും അല്ലാഹുവിലേക്ക്‌ ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കുകയും ഒപ്പം ക്ഷമിക്കുകയും ചെയ്യുക. അപ്പോൾ നമുക്കുള്ള പ്രയാസത്തിനെ തുടർന്ന് ഇരട്ടിയിരട്ടിയായി നിനക്ക്‌ ഫലങ്ങൾ ലഭിക്കുമെന്നർത്ഥം.


    നിരാശ സത്യനിഷേധിയുടെ നിലപാട്‌:

    പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അല്ലാഹുവിന്റെ സഹായത്തെ കുറിച്ച്‌ നിരാശപ്പെടുന്നത്‌ വിശ്വാസിയുടെ സ്വഭാവത്തിൽ പെട്ടതല്ല, മറിച്ച്‌ അവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതാണെന്നാണു ഖുർആനിൽ പരാമർശിച്ച പ്രവാചക ചരിത്രങ്ങളിലുടെ കണ്ണോടിച്ചാൽ മനസിലാവുക. ഒരുത്തൻ അല്ലാഹുവിന്റെ സഹായമൊന്നും ഇനി എനിക്ക്‌ കിട്ടാൻ പോകുന്നില്ലെന്നു നിരാശപ്പെട്ടാൽ അവനു അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടു എന്നർത്ഥം. അതു പതുക്കെ അവിശ്വാസത്തിലേക്ക് അവന്റെ മനസ്സിനെ കൊണ്ടെത്തിക്കും.




    No comments:

    Post a Comment