ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • സൃഷ്ടാവിന്‍റെ സൃഷ്ടി വൈഭവത്തിന് മുന്നിൽ അടി പതറുന്ന യുക്തി വാദം..


    സർവ്വ ശക്തനും സർവ്വാധിപനും പ്രപഞ്ച സൃഷ്ടാവുമായ ദൈവം എന്നൊരുവൻ  ഇല്ല എന്ന് വാദിക്കുന്ന അൽപ ബുദ്ധികളോട് ചിലത് പറയട്ടെ..

    ഇന്ന് ഭൂമിയിൽ ഏതാണ്ട് 750 കോടി മനുഷ്യർ അതിവസിക്കുന്നുണ്ട്. ഈ മനുഷ്യരുടെയെല്ലാം രൂപ ഘടന ഒരേ രീതിയിൽതന്നെയാണ്.

    രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.

    മനുഷ്യ മുഖത്തിൻറ്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.

    ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത്  രണ്ട് കണ്ണുകളും ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങ്ങളുമാണുള്ളത്.

    എന്നാൽ, വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ, ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും മുഖങ്ങളെ വ്യത്യസ്തമായ രീതിയിൽ പടച്ച സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങിനെയാണ് വിലയിരുത്താനാവുക.

    അപ്പോൾ, നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ എങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.

    അതോടൊപ്പം ഒരേ മാതാപിതാക്കൾക്കൾക്ക് ജനിക്കുന്ന, ഒരേ മാതാവിൻറ്റെ ഗർഭപാത്രത്തിൽ നിന്നും ഓരോ വട്ടവും പുറത്തു വരുന്ന അവരുടെ സന്താനങ്ങൾ രൂപത്തിലും ഭാവത്തിലുമെല്ലാം വളരെയധികം വ്യത്യസ്തത പുലർത്തുന്നതിൽ നിന്നും മനുഷ്യ ബുദ്ധിയുടെ ഏതളവുകോലുകൾ വെച്ചു കൊണ്ടു പോലും നിർവ്വചിക്കാൻ മനുഷ്യർ അശക്തനാണ് എന്ന് തിരിച്ചറിവിലേക്ക് നിസ്സഹായനായി നാം എത്തിച്ചേരുക തന്നെ ചെയ്യും.

    മാത്രമല്ല, ആ മനുഷ്യൻറ്റെ മുഖത്തെ രണ്ട് ചുണ്ടുകൾക്കിടയിൽ നിന്നും വരുന്ന രൂപമില്ലാത്ത ശബ്ദം എന്ന പ്രതിഭാസത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ചപ്പോൾ ആ സൃഷ്ടി വൈഭവത്തെ നമിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് പറയാനില്ല.

    വെറും ശബ്ദത്തിൽ കൂടി മാത്രം നമുക്ക് ആ ശബ്ദത്തിനുടമയെ മനസ്സിലാക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്. ഫോണെടുത്ത് ഹലോ എന്ന പദം കേൾക്കുന്ന മാത്രയിൽ തന്നെ നാം അതാരാണ് എന്ന് മനസ്സിലാക്കുന്നതും സിനിമയിലും ടിവി യിലുമെല്ലാം നോക്കാതെ തന്നെ നടീ നടന്മാരേയും വാർത്താ വായനക്കാരേയുമെല്ലാം നാം തിരിച്ചറിയുന്നത് അരുപിയായ ശബ്ദത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ച സൃഷ്ടാവിൻറ്റെ സമാനതകളില്ലാത്ത സൃഷ്ടി വൈഭവം കൊണ്ട് മാത്രമാണ്.

    ഇനി നമുക്ക് മനുഷ്യൻറ്റെ കാൽപാദങ്ങളെയെടുക്കാം.

    ഇന്ന് നാം ധരിക്കുന്ന പാദരക്ഷകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ബ്രാൻഡ് എടുക്കുക.

    അത് ധരിച്ച് എത്ര നാൾ നമുക്ക് സഞ്ചരിക്കാൻ സാധിക്കും. ഏറ്റവും കൂടിയാൽ ഒരു രണ്ടോ മൂന്നോ വർഷം. അപ്പോഴേക്കും അതിന്റെ അടി ഭാഗം തേഞു തീരാറായിട്ടുണ്ടാകും. സൈഡുഭാഗങ്ങൾ കീറി തുടങ്ങിയിട്ടുണ്ടാകും. 

    എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കാൽ പാദങ്ങൾ എത്രയോ വർഷങ്ങളാണ് നാം ഉപയോഗിക്കുന്നത്. നൂറു വർഷം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ ആ കാൽപാദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.

    നമ്മുടെ പൂർവ്വികന്മാർ നഗ്നപാദരായാണ് പുരാതന കാലഘട്ടങ്ങളിൽ കുന്നുകളും മലകളും പാറക്കൂട്ടങ്ങളുമെല്ലാം താണ്ടി അതേ കാൽപാദങ്ങൾ കൊണ്ട് തന്നെയാണ് സംവത്സരങ്ങൾ നടന്നു കയറിയത് .

    അതേപോലെ നാം ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഏറ്റവും ദൃഢമായ സ്റ്റീൽ ലോഹത്തിൽ പണിതിട്ടുളള തവികൾ.  

    എത്ര വട്ടം നാമത് മാറ്റി പുതുതായി വാങ്ങിയിരിക്കുന്നു. 

    എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കൈകൾ നൂറു വർഷം ജീവിക്കുന്ന വ്യക്തി ജീവിതത്തിൽ ഒരിക്കൽ പോലും മാറ്റുന്നില്ല. മാറ്റേണ്ടതായി വരുന്നില്ല. എത്രയോ കഠിനമായ വേലകൾ വരെ ഒരു മനുഷ്യായുസ്സിൽ നാം നമ്മുടെ കരങ്ങൾ കൊണ്ട് ചെയ്തു തീർക്കുന്നു. 

    അതേപോലെ, നാം ഷോപ്പിംഗ് മോളുകളിലും വലിയ റെസ്റ്റോറന്റുകളിലും പോകുമ്പോൾ കാണുന്ന രണ്ട് കാഴ്ചകളാണ് ഒന്ന് നാം നടന്ന് ചെല്ലുമ്പോൾ താനേ തുറക്കുന്ന ഗ്ളാസ് ഡോറുകൾ. അതേപോലെ കൈനീട്ടുമ്പോൾ താനേ ടാപ്പിൽ നിന്നും വെള്ളം വരുന്ന സെൻസർ ടാപ്പുകൾ.

    ആധുനിക ടെക്നോളജിയുടെ കണ്ടു പിടുത്തമായ അത്തരം കാഴ്ചകൾ നാം അത്ഭുതത്തോടെ നോക്കി കാണുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രത്തിൻറ്റെ കഴിവിൻറ്റെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു.

    എന്നാൽ ഇതിനേക്കാൾ വലിയ സെൻസറിങ് സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെ വ്യവസ്ഥാപിതമായി നമ്മുടെ സൃഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. പക്ഷേ അത് കാണാനോ അതേക്കുറിച്ച് ചിന്തിക്കാനോ നമുക്ക് കഴിയുന്നില്ല. 

    നമ്മുടെ കണ്ണുകളെടുക്കുക. എത്ര വേഗതയിൽ ശരം കണക്കെ നമ്മുടെ കണ്ണിനു നേരെ ഏതൊരു വസ്തു പാഞ്ഞടുത്താലും നിമിഷാർദ്ധം കൊണ്ട് ലോകത്തെ ഒരു സെൻസറിങിനും സാധിക്കാത്ത വേഗത്തിൽ കൺപോളകൾ അടച്ച് നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു.

    അതേപോലെ, നാം മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക.  

    നാം ബാത്ത് റൂമിൽ കയറി മൂത്രം ഒഴിവാക്കാൻ ഉദ്യേശിച്ചാൽ ആ സെക്കന്റിൽ മൂത്ര നാളം തുറക്കുന്നു. അത് കഴിഞ്ഞാൽ മൂത്ര നാളി അടയുന്നു.

    അതേപോലെ മലവിസർജ്ജനവും. ആരും അതിനു വേണ്ടി മലമൂത്ര ദ്വാരങ്ങളിൽ ഒരു അടപ്പും സ്ഥാപിച്ചിട്ടില്ല. ആവശ്യം വരുമ്പോൾ തുറക്കാനും ആവശ്യം കഴിയുമ്പോൾ അടക്കാനും.

    യാതൊരു തരത്തിലുള്ള യന്ത്ര സഹായത്തോടെയോ വൈദ്യുതി സെൻസറിങ് സഹായദത്തോടെയോ അല്ല അത്തരം പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ നടക്കുന്നത്. 

    ഇന്ന് ശാസ്ത്രം കണ്ടു പിടിച്ച ഈ സെൻസറിങ് ടെക്നോളജി യുഗയുഗാന്തരങ്ങൾക്ക് മുമ്പ് ആദിമ മനുഷ്യ സൃഷ്ടിയിൽ മുതൽ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാക്കാതെ ഇന്നും ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങളിലും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.

    എന്നാൽ അതേക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയുന്നില്ല.  മനുഷ്യരുടെ കണ്ടുപിടുത്തങ്ങളെ  കുറിച്ച് ഊറ്റംകൊള്ളുന്ന നാം മനുഷ്യനെന്ന അത്ഭുത സൃഷ്ടിയെ സൃഷ്ടിച്ച സൃഷ്ടാവിൻറ്റെ കരവിരുതുകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നത് വിരോധാഭാസം എന്നല്ലാതെ മറ്റെന്താണ് പറയുക.

    മനുഷ്യ സൃഷ്ടിയുടെ ബാഹ്യമായ, നമുക്ക് നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനും ചെവികൾ കൊണ്ട് കേൾക്കാനും സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചത്.

    ഇതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അത്ഭുതങ്ങളുടെ കലവറയാണ് മനുഷ്യ ശരീരത്തിലെ ആന്തരീക പ്രവർത്തനങ്ങൾ.

    ഇവകളെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ദൈവമില്ല എന്ന് വാദിക്കുന്ന യുക്തിക്ക് വാദം പിടിച്ചവർ ഉത്തരം മുട്ടുന്നു.

    ഇതേക്കുറിച്ചെല്ലാം യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുമ്പോൾ, സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തിന് മുന്നിൽ സൃഷ്ടികളായ നാം തല കുനിക്കുക തന്നെ ചെയ്യും. അതാണ് അർത്ഥ പൂർണ്ണമായ യഥാർത്ഥ സുജൂദ്.

    സത്യം മനസ്സിലാക്കാനും പരസ്പരം സ്നേഹിക്കാനും അല്ലാഹു  അനുഗ്രഹിക്കട്ടെ!!



    No comments:

    Post a Comment