ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • ആരാണു 'അന്ധമായ തഖ്ലീദ്‌ ' ചെയ്യുന്നവർ?







    ********************************************************************************
    ഇസ്‌ലാം ആദർശപരവും (അഖീദ) അനുഷ്ടാനപരവു(അമലിയ്യ)മായ നിയമങ്ങൾ (അഹ്‌കാം) അടങ്ങിയതാണ്. അഖീദകൾ "ഉസൂലുദ്ദീൻ" എന്നും അനുഷ്ടാനിയമങ്ങൾ "ഫുറൂഉദ്ദീൻ" എന്നും പറയപ്പെടുന്നു. ആറു ഈമാൻ കാര്യങ്ങൾ അഖീദയ്ക്കും അഞ്ചു ഇസ്‌ലാം കാര്യങ്ങൾ അമലിയ്യാത്തിനും ഉദാഹരണങ്ങളാണ്.

    അഖീദകളിൽ കേവല തഖ്ലീദ് (അനുധാവനം) മതിയാവുകയില്ല. ചെറിയ വിധത്തിലെങ്കിലും (إجمالي) ബോധ്യപ്പെട്ടു വിശ്വസിക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ കുറ്റക്കാരനാകും എന്നാണ് പ്രബലം. കുറ്റമില്ല എന്ന അഭിപ്രായവുമുണ്ട്.

    എന്നാൽ ഇസ്‌ലാമിന്റെ ശാഖാപരമായ അമലിയ്യാത്തുകൾ രണ്ടു വീതമുണ്ട്. ഒന്ന്, പ്രമാണം സുസ്ഥിരപ്പെട്ടതും സുവ്യക്തവുമായത് (نص). രണ്ട്, പ്രമാണം സുവ്യക്തമല്ലാത്തതിനാൽ പല വ്യാഖ്യാനങ്ങൾക്ക് ഇടംനൽകുന്നത്.

    ഉദാ:- വെള്ളമില്ലെങ്കിൽ തയമ്മും ചെയ്യണം എന്നത് വ്യക്തമാണ്. എന്നാൽ തയമ്മും ചെയ്തു നിസ്കരിക്കുന്നതിനിടയിലോ ശേഷമോ വെള്ളം ലഭിച്ചാൽ നിസ്കാരം മടക്കണമോ എന്നത് ബഹുവ്യാഖ്യാനപരമാണ്. നിൽക്കാൻ കഴിയാത്തവൻ ഇരുന്നു നിസ്കരിക്കണം എന്നത് വ്യക്തമാണ്. എന്നാൽ മുട്ടുവളയാത്തവൻ സുജൂദിന് എന്തു ചെയ്യണമെന്നതിന് വ്യക്തമായ പ്രമാണമില്ല.

    പല വ്യാഖ്യാനങ്ങൾക്ക് ഇടം നൽകുന്ന അനേകായിരം ഫുറൂഈ വിഷയങ്ങളിൽ മുജ്തഹിദ് (അങ്ങേയറ്റത്തെ പരിശ്രമത്തിലൂടെ മതവിധി കണ്ടെത്താൻ യോഗ്യതയുള്ള ഇമാം) തന്റെ ഉസൂൽ (നിദാന നിയമങ്ങൾ) വച്ചു വിധി കണ്ടെത്തുന്നു. അത്തരം മുജ്തഹിദിന്  ഖുർആനും ഹദീസും മറ്റു ഇൽമുകളും ഉണ്ടായാൽ പോര. അവയിൽ നിന്ന് മതവിധി കണ്ടെത്താൻ വേണ്ട നിദാന ശാസ്ത്രം (ഉസൂലുൽ ഫിഖ്ഹ്) കൂടി സ്വതന്ത്രമായി ഉണ്ടാവണം.

    ഖുർആനും ലഭ്യമായ ഹദീസുകളും എല്ലാ മുജ്തഹിദുകൾക്കും ഒന്നുതന്നെയാണ്. പക്ഷേ അവരുടെ ഉസൂലുകളിലെ വൈവിദ്ധ്യം അല്ലെങ്കിൽ വൈജാത്യം പലപ്പോഴും അവരെ ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാക്കുന്നു.

    വിത്ർ നിസ്കാരം വാജിബ് (നിർബന്ധം) എന്ന് ഹനഫി മദ്ഹബ്. സുന്നത്തെന്ന് ശാഫിഈ മദ്ഹബ്. ഒരേ ഹദീസുകളെ രണ്ടു നിലയ്ക്ക് വ്യാഖ്യാനിക്കുന്നതാണിത്. അല്ലാതെ ഒരു കൂട്ടർക്ക് ഹദീസ് കിട്ടി. മറ്റേ കൂട്ടർക്ക് കിട്ടിയില്ല. കിട്ടാത്തവർ തെളിവില്ലാതെ തോന്നിവാസം പറഞ്ഞുവെന്നല്ല.

    ഇപ്രകാരം വ്യത്യസ്ത അഭിപ്രായത്തിലേക്കെത്തിച്ചേക്കുന്ന ഈ ഇജ്തിഹാദിനാണ് ഖിയാസ് എന്നു പറയുക. والاجتهاد القياس (ഇജ്തിഹാദെന്നാൽ ഖിയാസ് അഥവാ വ്യക്തമാക്കപ്പെട്ടതിനോട് വ്യക്തമാക്കപ്പെടാത്തതിനെ തുലനം ചെയ്യുകയോ ചേർത്തുകയോ ഉൾപ്പെടുത്തുകയോ ചെയ്യുക) എന്ന് ഇമാം ശാഫിഈ (റ) പറഞ്ഞതു കാണാം. الفقه فرق وجمع (കർമ്മശാസ്ത്രമെന്നാൽ വിവേചിക്കലും സംയോജിപ്പിക്കലു)മാണെന്ന് ഉലമാക്കൾ പറഞ്ഞതും ഇതാണ്.

    ചിലപ്പോൾ ഒരേ കാലത്തുള്ള എല്ലാ മുജ്തഹിദുകളുടെയും അഭിപ്രായങ്ങൾ ഒന്നായിവരും. അതാണു ഇജ്മാഅ' എന്നറിയപ്പെടുന്നത്. ഇജ്മാഅ' ഖണ്ഢിത പ്രമാണമാണ്. ഉദാ:- മൂന്നു തലാഖ് ഒരുമിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കും എന്ന വിധി ഇജ്മാഉള്ള മസ്അലയാണ്. തറാവീഹ് നിസ്കാരം ഇരുപത് റക്അതുണ്ടെന്നതും ഇജ്മാആണ്.

    ഇജ്മാഇനു വിരുദ്ധമാകൽ ഹറാമാണ്. ബഹുജനങ്ങൾക്ക് പോലും അനിഷേധ്യമായി അറിയുന്നതാണെങ്കിൽ കുഫ്‌റുമാണ്. ശിയാക്കളും വഹ്ഹാബികളും മേൽ ഉദാഹരണങ്ങളിലും മറ്റു അനേക ഇജ്മാഉകളിലും ഉമ്മത്തിന്നെതിരാണ്.

    ഇജ്തിഹാദിന് യോഗ്യതയില്ലാത്തവരാണ് عوام 'സാധാരണക്കാർ'. സാധാരണക്കാർ ഖുർആനോ ഹദീസോ നേരിട്ട് ഗവേഷണം ചെയ്യാൻ പാടില്ല. അവർ അർഹരാണെന്ന് ഉത്തമബോധ്യമുള്ള ഇമാമുമാരെ തഖ്ലീദ് ചെയ്യണം. ഇതു അല്ലാഹുവും റസൂലും കല്പിച്ചതും സഹാബത്ത് മുതൽ മുസ്‌ലിം ഉമ്മത്ത് പ്രാവർത്തികമാക്കിയതുമാണ്.

    നിസ്കരിക്കുമ്പോൾ ഖിബ്‌ലയ്ക്കു മുന്നിടണമല്ലോ. എന്നാൽ കണ്ണിനു കാഴ്ചയില്ലാത്തവനോ വിദൂരനാട്ടിലുള്ള ഖിബ്‌ല നിർണ്ണയവിദ്യ അറിയാത്തവനോ എന്തുചെയ്യണം? അവർ കാഴ്ചയുള്ളവനെയോ ഖിബ്‌ല അറിയുന്നവനെയോ അനുധാവനം (തഖ്ലീദ്) ചെയ്യണം.
    ഇമാം ശാഫിഈ (റ) സാധാരണക്കാർ തഖ്ലീദ് ചെയ്യണം എന്ന നിയമം വിശദീകരിക്കുവാൻ  ഇക്കാര്യം രേഖയാക്കുന്നു.

     അതിനാൽ ഈ തഖ്ലീദ് 'അന്ധമായ' തഖ്ലീദല്ല. മറിച്ചു, ഉത്തമ ബോധ്യത്തോടുകൂടിയുള്ള തഖ്ലീദാണ്. മുസ്‌ലിം ഉമ്മത്ത് ഇജ്മാആയ തഖ്‌ലീദാണിത്.

    എന്നാൽ വഹ്ഹാബി, മൗദൂദിയാദികൾ ഇതിനെ 'അന്ധമായ തഖ്ലീദ്' എന്നു പരിഹസിക്കുന്നു. യഥാർത്ഥത്തിൽ അവർ അല്ലാഹുവിനെയും റസൂലിനെയും മുസ്‌ലിം ഉമ്മത്തിനെയുമല്ലേ പരിഹസിക്കുന്നത്?

    യഥാർത്ഥത്തിൽ ആരാണു അന്ധമായ തഖ്ലീദുകാർ? നമ്മുടെ നാട്ടിലെ ഒരു ശരാശരി വഹ്ഹാബി, മൗദൂദിയെ  എടുത്തുനോക്കൂ. അവർക്കു ഖുർആനോ ഹദീസോ നേരാംവണ്ണം ഒന്നോതാൻ പോലും അറിയില്ല. നിസ്കാരത്തിന്റെ ശർത്തുഫർളുകൾ പോലുള്ള പ്രാഥമിക അറിവു പോലുമില്ല. അറിവില്ല എന്നറിവുമില്ല.

    ഒരിക്കൽ ഇത്തരത്തിലുള്ള ഒരു വഹ്‌ഹാബിയുമായി ഈയുള്ളവൻ ഒരു തർക്ക വിഷയം സംസാരിക്കുകയായിരുന്നു. അവൻ എന്നോട് ഖുർആൻ വാക്യം ചോദിച്ചു. ഞാൻ ആയത്ത് ഓതിക്കൊടുത്തു. അപ്പോൾ ചോദിച്ചു. തഫ്സീറുണ്ടോ? ഞാൻ തഫ്സീർ കൊടുത്തു. ഉടനെ ചോദിച്ചു. തഫ്‌സീറിനു സനദുണ്ടോ? സനദും നൽകി. അപ്പോൾ ചോദിച്ചു. ഏതെങ്കിലും ഇമാം അങ്ങനെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടോ? ഞാൻ ഇമാമിന്റെ ഉദ്ധരണിയും കൊടുത്തു. അപ്പോൾ അവൻ പറയുകയാണ്: "ഞാൻ മൗലവിയോട് ചോദിക്കട്ടെ" എന്ന്!!

    കണ്ടില്ലേ, സുന്നികൾ യോഗ്യരെന്ന് ഉത്തമ ബോധ്യമുള്ള ഇമാമുമാരായ അബൂ ഹനീഫ, മാലിക്, ശാഫിഈ, അഹ്‌മദ്‌ (റ) പോലുള്ള വിജ്ഞാന സാഗരങ്ങളായ മഹാജ്ഞാനികളെ തഖ്ലീദ് ചെയ്യുമ്പോൾ വഹ്ഹാബീ - മൗദൂദീ വിഭാഗക്കാർ തീർത്തും അനർഹരായ മൗലവിമാരെയല്ലേ തഖ്ലീദ് ചെയ്യുന്നത്? അതല്ലേ അന്ധമായ തഖ്ലീദ്?

    എം.ടി. അബൂബക്കർ ദാരിമി

    No comments:

    Post a Comment