ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • എന്തിനാണ് പരീക്ഷണങ്ങൾ? വിശ്വാസികൾക്ക് എന്തുകൊണ്ട് പ്രയാസങ്ങൾ ഉണ്ടാകുന്നു?




    ജീവിതത്തിൽ പലപ്പോഴായി പല പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടാത്ത മനുഷ്യരുണ്ടാവുകയില്ല. ജീവിതം തന്നെ ഒരു പരീക്ഷണമായിട്ടാണു ഖുർആൻ പറയുന്നത്‌: “നിങ്ങളിൽ ആരാണു കൂടുതൽ നന്നായി പ്രവർത്തിക്കുന്നത്‌ എന്നു ‘പരീക്ഷിക്കുവാൻ’ ജീവിതത്തേയും മരണത്തേയും സൃഷ്ടിച്ചവനത്രേ അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ഖുർആൻ 67: 2)


    അല്ലാഹു വീണ്ടും പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്ക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക: ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    ജീവിതത്തിൽ 2 വിധം പരീക്ഷണങ്ങളുണ്ടാവുമെന്നു ഖുർആൻ പറയുന്നു.


    1. സമ്പത്ത്‌, ആരോഗ്യം, ജീവിത സുഖങ്ങൾ എന്നിവ ധാരാളം നൽകപ്പെടും- എന്നിട്ട്‌ അതിൽ മനുഷ്യരുടെ നിലപാട്‌ പരീക്ഷിക്കാൻ.


    2. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, രോഗം, പ്രകൃതി ദുരന്തങ്ങൾ, കുടുംബത്തിലെ മറ്റു കഷ്ടതകൾ തുടങ്ങിയവ- അതിൽ വിശ്വാസി എങ്ങനെ പ്രതികരിക്കുന്നു എന്നു പരീക്ഷിക്കാൻ.


    3. മൂന്നാമത്തെ ഒരിനം അത്‌ മേൽ പറഞ്ഞ രണ്ടും ചേർന്നതാണു. കുറെ കാലം ജീവിത സുഖമുള്ളവർ പിന്നീട്‌ പരീക്ഷണങ്ങളിലേക്ക് തള്ളപ്പെടും. അല്ലെങ്കിൽ കുറെ കാലം ജീവിത പരീക്ഷണങ്ങൾ ഉണ്ടായവർക്ക്‌ പിന്നീട്‌ ജീവിത സുഖങ്ങൾ നൽകപ്പെടും- എന്നിട്ട്‌ അവന്റെ അല്ലാഹുവിനോടുള്ള നിലപാടുകൾ എങ്ങനെയെന്നു പരീക്ഷിക്കാൻ.


    എന്തിനു പരീക്ഷണങ്ങൾ?

    പലപ്പോഴും ഉന്നയിക്കപ്പെടാറുള്ള ഒരു ചോദ്യമാണിത്‌. അല്ലാഹുവിനു ഓരോ മനുഷ്യനെ കുറിചും കൃത്യമായി അറിയാമെന്നിരിക്കെ എന്തിനു ഈ ജീവിത പരീക്ഷണങ്ങൾ? ഇതിനുള്ള ഉത്തരം:


    1. മനുഷ്യർ ഈ ലോകത്ത്‌ തന്നെ യോഗ്യതകൾ നിർണ്ണയിക്കാനായി പല തരം പരീക്ഷകൾ നടത്താറുണ്ട്‌. ഇതു പോലെ ചെറിയ ചെറിയ പരീക്ഷകളടങ്ങുന്ന ഒരു വലിയ പരീക്ഷണമാണു ജീവിതം. അതു അവന്റെ അടിമകളിൽ നിന്നും നല്ലതും കെട്ടതും വേർത്തിരിക്കുവാനുള്ള അല്ലാഹുവിന്റെ ഒരു രീതിയാണു. ആര് പരീക്ഷണങ്ങളോട്‌ നല്ല രീതിയിൽ പ്രതികരിച്ചോ, അവൻ (അല്ലാഹുവിങ്കൽ) വിജയിച്ചു. ആര് അതിനോട്‌ ദൈവവിരുദ്ധമായ രീതിയിൽ പ്രതികരിച്ചോ, അവൻ അല്ലാഹുവിങ്കൾ സ്വയം നഷ്ടപ്പെടുത്തിയവനാകുന്നു.


    2. ഒരു പക്ഷെ നമ്മിൽ പലർക്കും ഞാൻ “തരക്കേടില്ലാത്ത ഒരു വിശ്വാസി” ആണെന്ന ഒരു ‘ഗർവ്വ്‌’ ഉണ്ടെങ്കിൽ – നമ്മുടെ വിശ്വാസത്തിന്റെ അളവു ഇത്തരം പരീക്ഷണങ്ങളിലൂടെ വെളിപ്പെടുത്തും. സാമ്പത്തികമായി ‘ടൈറ്റ്‌’ ആക്കിയാൽ അവൻ അത്രയും കാലം ആരാധിച്ച ദൈവത്തെ തെറി പറഞ്ഞു നിസ്കാര-നോമ്പാദി കർമ്മങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നത്‌ കാണം. അവൻ പറയും: “ഇത്രയും കാലം ഞാൻ വിശ്വസിച്ചാചരിച്ചതിനു എനിക്ക്‌ കിട്ടിയതാണിത്‌. ഇനി ഞാനില്ല”. ഇതിന്റെ ഒരു മറു വശം, ദരിദ്രനോ രോഗിയോ ആയ ഒരാൾക്‌ സാമ്പത്തികമായോ ആരോഗ്യപരമായോ മെച്ചപ്പെട്ടാലും അവൻ അതു വരെ ആരാധിച്ച അല്ലാഹുവിനെ മറക്കും. ഇത്തരത്തിൽ നല്ലതിനെയും ചണ്ടികളെയും അല്ലാഹു ഇഹലോകത്ത്‌ വെച്ച്‌ തന്നെ വേർതിരിക്കുന്നു. 


    ഖുർആൻ പറയുന്നു: “മനുഷ്യനെ അവന്റെ റബ്ബ്‌ ആദരവും അനുഗ്രഹങ്ങളും കൊണ്ട്‌ പരീക്ഷിച്ചാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ ആദരിച്ചിരിക്കുന്നു’ എന്ന്; എന്നാൽ അവൻ (അല്ലാഹു) അവന്റെ ജീവിതം കുടുസ്സാക്കിയാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ നിന്ദിച്ചിരിക്കുന്നു’ എന്ന്” (ഖുർആൻ 89: 15-16)


    അല്ലാഹു ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്ത്‌ നൽകും. അവൻ ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്തിൽ കുറവും വരുത്തും. ഇവിടെ സമ്പത്തുള്ളവൻ അതിനു നന്ദി (അല്ലാഹുവിനോട്‌) കാണിക്കുകയും ഇല്ലാത്തവൻ അതിൽ ക്ഷമിക്കുകയുമാണു വേണ്ടത്‌ എന്നത്രെ ഈ വചനത്തിന്റെ വ്യാഖ്യാനം.




    No comments:

    Post a Comment