ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ഇസ്‌ലാമും സ്ത്രീയും യുക്തിവാദികളും

     

       ഇസ്ലാമിലെ സ്ത്രീയുമായി ബന്ധപ്പെട്ട് യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും നിരന്തരമായി മുസ്ലിം സ്ത്രീകളെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ധാരാളമായി കേട്ടിട്ടുള്ളവരാണ് നമ്മള്‍. ജെന്‍ഡര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത്, ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചും ജെന്‍ഡര്‍ ജസ്റ്റിസിനെ കുറിച്ചും പ്രതിക്കൂട്ടിലേക്ക് വലിച്ചിഴക്കപ്പെടുന്നവരാണ് മുസ്ലിം സ്ത്രീകള്‍. ഇസ്ലാമില്‍ സ്ത്രീക്ക് ഒരു അവകാശവും കൊടുത്തിട്ടില്ല, പുരുഷാധിപത്യത്തിന്റെ മതമാണ് ഇസ്ലാം, ഇസ്ലാമിലെ സ്ത്രീ എന്ന് പറയുന്നത് എന്നും അടിച്ചമര്‍ത്തപ്പെട്ടവളാണ് തുടങ്ങിയ ആരോപണങ്ങളാണ് നമ്മള്‍ കേള്‍ക്കാറ്.

     നബി(സ)യെ കുറിച്ച്, തങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്, ഇസ്ലാമിലെ ലിംഗനീതിയും ലിംഗസമത്വവും കുറിച്ച് ധാരാളമായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് നബി(സ്വ)യുടെ വിവാഹവും പ്രവാചകന്റെ സ്ത്രീകളോടുള്ള സമീപനങ്ങളും പെണ്ണിനോടുള്ള ഇസ്ലാമിന്റെ സദാചാര കല്‍പനകളും അവളുടെ ആര്‍ത്തവം, സാക്ഷ്യം ഇങ്ങനെ നീളുന്നതാണ് വിമര്‍ശനങ്ങള്‍. നബിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഏറെ വിമര്‍ശനങ്ങള്‍ കാണുക. 11 വിവാഹം കഴിച്ച ആളാണ് പ്രവാചകർ (സ്വ), സ്ത്രീലമ്പടനായ പ്രവാചകന്‍ എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന രൂക്ഷമായ വിമര്‍ശനം. ആദ്യം പ്രവാചകന്‍ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ 25ാമത്തെ വയസ്സില്‍ ഖദീജ ബീവിയെ ആണെന്ന് നമുക്കറിയാം. അപ്പോള്‍ ഖദീജയുടെ പ്രായം 40 വയസ്സാണ്. സ്ത്രീലമ്പടനായ മുഹമ്മദ് എന്തേ 40 വയസ്സുകാരിയായ ഖദീജയെ വിവാഹം ചെയ്തു? ഈ ദാമ്പത്യജീവിതം 28 വര്‍ഷത്തോളം ഒരാളെ മാത്രം പത്‌നിയായി കൊണ്ടാണ് നബി(സ)യുടെ ജീവിതം ഉണ്ടായിരുന്നത്. ഒരു പക്ഷെ അന്നത്തെ അറേബ്യന്‍ സമൂഹത്തില്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ലാത്ത ഒരു സ്ഥിതിവിശേഷമാണ് ഒരാള്‍ ഒരു പത്‌നിയെ മാത്രം സ്വീകരിക്കുക എന്നത്. 28 വര്‍ഷക്കാലം നബി(സ) തന്റെ പത്‌നിയായി കൂടെ കൊണ്ടുനടന്ന ഖദീജ ബീവി, അവര്‍ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഇണയും തുണയുമായിയി സ്‌നേഹവും സന്തോഷവും പകര്‍ന്നതിനെക്കുറിച്ച് ധാരാളം സംഭവങ്ങള്‍ പ്രവാചകന്റെ ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

    ‘സമ്മിലൂനി യാ ഖദീജ’ (എന്നെ പുതപ്പിട്ടു മൂടൂ പ്രിയപ്പെട്ടവളേ) എന്ന് പറഞ്ഞ് പ്രവാചകത്വം ലഭിക്കുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ ഓടിവരുന്നത് തന്റെ ഇണയായ ഖദീജയുടെ അടുക്കലേക്ക് ആണ്. ഖദീജ ബീവി പ്രവാചകനോട് പറയുന്നുണ്ട് ‘പ്രവാചകരെ താങ്കള്‍ വേദനിക്കണ്ടതില്ല പ്രയാസപ്പെടേണ്ടതില്ല’. ഇങ്ങനെ തുടങ്ങി മധുരമായ ദാമ്പത്യജീവിതത്തെ നമുക്ക് പരിചയപ്പെടുത്തി തരുന്നു പ്രവാചകനും ഖദീജയും. അതുകൊണ്ടാണ് ഖദീജ മരിച്ച വര്‍ഷത്തെ ആമുല്‍ ഹുസ്‌ന് അഥവാ ദുഃഖവര്‍ഷം എന്ന് വിശേഷിപ്പിച്ചത്. അതില്‍ ഏറെ ദുഃഖിക്കുന്ന ഓര്‍മ്മയ്ക്ക് വേണ്ടി ഖദീജയുടെ കൂട്ടുകാര്‍ക്ക് വേണ്ടി പിന്നീട് മാംസം വിതരണം ചെയ്യുന്ന, സമ്മാനങ്ങള്‍ കൊടുക്കുന്ന പ്രവാചകനെ നമുക്ക് കാണാന്‍ സാധിക്കും. അതിനുശേഷം പ്രവാചകന്റെ 50ആമത്തെ വയസ്സിലാണ് സൗദയെ വിവാഹം ചെയ്യുന്നത്.സൗദാ ബീവിയെ കുറിച്ച് നമ്മള്‍ പഠിക്കുകയാണെങ്കില്‍ വൃദ്ധയും ദുര്‍ബലയുമായ ഒരു സ്ത്രീയായിരുന്നു അവര്‍ എന്ന് കാണാന്‍ കഴിയും. പ്രവാചകനേക്കാള്‍ പ്രായം കൂടിയ സ്ത്രീയായിരുന്നു അവര്‍. എന്തിനായിരിക്കും അതിനുശേഷം സ്ത്രീലമ്പടന്‍ എന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന മുഹമ്മദ് സൗദയെ വിവാഹം ചെയ്തത്? നബിയുടെ ഓരോ വിവാഹത്തെക്കുറിച്ചും കൃത്യമായ പഠനം നടത്തിയാല്‍ നമുക്ക് വ്യത്യസ്ത കാലിക സാഹചര്യങ്ങളെ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒരുപാട് കാര്യകാരണങ്ങളെ കണ്ടെത്താന്‍ സാധിക്കും. സൗദയുമായിട്ടുള്ള വിവാഹബന്ധം ഏത് കാരണത്താലായിരുന്നു എന്നും അവര്‍ക്ക് സംരക്ഷണവും കരുതലും നല്‍കിയാണ് പ്രവാചകന്‍ സൗദയെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നും നമുക്ക് കാണാന്‍ സാധിക്കും. ജുവൈരിയയുടെ ചരിത്രവും നമുക്കറിയാം. യുദ്ധത്തില്‍ തടവുകാരിയായ ജുവൈരിയയെ ഏറ്റെടുക്കുന്ന സമയത്ത് അവരെ ഏറ്റെടുത്ത സ്വഹാബി അവര്‍ക്ക് വലിയ മൂല്യം നല്‍കിയാലേ അവര്‍ക്ക് അടിമത്തമോചനം നല്‍കൂ എന്ന് പറഞ്ഞപ്പോള്‍ നബിയുടെ അടുക്കലേക്ക് അവര്‍ പരാതിയുമായി വരുന്നുണ്ട്. അപ്പോഴാണ് പ്രവാചകന്‍ അവര്‍ക്ക് ഉന്നത പദവി നല്‍കി മോചനത്തിനുള്ള പണം നല്‍കി വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്. സഫിയയുമായുള്ള വിവാഹമാണ് മറ്റൊന്ന്. യുദ്ധത്തടവുകാരിയായി സഫിയയോട് പ്രവാചകന്‍ പറയുകയുന്നു രണ്ടാലൊന്ന് തെരഞ്ഞെടുക്കുക ഒന്നുകില്‍ തിരിച്ചു പോവുക, അല്ലെങ്കില്‍ എന്റെ പത്‌നിയായി ഇവിടെ തുടര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുക. സഫിയയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തോടു കൂടിയാണ് അവര്‍ ഈ വാഗ്ദാനത്തെ സ്വീകരിക്കുന്നത്. അവര്‍ തിരിച്ചു പോകാതെ പ്രവാചകന്റെ കൂടെ പോകുന്നതാണ് ചരിത്രം. സഫിയയെ വേദനിപ്പിച്ച് ഭര്‍ത്താവിനെയും ഉപ്പയെയും കൊല ചെയ്തിട്ട് ഒടുവില്‍ മുഹമ്മദ് എന്ന സ്ത്രീലമ്പടന്‍ സഫിയയെ കരസ്ഥമാക്കി എന്ന് പറയുന്ന ഓറിയന്റലിസ്റ്റുകള്‍ക്ക് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചെറിയ അനിഷ്ടം പോലും കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് സഫിയയുടെ കുടുംബക്കാര്‍ക്ക് എഴുതിയ കത്തുകള്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ പ്രവാചകന്റെ സ്വഭാവത്തെ ക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചും അവിടെ താന്‍ അനുഭവിക്കുന്ന സുഖത്തെ കുറിച്ചും പരിഗണനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനോഹരമായ കത്തുകള്‍ തന്റെ ജൂതസമൂഹത്തില്‍പെട്ട ആളുകള്‍ക്ക് സഫിയ അയക്കുന്നുണ്ട്. മൈമൂനയുമായിട്ടുള്ള വിവാഹത്തെയും ചരിത്രം വിശദീകരിക്കുന്നുണ്ട്. ഖാലിദുബ്‌നു വലീദിനെ പോലെയുള്ള പ്രമുഖരായ സഹാബികള്‍ ഇസ്ലാമിലേക്ക് കടന്നു വരാന്‍ കാരണമായത് മൈമൂനയുമായുള്ള വിവാഹം ആണെന്ന് ചരിത്രം പറയുന്നുണ്ട്.

    യുദ്ധത്തടവുകാരെ പിടിക്കുന്ന സമയത്ത് ആ ഗോത്രത്തലവന്‍മാരുടെ മകളെ വിവാഹം ചെയ്ത് കൂടെ കൂട്ടുന്ന പ്രവാചകന്‍ ആ ഗോത്രവും ആയിട്ടുള്ള തന്റെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ ചെയ്യുന്നത്. തങ്ങളുടെ ഗോത്ര തലവന്റെ മകളെ അവര്‍ സ്വീകരിക്കുക നീചമായ രീതിയില്‍ അല്ലല്ലോ, അവര്‍ അവളെ അപമാനിക്കുമോ എന്ന ഭയത്തെ തീരെ ഇല്ലാതാക്കുകയും പ്രവാചകന്‍ എന്ന നേതാവിന്റെ ഭാര്യയായി ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ ആദരവ് നല്‍കി അവര്‍ തമ്മിലുള്ള ഗോത്ര ബന്ധം ഊഷ്മളമാവുന്നു എന്ന രാഷ്ട്രീയ ഡിപ്ലോമസിയെ നമുക്കിവിടെ കാണാന്‍ കഴിയും. സൈദും സൈനബും തമ്മിലുള്ള ദാമ്പത്യജീവിതവും അതിനെത്തുടര്‍ന്നുള്ള സംഭവങ്ങളുമാണ് മറ്റൊന്ന്. വളര്‍ത്തു പുത്രനായ സൈദിന്റെ ഭാര്യയായ സൈനബിനെ പ്രവാചകന്‍ വിവാഹം ചെയ്യുന്നതും വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും ഓറിയന്റലിസ്റ്റുകള്‍ ധാരാളമായി പറയുന്ന ഒന്നാണ്. ആ കാലഘട്ടത്തില്‍ ഒരു മനുഷ്യന് എത്ര ഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാന്‍ പറ്റുന്ന ഒരു സാമൂഹ്യ സാഹചര്യമാണല്ലോ ഉണ്ടായിരുന്നത്. സൈദിനോട് പ്രവാചകന് ഉണ്ടായിരുന്ന അങ്ങേയറ്റത്തെ ഇഷ്ടവും മതിപ്പും ചരിത്രത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ദത്തുപുത്രന്് ഏറ്റവും കുലീനയായ ഒരു പെണ്ണിനെ വിവാഹം കഴിപ്പിക്കണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് സൈനബുമായിട്ടുള്ള വിവാഹം ആലോചിക്കുന്നത്.

    കാലങ്ങള്‍ ആയിട്ട് സമൂഹത്തില്‍ വേരുറച്ചുപോയ ചില നിലപാടുകളെ പൊളിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്… അടിമയായ ഒരുത്തന്‍ വിവാഹമോചനം ചെയ്ത ഒരു കുലീന സ്ത്രീയെ ഒരിക്കലും ആ കാലഘട്ടത്തില്‍ അവള്‍ എത്ര സൗന്ദര്യവതി ആണെങ്കിലും വേറൊരാളും വിവാഹം കഴിക്കില്ല. ഇതിനെയാണ് പ്രവാചകന്‍ തിരുത്തുന്നത്. രണ്ടാമത് ദത്തുപുത്രന്‍ ഒരിക്കലും പുത്രന്‍ ആവില്ല എന്ന ഇസ്ലാമിന്റെ മഹത്തായ സിദ്ധാന്തത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. ദത്തുപുത്രന്‍ ദത്തുപുത്രന്‍ മാത്രമാണ് എന്നുള്ളത് കൂടി അല്ലാഹുവിന് പഠിപ്പിക്കേണ്ടതുണ്ടായിരുന്നു.

    ആയിഷ ബീവിയുടെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ലിബറല്‍ വാദികളും യുക്തിവാദികളുമായ ആളുകള്‍ പറയുന്നത് പെണ്ണിന്റെ ആത്മാവിഷ്‌കാരത്തിനും അവളുടെ വിദ്യാഭ്യാസത്തിനും അവളുടെ സ്വാതന്ത്ര്യത്തിനും അവളുടെ വ്യക്തിത്വ രൂപീകരണത്തിനും തടസ്സമാകും എന്നാണ്. എന്നാല്‍ ചരിത്രത്തില്‍ ഏതൊരു നേതാവിന്റെ ഭാര്യമാരെ നിങ്ങള്‍ പഠിച്ചു നോക്കിയാലും ആയിഷ ബീവിയുടെ അത്ര പണ്ഡിതയും കഴിവും ഉള്ളവരായി വേറെയുണ്ടോ എന്നാണ് പഠിക്കേണ്ടത്. ആയിഷ ബീവി ഫിഖ്ഹില്‍ വളരെയധികം അവഗാഹമുള്ള ഒരു സ്ത്രീയായിരുന്നു. രണ്ടായിരത്തിലധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആയിഷാബീവി സ്വഹാബാക്കളില്‍ പലരുടെയും ഹദീസുകളില്‍ വന്ന സംശയങ്ങള്‍ ദൂരീകരിച്ച ധാരാളം ചരിത്രം നമുക്ക് കാണാന്‍ സാധിക്കും. അത് അങ്ങനെയല്ല എന്ന് അബൂഹുറൈറയെയും ഇബ്‌നു അബ്ബാസിനെയുമടക്കം പഠിപ്പിച്ച ആയിഷ ബീവിയെ നമുക്ക് കാണാന്‍ സാധിക്കും. വിവാഹത്തിനുശേഷം യഥാര്‍ത്ഥത്തില്‍ ആയിഷയ്ക്ക് എന്താണ് സംഭവിച്ചത്. അവരുടെ പ്രണയ അനുരാഗം കണ്ടാല്‍ ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകും എന്റെ ഇണ അത്തരത്തില്‍ ഒരാള്‍ ആയിരുന്നു എങ്കില്‍ എന്ന്….

    കുടുംബജീവിതം എന്ന് പറയുന്നത് വളരെ കെട്ടുറപ്പുള്ള ഒരു സംവിധാനമാണ് ഇസ്ലാമില്‍. കയ്യൂം, ഖവ്വാമൂന്‍ എന്നൊക്കെ പറയുന്നത് മേല്‍നോട്ടം വഹിക്കുന്നവന്‍, ഒരു സ്ഥാപനത്തിന് കൃത്യമായിട്ടുള്ള കാര്യങ്ങള്‍ കൊണ്ടുവരാന്‍ ചുമതലപ്പെട്ടവന്‍, കൈകാര്യ കര്‍ത്താവ് എന്നൊക്കെ ആണ് അര്‍ത്ഥം. പ്രവാചകന്‍ പറയുന്നു നിങ്ങളെല്ലാവരും ഉത്തരവാദിത്വം ഉള്ളവരാണ്, കൈകാര്യകര്‍ത്താക്കള്‍ ആണ്. നിങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് നിങ്ങളോട് അള്ളാഹു ചോദിക്കുക തന്നെ ചെയ്യും. അതോടൊപ്പം തന്നെ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു പെണ്ണ് ഭര്‍ത്താവിന്റെ വീടിന്റെ ഭരണാധികാരിയാണ്. അങ്ങനെയെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടിലെ സകല കാര്യങ്ങളും അവള്‍ ഏറ്റെടുക്കണം, ആരുമായും ഒരു കൂടിയാലോചനയും പാടില്ല, അവള്‍ തന്നെയായിരിക്കണം എല്ലാം എന്നാണോ ആ പറഞ്ഞതിനര്‍ത്ഥം. അല്ല, മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനുള്ള ഭരണാധികാരിയുടെ ഒരു അധികാരം, ഒരു ചുമതല, ഒരു ബാധ്യത….

    മറ്റൊന്ന് ആര്‍ത്തവവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഇസ്‌ലാമിലും തൊട്ടു തീണ്ടല്‍ ഉണ്ട്. പെണ്ണിന് ആര്‍ത്തവമുണ്ടായാല്‍ അവളെ ദൂരെ മറ്റൊരു കുടില്‍ കെട്ടി അവിടെ താമസിപ്പിക്കണം എന്ന് പറയുന്ന മറ്റു വിശ്വാസങ്ങളെ പോലെതന്നെയാണ് ഇസ്ലാമിലെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് സങ്കല്പവും എന്നാണിവര്‍ പറയുന്നത്. وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ (Sura 2 : Aya 222) ‘താങ്കളോട് അവര്‍ ആര്‍ത്തവത്തെക്കുറിച്ച് ചോദിക്കുന്നു, പ്രവാചകരെ താങ്കള്‍ പറയുക, അത് ഒരു ഉപദ്രവമാണ്, ഒരു മാലിന്യമാണ് അതുകൊണ്ട് ആര്‍ത്തവ സമയത്ത് നിങ്ങള്‍ സ്ത്രീകളെ വിട്ടുനില്‍ക്കുക, ആര്‍ത്തവത്തില്‍ നിന്നും ശുദ്ധിയാകുന്നത് വരെ അവരോട് നിങ്ങള്‍ അടുക്കരുത്.’ ഈ പറഞ്ഞതിന് അര്‍ത്ഥം എന്താണ്? അവളുടെ അടുത്തു പോലും പോകരുത്, അവള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുത്, എന്നാണോ…. ഒരിക്കല്‍ പ്രവാചകന്‍ ആഇഷയുടെ കൂടെ ഒരു കിടപ്പറയില്‍ കിടക്കുകയായിരുന്നു. പെട്ടെന്നാണ് ആയിഷക്ക് ആര്‍ത്തവം ഉണ്ടായത്. അവര്‍ പെട്ടെന്ന് എഴുന്നേറ്റ് പോകവേ പ്രവാചകന്‍ ചോദിച്ചു ‘എന്തേ ആര്‍ത്തവം ഉണ്ടായോ? എങ്കില്‍ നീയത് വൃത്തിയാക്കി തിരിച്ചുവരിക’ അങ്ങനെ ഞാനും പ്രവാചകനും ഒന്നിച്ച് കിടപ്പറയില്‍ കിടന്നു എന്നിട്ട് ആഇഷ ബീവി പറയുന്നു ‘അദ്ദേഹത്തെക്കാള്‍ മനശക്തി ഉള്ള ആളുകളെ നിങ്ങളില്‍ ആരെയാണ് കാണാന്‍ കഴിയുക. മറ്റൊരു ഹദീസില്‍ ആയിഷാ ബീവി പറയുന്നു ‘ഞാന്‍ ആര്‍ത്തവകാരി ആയിരിക്കുമ്പോള്‍ പ്രവാചകന്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് എന്റെ മടിയില്‍ തലവച്ചു കിടന്നു’… ഇത് അശുദ്ധമായി മാറ്റി നിര്‍ത്തേണ്ട ഒന്നാണ് എന്നല്ല അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത്. മറിച്ച്, നിങ്ങള്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടരുത് എന്നാണ്. അതൊരു രോഗമാണ്, പ്രയാസമാണ്.മാനസികസംഘര്‍ഷവും ചില സ്ത്രീകളില്‍ ഉണ്ടാവുന്ന സമയമാണത്. അങ്ങനെ ആ പറഞ്ഞതിന് വ്യത്യസ്ത അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് നമുക്ക് കാണാന്‍ സാധിക്കും. അതുകൊണ്ട് ആ സമയത്ത് പെണ്ണിനെ പ്രയാസപ്പെടുത്തരുത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ചിലപ്പോള്‍ അത് രോഗം ആകാന്‍ സാധ്യതയുണ്ട്, അതൊരു മാലിന്യമാണ് എന്ന് പറയുന്നത് പ്രശ്‌നമാണോ? ആര്‍ത്തവരക്തം മാലിന്യം അല്ലാതെ പിന്നെ എന്താണ്? ആര്‍ത്തവരക്തം മാലിന്യം ആണെന്ന് പറഞ്ഞതാണോ ഇസ്‌ലാം ചെയ്ത തെറ്റ്?

    മറ്റൊരു വിമര്‍ശനം പെണ്ണിനെ എന്നും ഒരു വസ്തു ആയിട്ടാണ് ഇസ്‌ലാം കാണുന്നത് എന്നാണ്. അതിനവര്‍ ഉദ്ധരിക്കുന്ന ഉദാഹരണമാണിത് : نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ (Sura 2 : Aya 223) പെണ്ണെന്നു പറഞ്ഞാല്‍ നിങ്ങളുടെ കൃഷിയിടമാണ്. ഒരു ഭൂമിയോട് അഥവാ ഒരു ജംഗമ വസ്തുവിനോട് ആണ് അള്ളാഹു പെണ്ണിനെ ഉപമിച്ചത്. പെണ്ണെന്നു പറഞ്ഞാല്‍ പ്രത്യേക വികാരമോ വിചാരമോ അഭിപ്രായമോ ഒന്നുമില്ലാത്ത ഒരു വസ്തുവാണ്. അതോടൊപ്പം തന്നെ ഒരു ലൈംഗിക വസ്തുവാണ്. അതുകൊണ്ടാണ് തുടര്‍ന്നു പറയുന്നത് ‘സ്ത്രീകള്‍ കൃഷിയിടമാണ് നിങ്ങള്‍ നിങ്ങളുടെ കൃഷിയിടത്തിലേക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവേശിച്ചുകൊള്ളുക’. യുക്തിവാദികള്‍ പറയുന്നു: ഒരു ആണിന് എങ്ങനെ വേണമെങ്കിലും ഏതു സമയത്തു വേണമെങ്കിലും മേഞ്ഞു നടക്കാവുന്ന ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന ഒരു വസ്തു ആയിട്ടാണ് പെണ്ണിനെ ഇസ്ലാം കാണുന്നത് എന്നാണ്. പക്ഷേ വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ കൃത്യമായി പഠിക്കുന്ന ഒരു മനുഷ്യന് മനസ്സിലാവും എത്രമാത്രം കാല്പനികമായ ഒരു ഉദാഹരണം ഇതെന്ന്. അല്ലാഹു വളരെ മനോഹരമായിട്ടാണ് ഈയൊരു ഉദാഹരണത്തെ വിശേഷിപ്പിച്ചത്. ഒരു കൃഷിക്കാരന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ തന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് എന്താണ് എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും തര്‍ക്കമുണ്ടാവില്ല അത് അദ്ദേഹത്തിന്റെ കൃഷിയിടമാണ്. താനെന്നും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് എവിടെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ്. ഒരു മനുഷ്യന്‍ ഒരു കാട്ടാന കയറുന്നത് പോലെ തന്റെ കൃഷിയിടത്തെ നശിപ്പിക്കുകയില്ല. അവിടെയുള്ള ഓരോ കളകളെയും പറിച്ചുമാറ്റി ഏറ്റവും സൂക്ഷ്മതയോടെ അതിനെ താലോലിച്ച് വിത്ത് വിതച്ച് വെള്ളം നല്‍കി സൂക്ഷ്മതയോടെ പരിപാലിച്ച് അതിനെ കുറിച്ച് മാത്രം സ്വപ്നം കണ്ട് കഴിയുന്ന ഒരു കൃഷിയിടം പോലെയാണ് പെണ്ണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അത്രമാത്രം സ്‌നേഹ പരിലാളനത്തോടുകബടി ആയിരിക്കണം നിങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്നാണ്. അങ്ങനെയെങ്കില്‍ മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട് നോമ്പുമായി ബന്ധപ്പെട്ടു പറയുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ പുരുഷന്‍ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും വസ്ത്രമാണ് എന്ന്. ആണിനെയും പെണ്ണിനെയും കേവലം കുപ്പായം ആക്കി കളഞ്ഞു എന്ന് പറയാമോ? ഒരു മനുഷ്യന് തന്റെ അഭിമാനം, സ്വത്വബോധം, വൃത്തി മനോഭാവം, അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ ഉള്ള അദ്ദേഹത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചുള്ള വസ്ത്രമാണ് ഓരോ മനുഷ്യനും സ്വീകരിക്കുക. എന്റെ നാണം മറക്കുന്നതാണ് വസ്ത്രം. അത്രമാത്രം കാല്പനികമായ ഉദാഹരണമാണ് ദമ്പതികള്‍ തമ്മിലുള്ള പ്രണയം. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്, അല്ലാഹുവിനെയാണോ. നോമ്പിന്റെ രാത്രിയില്‍ നിങ്ങള്‍ ബന്ധപ്പെടുകയില്ല എന്ന് തീരുമാനിക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു പറയുന്നു ‘നിങ്ങള്‍ പരസ്പരം വസ്ത്രമാണ്’ പരസ്പരം ഇഴുകിച്ചേര്‍ന്നു കഴിയേണ്ടവരാണ്. നിങ്ങള്‍ക്ക് ഇതിനിടയില്‍ മറയില്ല പരസ്പരം നിങ്ങള്‍ അഭിമാനവും ആദരവും സ്‌നേഹവും പരിഗണനയും കരുതലുമാണ് എന്ന് പറയുന്ന ഇസ്ലാം ഇവിടെ വളരെ കാല്‍പ്പനികമായിട്ടാണ് പെണ്ണിനെയും അവളുടെ ഇണയെയുംചിത്രീകരിച്ചിട്ടുള്ളത്….


    മയ്യിത്ത് പരിപാലനം ഒരു പ്രായോഗിക പരിജ്ഞാനം


     

    ഇസ്ലാമിലെ വിധിയിലുള്ള വിശ്വാസം



    ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ ആറു പ്രമുഖസ്തംഭങ്ങളില്‍ ഒന്നാണ് വിധിവിശ്വാസം. ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ വസ്തുക്കള്‍ക്കെല്ലാം അവയുടേതായ ചില സ്വഭാവ സവിശേഷതകളും വ്യവസ്ഥകളുമെല്ലാം സ്രഷ്ടാവ് നിശ്ചയിച്ചിട്ടുണ്ട്. ഈ ദൈവിക നിശ്ചയത്തില്‍ നിന്ന് തെന്നിമാറിക്കൊണ്ട് യാതൊരു വസ്തുവിനും നിലനില്‍ക്കാനാകില്ല. മനുഷ്യരും മറ്റു ജീവജാലങ്ങളുമടക്കം പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ദൈവവിധിപ്രകാരം വ്യവസ്ഥാപിതമായാണ് നിലനില്‍ക്കുന്നതെന്ന വിശ്വാസമാണ് ഇസ്‌ലാമിക വിധിവിശ്വാസത്തിന്റെ കാതല്‍.


    മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെല്ലാം ദൈവ വിധിക്കനുസൃതമായാണ് നടക്കുന്നത്. സഹജമായ വാസനകള്‍ക്കനുസരിച്ചാണ് മൃഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കര്‍മങ്ങള്‍ക്ക് ജനിതകമായ ചില നിയന്ത്രണങ്ങളുണ്ട്. ആ നിയന്ത്രണങ്ങളെ ലംഘിക്കാന്‍ മൃഗങ്ങള്‍ക്ക് സാധ്യമല്ല. എന്നാല്‍, മനുഷ്യരുടെ കര്‍മങ്ങളുടെ കാര്യത്തില്‍ ചില സ്വാതന്ത്ര്യങ്ങള്‍ സ്രഷ്ടാവായ ദൈവം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് സത്യത്തിന്റെയും നന്മയുടെയും പാത തെരഞ്ഞെടുക്കാന്‍ മനുഷ്യന് കഴിയും. നന്മയുടെ വഴി ഒരാൾ തെരഞ്ഞെടുത്താൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ പ്രതിഫലവും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ). അപ്രകാരം തിന്മയാണ് ഒരാൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അവന് അത് പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകുന്നു. അതിന്റെ ശിക്ഷയും അവന് ലഭിക്കുന്നു (ദുനിയാവിൽ നിന്നോ ആഖിറത്തിൽ നിന്നോ).


    അസത്യത്തിന്റെയും തിന്മയുടെയും പാത തെരഞ്ഞെടുക്കാനും അവന് കഴിയും. ഇതില്‍ ഏതുവഴി തെരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ചാണ് അവന് മരണാനന്തരജീവിതത്തില്‍ രക്ഷാശിക്ഷകള്‍ ലഭിക്കുന്നത്. ഈ ലോകത്ത് നടക്കുന്ന സകല നന്മതിന്മകളും അല്ലാഹുവിന്റെ വിധിപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസവും വിധിവിശ്വാസത്തിന്റെ ഭാഗമാണ്. സംഭവിക്കുന്ന ഓരോ കാര്യത്തിനു പിന്നിലും, അത് നമുക്ക് ഗുണകരമായാലും ദോഷകരമായാലും, സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനങ്ങളുണ്ട്. തീരുമാനിക്കുന്നത് ദൈവമാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ നന്മതിന്മകളായ ഫലങ്ങള്‍ അനുഭവിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം, നന്മയും തിന്മയും തിരിച്ചറിയാനായി ദൈവം നമുക്ക് വിശേഷബുദ്ധിയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നു.  അതുകൊണ്ടാണ് വിശേഷ ബുദ്ധിയില്ലാത്തവർക്ക് നിയമങ്ങൾ ബാധകമല്ലാതാകുന്നതും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ശിക്ഷകൾ ലഭിക്കാത്തതും.


    വിധിവിശ്വാസത്തെ നമുക്ക് ഇങ്ങനെ ചുരുക്കിപ്പറയാം:

    സ്രഷ്ടാവായ ദൈവത്തിന്റെ ജ്ഞാനം എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നു. അവന്റെ ഇച്ഛ സര്‍വവ്യാപകമാണ്. അവന്റെ ശക്തി എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. അവന്റെ രക്ഷാകര്‍തൃത്വം പ്രപഞ്ചത്തെ മുഴുവന്‍ ആശ്ലേഷിക്കുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഏതു കാര്യവും സര്‍വജ്ഞനും പ്രതാപിയുമായ അല്ലാഹുവിന്റെ നിര്‍ണയവും ആസൂത്രണവും അനുസരിച്ചു മാത്രമാണ് നടക്കുന്നത്. ഈ വിധിയില്‍നിന്ന് തെന്നിമാറുവാന്‍ സൃഷ്ടികള്‍ക്കൊന്നും കഴിയില്ല. മനുഷ്യന്റെ സ്ഥിതിയും ഇതില്‍നിന്ന് ഭിന്നമല്ല.


    എന്നാൽ നന്മ തിന്മകളെ തെരഞ്ഞെടുക്കാൻ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നൽകിയത് കൊണ്ട് അവന് വന്നു ചേരുന്നത് അവൻ തെരഞ്ഞെടുക്കുന്നതിന്റെ ഫലം മാത്രമാണ്.




    അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തുന്നത് ആരാണ്?




    പരസ്പരം സാഹായിക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ക്ക് കഴിയുക. ഡോക്ടര്‍ മരുന്നുകൊടുക്കുകയോ, സര്‍ജറി നടത്തുകയോ എല്ലാം ചെയ്യുമ്പോൾ ഓരോ കാര്യങ്ങള്‍ക്കും ദൈവം നിശ്ചയിച്ച പരിഹാരമാര്‍ഗങ്ങള്‍ പിന്തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍ സര്‍ജറി ചെയ്ത് തുന്നിപ്പിടിപ്പിച്ച വൃക്ക പ്രവര്‍ത്തനക്ഷമമാവണമെങ്കിലും മരുന്നുകൾക്ക് നിശ്ചയികപ്പെട്ട ഫലമുണ്ടാകണമെങ്കിലുമെല്ലാം എല്ലാം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവണം. 


    പ്രകൃതിയിലെ മനുഷ്യരുടെ തെറ്റായ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമെല്ലാം മനുഷ്യരെ രക്ഷപ്പെടുത്തുവാനാവശ്യമായ സംവിധാനങ്ങളെല്ലാം സൃഷ്ടിച്ച അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതെന്ന് മുസ്ലിംകള്‍ കരുതുന്നു.


    ഉദാഹരണത്തിന്, ഒരു നാട്ടിൽ ശക്തമായ പേമാരിയും കൊടുങ്കാറ്റും ഉണ്ടെന്നു കരുതുക. ആ നാട്ടിലുള്ള ആളുകളെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാനോ അപകടത്തിൽ പെട്ടവരെ സഹായിക്കാനോ നമുക്ക് കഴിഞ്ഞേക്കാം. ഇതെല്ലാം സാധ്യമാകുന്നത് ദൈവം പ്രകൃതിയിൽ തന്നെ സംവിധാനിച്ചതോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മനുഷ്യർ വികസിപ്പിച്ചെടുത്തതോ ആയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. എന്നാൽ പേമാരിയോ കൊടുങ്കാറ്റോ ഇല്ലാതാക്കാൻ നമുക്കോ നമ്മുടെ ഭൗതിക സംവിധാനങ്ങൾക്കോ കഴിയില്ല; അതിനു ദൈവം തന്നെ തീരുമാനിക്കണം.


    തീർച്ചയായും അപകടങ്ങളും രോഗങ്ങളുമൊക്കെ നമുക്ക് തരുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹു തന്നെയാണ്. ചിലരെ അപകടങ്ങളിൽ മരിപ്പിക്കുന്നതും മറ്റു ചിലരെ രക്ഷപ്പെടുത്തുന്നതും അല്ലാഹു തന്നെ. ചിലരുടെ ജീവൻ രക്ഷപ്പെടുത്തുന്നെങ്കിലും ധനനഷ്ടം, വിഭവനഷ്ടം തുടങ്ങിയവയെ കൊണ്ട് പരീക്ഷിക്കുന്നു. ഓരോ മനുഷ്യരെയും വിവിധ രീതികളിലാണ് പരീക്ഷിക്കുക എന്ന് കഴിഞ്ഞ പോസ്റ്റുകളിൽ നാം മനസ്സിലാക്കി.


    എന്നാൽ ഈ പരീക്ഷണങ്ങളുടെ പേരിൽ നമുക്ക് ദൈവത്തെ കുറ്റം പറയാൻ അവകാശമില്ല. നമുക്ക് ജീവനും ഈ ഭൗതിക സംവിധാനങ്ങളുമൊക്കെ തന്നത് ആ ദൈവമാണ് എന്നതുതന്നെ ഒന്നാമത്തെ കാരണം. രണ്ടാമതായി, ഒരിക്കൽ എല്ലാവരും മരിക്കുമെന്നും ഇഹലോകത്തിൽ അവസാനിക്കുന്നതല്ല മനുഷ്യന്റെ ജീവിതമെന്നും നമ്മൾ മനസ്സിലാക്കുന്നു. 


    അതുകൊണ്ടു തന്നെ ഈ ഭൗതിക ജീവിതത്തിൽ ദൈവം നമുക്ക് എന്ത് തരുന്നു എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ദൈവം ക്രൂരനാണോ നീതിമാനാണോ എന്ന് വിധി കൽപ്പിക്കാൻ യാതൊരു നിർവാഹവുമില്ല. ദൈവത്തിന്റെ ഓരോ നടപടിയും മനുഷ്യരെ വിവിധ തരത്തിൽ പരീക്ഷിക്കാൻ ഉള്ളതായതുകൊണ്ടും എല്ലാ പരീക്ഷണങ്ങൾക്കുമൊടുവിലും നീതിപൂർവം പ്രതിഫലം നൽകപ്പെടുമെന്നതുകൊണ്ടും പ്രയാസങ്ങളോ പരീക്ഷണങ്ങളോ ഒന്നും പാടില്ല എന്ന് അഭിപ്രായപ്പെടാനും നമുക്ക് തരമില്ല.





    പരീക്ഷണങ്ങളെ നേരിടേണ്ടതെങ്ങനെ?

     



    പ്രവാചകർ മുഹമ്മദ് (സ) ഒരിക്കൽ പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അൽഭുതകരം തന്നെ! ഏതു കാര്യവും അവനു ഗുണകരമാണു. സത്യവിശ്വാസിക്കല്ലാതെ അതുണ്ടാവുകയില്ല. അവനു നന്മ (ഗുണം) വല്ലതും കൈവന്നാൽ അവൻ നന്ദിയുള്ളവനായിരിക്കും. അത്‌ അവനു ഗുണമായി. അവനു വിഷമകരമായ വല്ലതും അവനെ ബാധിച്ചാൽ അവൻ ക്ഷമിക്കും, അപ്പോൾ അതും അവനു ഗുണകരമായി” (സ്വഹിഹ്‌ മുസ്ലിം)

    [ക്ഷമിച്ചത്‌ കൊണ്ട്‌ അവന്റെ പാപങ്ങൾ പൊറുക്കുമെന്നു ഹദീസിലുണ്ട്‌ (ബുഖാരി].


    സത്യ വിശ്വാസിയും സത്യ നിഷേധിയും പരീക്ഷണ ഘട്ടങ്ങളിൽ:

    1. സമ്പത്തും ആരോഗ്യവും ഐശ്വര്യവും പ്രതാപവും ഉള്ള അവസ്ഥയിൽ ഒരു വിശ്വസി ചെയ്യുക അല്ലാഹുവിനു നന്ദി പ്രകടിപ്പിക്കുകയും വിനയാന്വിതനാവുകയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുകയുമായിരിക്കും. എന്നാൽ സമ്പത്തുള്ള അവസ്ഥയിൽ സത്യ നിഷേധി ചെയ്യുക അല്ലാഹുവിനെ മറക്കലും, അഹങ്കരിക്കലും, പിശുക്കോ ധൂർത്തോ ആയിരിക്കും.


    2. ദാരിദ്രാവസ്ഥയിലും രോഗാവസ്തയിലും വിശ്വാസി അതു ക്ഷമിക്കുകയും അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ആവശ്യമായ ചികിൽസകൾ ചെയ്യുകയും ചെയ്യും. സത്യനിഷേധിയാകട്ടെ, വിധിയെയും ദൈവത്തെയും ചീത്ത പറയുകയും ചെയ്യും. മുസ്ലിംകളിലും ചിലർ ഈ തരക്കാരുണ്ട്‌. അവരെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്‌.


    ദൈവത്തിൽ ദൃഢ വിശ്വാസമില്ലാത്ത ആളുകളെ കുറിച്ച്‌ ഖുർആൻ പറയുന്നു: “ഒരു വക്കിലിരുന്ന് അല്ലാഹുവെ ആരാധിക്കുന്നവരും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവനു വല്ല ഗുണവും വരുന്ന പക്ഷം അവൻ സമാധാനമടയും. അവനു വല്ല പരീക്ഷണവും നേരിട്ടാലോ, അവൻ അവന്റെ പാട്ടിലേക്ക്‌ തന്നെ മറിഞ്ഞു കളയുന്നതാണു. ഇഹലോകവും പരലോകവും അവനു നഷ്ടപ്പെട്ടു. അതു തന്നെയാണു വ്യക്തമായ നഷ്ടം” (ഖുർആൻ 22:11)


    അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക; ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    മേൽ പറഞ്ഞതിൽ ഏതു രീതിയിലും മനുഷ്യർ പരീക്ഷിക്കപ്പെടാം. പലതും പലർക്കും അനുഭവങ്ങളാണു. ഇവയെല്ലാം എടുത്തു പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: “അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക്‌ സന്തോഷവാർത്ത അറിയിക്കുക”


    കേവലം ക്ഷമ മാത്രമോ?

    ഇതിനർത്ഥം വെറുതെ ക്ഷമിച്ച്‌ ഇരിക്കുക എന്നല്ല! പരീക്ഷണങ്ങളിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ദൈവം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്:


    1. അല്ലാഹു അനുവദിച്ച എല്ലാ പരിഹാര മാർഗ്ഗങ്ങളും അന്വേഷിക്കണം. അസുഖം വന്നാൽ ചികിത്സിക്കുക, ദരിദ്രരെയും അപകടങ്ങളിൽ പ്രയാസപ്പെടുന്നവരെയും സഹായിക്കണം.


    2. തന്റെ കാര്യങ്ങൾ ഭംഗിയാക്കിത്തരാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുക, മുൻപ്‌ ചെയ്തു പോയ പാപങ്ങൾക്‌ പാപ മോചനം തേടുകയും ചെയ്യുക. സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക.


    ഒരു സത്യവിശ്വാസിക്കുണ്ടാകുന്ന ഏതൊരു പ്രയാസത്തിന്റെ കുടെയും (അവൻ ക്ഷമിക്കുകയാണെങ്കിൽ) ഒരു എളുപ്പമുണ്ടാകും എന്ന് അല്ലാഹു പറയുന്നു (ഖുർആൻ 94: 6-8)


    ഈ അധ്യായത്തിൽ വിജയത്തിനുള്ള ഒരു സമവാക്യം ഒളിഞ്ഞു കിടപ്പുണ്ട്‌. അത്‌ അല്ലാഹു അനുവദിച്ച മാർഗ്ഗത്തിൽ നിരന്തരം പരിശ്രമിക്കുകയും അല്ലാഹുവിലേക്ക്‌ ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കുകയും ഒപ്പം ക്ഷമിക്കുകയും ചെയ്യുക. അപ്പോൾ നമുക്കുള്ള പ്രയാസത്തിനെ തുടർന്ന് ഇരട്ടിയിരട്ടിയായി നിനക്ക്‌ ഫലങ്ങൾ ലഭിക്കുമെന്നർത്ഥം.


    നിരാശ സത്യനിഷേധിയുടെ നിലപാട്‌:

    പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അല്ലാഹുവിന്റെ സഹായത്തെ കുറിച്ച്‌ നിരാശപ്പെടുന്നത്‌ വിശ്വാസിയുടെ സ്വഭാവത്തിൽ പെട്ടതല്ല, മറിച്ച്‌ അവിശ്വാസികളുടെ സ്വഭാവത്തിൽ പെട്ടതാണെന്നാണു ഖുർആനിൽ പരാമർശിച്ച പ്രവാചക ചരിത്രങ്ങളിലുടെ കണ്ണോടിച്ചാൽ മനസിലാവുക. ഒരുത്തൻ അല്ലാഹുവിന്റെ സഹായമൊന്നും ഇനി എനിക്ക്‌ കിട്ടാൻ പോകുന്നില്ലെന്നു നിരാശപ്പെട്ടാൽ അവനു അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടു എന്നർത്ഥം. അതു പതുക്കെ അവിശ്വാസത്തിലേക്ക് അവന്റെ മനസ്സിനെ കൊണ്ടെത്തിക്കും.




    എന്തിനാണ് പരീക്ഷണങ്ങൾ? വിശ്വാസികൾക്ക് എന്തുകൊണ്ട് പ്രയാസങ്ങൾ ഉണ്ടാകുന്നു?




    ജീവിതത്തിൽ പലപ്പോഴായി പല പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടാത്ത മനുഷ്യരുണ്ടാവുകയില്ല. ജീവിതം തന്നെ ഒരു പരീക്ഷണമായിട്ടാണു ഖുർആൻ പറയുന്നത്‌: “നിങ്ങളിൽ ആരാണു കൂടുതൽ നന്നായി പ്രവർത്തിക്കുന്നത്‌ എന്നു ‘പരീക്ഷിക്കുവാൻ’ ജീവിതത്തേയും മരണത്തേയും സൃഷ്ടിച്ചവനത്രേ അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ഖുർആൻ 67: 2)


    അല്ലാഹു വീണ്ടും പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ കൊണ്ട്‌ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക. തങ്ങൾക്ക്‌ വല്ല ആപത്തും ബാധിച്ചാൽ അവർ (ക്ഷമാ ശീലർ) പറയുക: ഞങ്ങൾ അല്ലാഹുവിൽ നിന്നാണു, അവനിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും എന്നായിരിക്കും” (ഖുർആൻ 2: 155-156)


    ജീവിതത്തിൽ 2 വിധം പരീക്ഷണങ്ങളുണ്ടാവുമെന്നു ഖുർആൻ പറയുന്നു.


    1. സമ്പത്ത്‌, ആരോഗ്യം, ജീവിത സുഖങ്ങൾ എന്നിവ ധാരാളം നൽകപ്പെടും- എന്നിട്ട്‌ അതിൽ മനുഷ്യരുടെ നിലപാട്‌ പരീക്ഷിക്കാൻ.


    2. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, രോഗം, പ്രകൃതി ദുരന്തങ്ങൾ, കുടുംബത്തിലെ മറ്റു കഷ്ടതകൾ തുടങ്ങിയവ- അതിൽ വിശ്വാസി എങ്ങനെ പ്രതികരിക്കുന്നു എന്നു പരീക്ഷിക്കാൻ.


    3. മൂന്നാമത്തെ ഒരിനം അത്‌ മേൽ പറഞ്ഞ രണ്ടും ചേർന്നതാണു. കുറെ കാലം ജീവിത സുഖമുള്ളവർ പിന്നീട്‌ പരീക്ഷണങ്ങളിലേക്ക് തള്ളപ്പെടും. അല്ലെങ്കിൽ കുറെ കാലം ജീവിത പരീക്ഷണങ്ങൾ ഉണ്ടായവർക്ക്‌ പിന്നീട്‌ ജീവിത സുഖങ്ങൾ നൽകപ്പെടും- എന്നിട്ട്‌ അവന്റെ അല്ലാഹുവിനോടുള്ള നിലപാടുകൾ എങ്ങനെയെന്നു പരീക്ഷിക്കാൻ.


    എന്തിനു പരീക്ഷണങ്ങൾ?

    പലപ്പോഴും ഉന്നയിക്കപ്പെടാറുള്ള ഒരു ചോദ്യമാണിത്‌. അല്ലാഹുവിനു ഓരോ മനുഷ്യനെ കുറിചും കൃത്യമായി അറിയാമെന്നിരിക്കെ എന്തിനു ഈ ജീവിത പരീക്ഷണങ്ങൾ? ഇതിനുള്ള ഉത്തരം:


    1. മനുഷ്യർ ഈ ലോകത്ത്‌ തന്നെ യോഗ്യതകൾ നിർണ്ണയിക്കാനായി പല തരം പരീക്ഷകൾ നടത്താറുണ്ട്‌. ഇതു പോലെ ചെറിയ ചെറിയ പരീക്ഷകളടങ്ങുന്ന ഒരു വലിയ പരീക്ഷണമാണു ജീവിതം. അതു അവന്റെ അടിമകളിൽ നിന്നും നല്ലതും കെട്ടതും വേർത്തിരിക്കുവാനുള്ള അല്ലാഹുവിന്റെ ഒരു രീതിയാണു. ആര് പരീക്ഷണങ്ങളോട്‌ നല്ല രീതിയിൽ പ്രതികരിച്ചോ, അവൻ (അല്ലാഹുവിങ്കൽ) വിജയിച്ചു. ആര് അതിനോട്‌ ദൈവവിരുദ്ധമായ രീതിയിൽ പ്രതികരിച്ചോ, അവൻ അല്ലാഹുവിങ്കൾ സ്വയം നഷ്ടപ്പെടുത്തിയവനാകുന്നു.


    2. ഒരു പക്ഷെ നമ്മിൽ പലർക്കും ഞാൻ “തരക്കേടില്ലാത്ത ഒരു വിശ്വാസി” ആണെന്ന ഒരു ‘ഗർവ്വ്‌’ ഉണ്ടെങ്കിൽ – നമ്മുടെ വിശ്വാസത്തിന്റെ അളവു ഇത്തരം പരീക്ഷണങ്ങളിലൂടെ വെളിപ്പെടുത്തും. സാമ്പത്തികമായി ‘ടൈറ്റ്‌’ ആക്കിയാൽ അവൻ അത്രയും കാലം ആരാധിച്ച ദൈവത്തെ തെറി പറഞ്ഞു നിസ്കാര-നോമ്പാദി കർമ്മങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നത്‌ കാണം. അവൻ പറയും: “ഇത്രയും കാലം ഞാൻ വിശ്വസിച്ചാചരിച്ചതിനു എനിക്ക്‌ കിട്ടിയതാണിത്‌. ഇനി ഞാനില്ല”. ഇതിന്റെ ഒരു മറു വശം, ദരിദ്രനോ രോഗിയോ ആയ ഒരാൾക്‌ സാമ്പത്തികമായോ ആരോഗ്യപരമായോ മെച്ചപ്പെട്ടാലും അവൻ അതു വരെ ആരാധിച്ച അല്ലാഹുവിനെ മറക്കും. ഇത്തരത്തിൽ നല്ലതിനെയും ചണ്ടികളെയും അല്ലാഹു ഇഹലോകത്ത്‌ വെച്ച്‌ തന്നെ വേർതിരിക്കുന്നു. 


    ഖുർആൻ പറയുന്നു: “മനുഷ്യനെ അവന്റെ റബ്ബ്‌ ആദരവും അനുഗ്രഹങ്ങളും കൊണ്ട്‌ പരീക്ഷിച്ചാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ ആദരിച്ചിരിക്കുന്നു’ എന്ന്; എന്നാൽ അവൻ (അല്ലാഹു) അവന്റെ ജീവിതം കുടുസ്സാക്കിയാൽ അവൻ പറയും: ‘എന്റെ റബ്ബ്‌ എന്നെ നിന്ദിച്ചിരിക്കുന്നു’ എന്ന്” (ഖുർആൻ 89: 15-16)


    അല്ലാഹു ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്ത്‌ നൽകും. അവൻ ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും അവൻ സമ്പത്തിൽ കുറവും വരുത്തും. ഇവിടെ സമ്പത്തുള്ളവൻ അതിനു നന്ദി (അല്ലാഹുവിനോട്‌) കാണിക്കുകയും ഇല്ലാത്തവൻ അതിൽ ക്ഷമിക്കുകയുമാണു വേണ്ടത്‌ എന്നത്രെ ഈ വചനത്തിന്റെ വ്യാഖ്യാനം.




    മൌലിദ്- പ്രമാണവും പാരമ്പര്യവും