ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • പ്രാർത്ഥനയിലൂടെയാണോ ദൈവത്തെ കണ്ടത്തേണ്ടത്?


    ഇസ്ലാമും യുക്തിവാദവും.

    ഞാൻ വിളിച്ചു പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല, ഇന്ന അമ്പലത്തിൽ/ പള്ളിയിൽ/ ചർച്ചിൽ പോയി പ്രാർത്ഥിച്ചപ്പോഴാണ് കാലങ്ങളായ എൻറെ ആഗ്രഹം സഫലീകരിക്കപ്പെട്ടത്". "ഇന്ന വഴിപാടു നേർന്നപ്പോഴാണ് വർഷങ്ങളായി കുട്ടികളില്ലാത്ത ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായത്"... നമ്മുടെ സമൂഹത്തിലെ ചില ഈശ്വര വിശ്വാസികളിൽ നിന്നും നമ്മൾ സാധാരണ കേട്ടു വരാറുള്ള ചില വിശ്വാസ പ്രഖ്യാപനങ്ങൾ ആണിവ.
    നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടാണോ നമ്മൾ ദൈവത്തെ കണ്ടെത്തേണ്ടത്?


    നാം ഒരാളോട് പ്രാർത്ഥിക്കുകയും പ്രാർത്ഥനയിൽ നാം ഉദ്ദേശിച്ച കാര്യം സഫലമാവുകയും ചെയ്തു എന്നു വന്നാൽ പോലും നാം പ്രാർത്ഥിച്ചത് യഥാർത്ഥ ദൈവത്തോടാണ് എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. പ്രാർത്ഥനക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണ്. എന്നാൽ ഏകനായ ദൈവത്തെ കൂടാതെ മറ്റൊരാളെ വിളിച്ച് പ്രാർത്ഥിക്കുകയും ആവശ്യം സഫലീകരിക്കപ്പെടുകയും ചെയ്താൽ തന്നെ ആരെ വിളിച്ചാണോ പ്രാർത്ഥിച്ചത് അവരാണ് എനിക്ക് ഉത്തരം നൽകിയത് എന്ന ധാരണ അബദ്ധമാണ്.


    ഉദാഹരണത്തിന് നാം യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ഒരു കല്ലിനോട് പ്രാർത്ഥിക്കുന്നു എന്ന് കരുതുക, കല്ലിനോട് നാം ആവശ്യപ്പെട്ട കാര്യം പൂർത്തീകരിക്കപ്പെട്ടു എന്നു വരാം. അത് വെറും യാദൃശ്ചികമായ ഒരു സംഭവം മാത്രമാണ്. നമ്മുടെ ജീവിത വ്യവഹാരത്തിൽ നാം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഏതൊന്നും നടത്തിത്തരുന്നത് നമ്മുടെ സൃഷ്ടാവായ ദൈവം മാത്രമാണ്. നാം ആരെയൊക്കെ വിളിച്ച് പ്രാർത്ഥിച്ചതാണെങ്കിലും അത് സഫലമാവുന്നത് ഏകനായ ദൈവത്തിന്റെ കൃപകൊണ്ടു മാത്രമാണ്.


    അതേ സമയം സാക്ഷാൽ ദൈവത്തോട് തന്നെയാണ് നമ്മൾ പ്രാർഥിച്ചത് എങ്കിലും അത് ഉടനടി ഉത്തരം നല്കപ്പെടണം എന്നുമില്ല. ദൈവം വ്യത്യസ്തമായാണ് പ്രാർത്ഥനയെ സമീപിക്കുന്നത്. ദൈവത്തോട് ചോദിച്ചത് നൽകുകയും ചിലപ്പോൾ അതിനേക്കാൾ നന്മ ഉദ്ദേശിച്ചു കൊണ്ട് നൽകാതിരിക്കുകയും ചെയ്യും. ചിലപ്പോൾ ചോദിക്കാതെ തന്നെ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. ഇത്തരത്തിൽ എന്ത് സംഭവിക്കുന്നതും ദൈവിക പരീക്ഷണത്തിന്റെ ഭാഗമാണ്. തന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചത് ഇന്നയാളോട് പ്രാർത്ഥിച്ചപ്പോഴാണ് എന്ന് കരുതി അയാളാണ് ദൈവം എന്ന് മനസ്സിലാക്കുന്നത് ശരിയല്ല. അപ്രകാരം ദൈവത്തെ കണ്ടെത്തുന്നത് തെറ്റാണ്. കാരണം, അവരോട് പ്രാർത്ഥിച്ചതുകൊണ്ടാണ് തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടതെങ്കിൽ അവരെ വിളിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടേയും പ്രാർത്ഥനകൾ എന്തുകൊണ്ട് സഫലമാവുന്നില്ല?


    അത്കൊണ്ട് തന്നെ ദൈവത്തെ അന്വേഷിക്കേണ്ടത് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്നുണ്ടോ എന്ന് നോക്കിയല്ല, മറിച്ചു മുൻ ഭാഗങ്ങളിൽ പറഞ്ഞ പോലെ നമ്മുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് നമ്മുടെ ചുറ്റുമുള്ള അനേകായിരം ദൃഷ്ടാന്തങ്ങളിലൂടെയാണ് സൃഷ്ടാവിനെ കണ്ടത്തേണ്ടത് എന്നാണു ഇസ്‌ലാമിന്റെ വീക്ഷണം.


    No comments:

    Post a Comment